ലോക്ക് ഡൗണിനും കൊവിഡിനും ശേഷം തിയേറ്റില്‍ എത്താന്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് ദി പ്രീസ്റ്റ്. ഫെബ്രുവരി ആദ്യ വാരത്തില്‍ സിനിമ റിലീസ് ചെയ്തേക്കും. ദിവസങ്ങള്‍ക്ക് മുമ്പ് സിനിമയുടെ ആദ്യ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ പ്രീസ്റ്റായുള്ള വേഷപകര്‍ച്ചയിലെ പുതിയ സ്റ്റില്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി. നീളന്‍ താടിയും കണ്ണടയും കൊന്തയും ഒരു ഹാന്‍ഡ് ബാഗും ധരിച്ച് കയ്യില്‍ ഒരു ദണ്ഡുമേന്തി കാര്‍ പാര്‍ക്കിങ് ഏരിയയില്‍ നില്‍ക്കുന്ന മമ്മൂട്ടിയാണ് ഫോട്ടോയിലുള്ളത്. ഏറെ സസ്പെന്‍സുകള്‍ നിറഞ്ഞതായിരിക്കും സിനിമയെന്ന് ടീസറില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു. പുതിയ സ്റ്റില്‍ കൂടി സിനിമയില്‍ നിന്ന് പുറത്തുവന്നതോടെ ഏറെ പ്രതീക്ഷയിലാണ് ആരാധകരും.
മഞ്ജുവാര്യര്‍, നിഖില വിമല്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയും ദി പ്രീസ്റ്റിനുണ്ട്. നവാഗതനായ ജോഫിന്‍.ടി.ചാക്കോയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും, ആര്‍.ഡി ഇലുമിനേഷന്‍സ് പ്രസന്‍സിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും ബി. ഉണ്ണികൃഷ്ണനും വി.എന്‍ ബാബുവും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ കഥ സംവിധായകന്‍റേത് തന്നെയാണ്. തിരക്കഥ, സംഭാഷണം ദീപു പ്രദീപ്, ശ്യാം മേനോന്‍ എന്നിവര്‍ നിര്‍വഹിച്ചിരിക്കുന്നു. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. ബി.കെ ഹരിനാരായണന്‍റെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുല്‍ രാജാണ്.