മലയാളത്തിലെ ബിഗ് 'എം'സ്, മമ്മൂട്ടിയും മോഹൻലാലും ചേർന്ന് പുറത്തുവിട്ട സർപ്രൈസ്. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ആസിഫ് അലി, അന്ന ബെന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം ഇരുവരും ഒരുമിച്ച് പ്രഖ്യാപിച്ചു. 'കാപ്പ' എന്ന ടൈറ്റിലിൽ ഒരുങ്ങുന്ന മലയാളചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടുകൊണ്ടായിരുന്നു പ്രഖ്യാപനം.
കേരളത്തിലെ കാപ്പ നിയമം അഥവാ ഗുണ്ട ആക്‌ടിനെ പുതുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്‍റലിജൻസിനോട് നിർദേശിച്ചു. അവർ കേരളം മുഴുവനുള്ള 2011 ഗുണ്ടകളുടെ ലിസ്റ്റ് ഉണ്ടാക്കിയെന്നും അതിലെ 237 പേർ തിരുവനന്തപുരത്തുള്ളവരായിരുന്നു... എന്നും പറഞ്ഞുകൊണ്ട് തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഒരു കൊമേഴ്‌സ്യല്‍ ഗാങ്സ്റ്റര്‍ മൂവിയാണ് കാപ്പയെന്ന സൂചനയാണ് മോഷൻ പോസ്റ്റർ പങ്കുവക്കുന്നത്.
തിരുവനന്തപുരം കേന്ദ്രീകരിച്ച് ഗാങ്‌സ്റ്റർ മൂവി
പോസ്റ്ററില്‍ പൃഥ്വിരാജ് ഗുണ്ടയുടെ ഗെറ്റപ്പിൽ എത്തുന്നു. കൂടാതെ ആസിഫ് അലിയും മഞ്ജു വാര്യരും അന്ന ബെന്നും മോഷൻ പോസ്റ്ററിൽ കടന്നുവരുന്നുണ്ട്. നടന്‍ നന്ദുവിന്‍റെ ശബ്‌ദവിവരണത്തിലാണ് വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റ്, തമ്പാനൂർ ബസ് സ്റ്റേഷൻ, പാളയം കന്നിമാറ മാർക്കറ്റ്, പദ്‌മനാഭസ്വാമി ക്ഷേത്രം, ബീമാപ്പള്ളി, കോവളം ബീച്ച് ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ഐക്കൺ പ്രദേശങ്ങളെയും മോഷൻ പോസ്റ്ററിൽ കാണിച്ചിട്ടുണ്ട്.
ജി.ആർ ഇന്ദുഗോപൻ എഴുതിയ 'ശംഖുമുഖി' എന്ന രചനയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വേണുവാണ്. സാനു ജോൺ വർഗീസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ മഹേഷ് നാരായണൻ ആണ്.
Also Read: ഈ ചില്ല് കൂട്ടില്‍ ഇരിക്കുന്നതെല്ലാം സവര്‍ണ്ണ പലഹാരങ്ങളാണോ..? ഉണ്ണി മുകുന്ദന്‍റെ പുതിയ ചിത്രം 'ഷെഫീക്കിന്‍റെ സന്തോഷം'
ജസ്റ്റിൻ വർഗീസ് സംഗീതസംവിധാനവും ദിലീപ് നാഥ് കലാസംവിധാനവും നിർവഹിക്കുന്നു. സമീറ സനീഷ് ആണ് വസ്‌ത്രാലങ്കാരം. തീയേറ്റർ ഓഫ് ഡ്രീംസ് എന്ന നിർമാണ കമ്പനിയുമായി ചേർന്ന് ഫെഫ്‍ക റൈറ്റേഴ്‌സ് യൂണിയൻ കാപ്പയിലൂടെ നിർമാണ പങ്കാളിയായി തുടക്കം കുറിക്കുന്നു.