മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്‍റെ റിലീസിങ് തിയ്യതി പുറത്തുവിട്ടു. ഏറെ നാളത്തെ സിനിമാ പ്രേമികളുടെ കാത്തിരിപ്പിന് അവസാനം കുറിച്ചുകൊണ്ട് ചിത്രം മാര്‍ച്ച് നാലിന് തിയേറ്ററുകളിലെത്തും. കൊവിഡ് ബാധിതരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിച്ചതിനാല്‍ ആളുകള്‍ തിയേറ്ററുകളിലേക്ക് എത്തിക്കാന്‍ മടിക്കാണിക്കുന്നതിനാല്‍ റിലീസ് ചെയ്‌ത സിനിമകള്‍ക്ക് കാണികള്‍ കുറവാണ് ഈ സാഹചര്യത്തിലാണ് സിനിമയുടെ റിലീസ് ഫെബ്രുവരിയില്‍ നിന്നും മാര്‍ച്ചിലേക്ക് മാറ്റിയത്. നവാഗതനായ ജോഫിന്‍.ടി.ചാക്കോ സംവിധാനം ചെയ്‌ത ദി പ്രീസ്റ്റ് ത്രില്ലര്‍ ചിത്രമാണ്.
കുഞ്ഞിരാമായണത്തിന്‍റെ തിരക്കഥാകൃത്ത് ദീപു പ്രദീപും കോക്‌ടെയിൽ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് ശ്യാം മേനോനും ചേർന്നാണ് ദി പ്രീസ്റ്റിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം മഞ്ജുവാര്യര്‍ ആദ്യമായി അഭിനയിക്കുന്നു വെന്ന പ്രത്യേകതയും സിനിമയ്‌ക്കുണ്ട്. സാനിയ ഇയ്യപ്പന്‍, നിഖില വിമല്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും, ആര്‍.ഡി ഇലുമിനേഷന്‍സ് പ്രസന്‍സിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും ബി. ഉണ്ണികൃഷ്ണനും വി.എന്‍ ബാബുവും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്നു. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. ബി.കെ ഹരിനാരായണന്‍റെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുല്‍ രാജാണ്.