ദേശീയ അവാർഡ് പുരസ്‌കാര ജേതാവും പ്രശസ്‌ത കോസ്റ്റ്യൂം ഡിസൈനറുമായ നടരാജന് ആദരാഞ്‌ജലി അർപ്പിച്ച് മമ്മൂട്ടി. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് കരസ്ഥമാക്കിയ കലാകാരനാണ് നടരാജൻ.
ചൊവ്വാഴ്‌ച വൈകിട്ട് ചെന്നൈയിൽവച്ചായിരുന്നു അന്ത്യം. തെന്നിന്ത്യയിലെ പല ഭാഷകളിലായി 800ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രമുഖ സംവിധായകൻ ഹരിഹരന്‍റെ ചിത്രങ്ങളുടെ വസ്‌ത്രാലങ്കാരൻ എന്ന നിലയിൽ മലയാള ചലച്ചിത്ര പ്രേക്ഷകർക്ക് ഏറെ സുപരിചിതനായിരുന്നു.
Also Read: മോൻസണിന് പത്മശ്രീയെങ്കിലും നല്‍കിക്കൂടേ.... പരിഹസിച്ച് തമ്പി ആന്‍റണി
'പ്രഗത്ഭ കോസ്റ്റ്യൂം ഡിസൈനർ ആയിരുന്ന നടരാജൻ ചെന്നെയിൽ ഇന്നലെ വൈകിട്ട് 7 മണിക്ക് നിര്യാതനായി. പല ഭാഷകളിലായി എണ്ണൂറോളം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്‌ത സംവിധായകൻ ശ്രീ ഹരിഹരന്‍റെ ചിത്രങ്ങളാണ് കൂടുതലും. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്..' എന്ന് മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
അന്തരിച്ച,കൃഷ്‌ണമൂർത്തിയുടെ കലാസംവിധാനത്തിലും വസ്ത്രാലങ്കാര മേൽനോട്ടത്തിലും ആയിരുന്നു ‘ഒരു വടക്കൻ വീരഗാഥ’യിലെ ചമയങ്ങള്‍ പിറന്നത്. അതിനാൽ ദേശീയ പുരസ്‌കാരം രണ്ടുപേർക്കും അവകാശപ്പെട്ടതായി.
പഴശ്ശിരാജയിലൂടെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും കരസ്ഥമാക്കിയിട്ടുണ്ട്. സംവിധാനക്കൂട്ടായ്‌മയായ ഫെഫ്‌കയും നടരാജന്‍റെ വിയോഗത്തിൽ ആദരാഞ്‌ജലി അറിയിച്ചു.