ടിക്‌ടോക്കിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിച്ച കുഞ്ഞുതാരമാണ് ആവര്‍ത്തന. കൊവിഡ് മഹാമാരിക്കാലത്ത്, മുന്‍ ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ നിയമസഭയില്‍ നടത്തിയ തീപ്പൊരി പ്രസംഗം അവതരിപ്പിച്ച് ഏഴ് വയസ്സുകാരി കൈയ്യടി നേടിയിരുന്നു.
സാരിയും കണ്ണടയും ധരിച്ച് ശൈലജ ടീച്ചറായി തകര്‍ത്തഭിനയിച്ച ആവര്‍ത്തന ഇപ്പോഴിതാ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ അനുകരിച്ച് ശ്രദ്ധയാകര്‍ഷിക്കുകയാണ്. 2000ല്‍ മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹം എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയ മമ്മൂട്ടിയുടെ നന്ദഗോപാല്‍ മാരാര്‍ എന്ന കഥാപാത്രത്തെയാണ് ആവര്‍ത്തന ഡബ്‌സ്മാഷ് ചെയ്തിരിക്കുന്നത്.
ചിത്രത്തില്‍ മമ്മൂട്ടി വക്കീല്‍ വേഷത്തിലെത്തുന്ന പോലെ ഡബ്‌സ്മാഷിലും വക്കീല്‍ വേഷം അണിഞ്ഞാണ് ആവര്‍ത്തന അനുകരിച്ചിരിക്കുന്നത്.
Also Read:ആര്യ 3ല്‍ അല്ലു അര്‍ജുന് പകരം വിജയ് ദേവരക്കൊണ്ടയോ ? ; 'നായകമാറ്റ'ത്തില്‍ ചര്‍ച്ച
ഇന്‍സ്‌റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി വീഡിയോ പങ്കുവയ്‌ക്കുകയായിരുന്നു. വീഡിയോ പങ്കുവച്ച് നിമിഷ നേരം കൊണ്ട് തന്നെ അഭിനന്ദനപ്രവാഹമാണ് ആവര്‍ത്തനയെ തേടിയെത്തിയത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ ആവര്‍ത്തനയെ അഭിനന്ദിച്ച് മമ്മൂട്ടിയും രംഗത്തെത്തി. ശബ്‌ദ സന്ദേശത്തിലൂടെയാണ് ആവര്‍ത്തനയെ മമ്മൂട്ടി അഭിനന്ദനം അറിയിച്ചത്.
'ആവര്‍ത്തന, വളരെ നന്നായിട്ടുണ്ട്. വീണ്ടും ആവര്‍ത്തിക്കാം. സ്വന്തമായും നല്ല അഭിനയം കാഴ്ചവയ്ക്കണം. നല്ല ഒരു നടിയായി മാറട്ടെ. അതിനുള്ളില്‍ പഠിത്തമൊക്കെ പാസായി അഭിനയം അല്ലാതെ മറ്റൊരു തൊഴില്‍ കണ്ടെത്തുക. അതിന് ശേഷം അഭിനയം തൊഴിലാക്കുക' - ഇപ്രകാരമായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍.
മമ്മൂട്ടിയുടെ ഈ അഭിനന്ദനത്തിന് ആവര്‍ത്തനയും തിരിച്ച് നന്ദി അറിയിച്ചു. നടന്‍റെ ശബ്‌ദ സന്ദേശം ലഭിച്ചതിന്‍റെ സന്തോഷത്തിലാണിപ്പോള്‍ ഏഴ് വയസ്സുകാരി.