Puzhu teaser : മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ 'പുഴു'വിന്‍റെ ടീസര്‍ വൈറലാവുന്നു. പ്രേക്ഷകരെ ആകാംക്ഷയിലാഴ്‌ത്തുന്ന സസ്‌പന്‍സ് നിറച്ച ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഒരു മികച്ച ക്രൈം ത്രില്ലര്‍ ചിത്രമാകും 'പുഴു' എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
Crime thriller Puzhu : മമ്മൂട്ടിയും ഒരു കുട്ടിയും തമ്മിലുള്ള സംഭാഷണമാണ് 58 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ ദൃശ്യമാകുന്നത്. 'നമ്മുക്കുള്ളത് നമ്മള്‍ മറ്റുള്ളവരുമായി പങ്കുവയ്‌ക്കണം.. നല്ലതാണ്.. അപ്പോഴാണ് നല്ല മനുഷ്യരാവുന്നത്.. പക്ഷേ അവര്‍ തരുന്നത് നമ്മള്‍ വാങ്ങണമെന്നില്ല.. കിച്ചുവിന് അതിന്‍റെ ആവശ്യമില്ലല്ലോ.. അല്ലേ..' - ഇപ്രകാരം മമ്മൂട്ടിയുടെ കഥാപാത്രം മകന്‍ കിച്ചുവിനോട് സംസാരിക്കുന്നതാണ് ടീസര്‍. ഭീഷണിയുടെ സ്വരത്തിലുള്ള മമ്മൂട്ടിയുടെ ഉപദേശവും മകന്‍റെ പ്രതിഷേധവും 'പുഴു'വിനെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകള്‍ കൂട്ടുന്നു..
ദുല്‍ഖര്‍ സല്‍മാന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തു വിട്ടത്. ടീസറിന് മികച്ച സ്വീകാര്യതയാണ് ഇതിനോടകം തന്നെ ലഭിച്ചിരിക്കുന്നത്. ഒരു മില്യണിലധികം കാഴ്‌ചക്കാരാണ് ഇതുവരെ 'പുഴു'വിന്‍റെ ടീസര്‍ കണ്ടിരിക്കുന്നത്. 14,38,736 പേരുമായി യൂട്യൂബില്‍ ടീസര്‍ മുന്നേറുകയാണ്.