ഓൺലൈൻ വിദ്യാഭ്യാസത്തിന് നിർധനരായ കുട്ടികൾക്ക് സ്‌മാർട്ട് ഫോണുകൾ ശേഖരിച്ച് വിദ്യാമൃതത്തിലൂടെ മെഗാസ്റ്റാർ മമ്മൂട്ടി സഹായമെത്തിച്ചിരുന്നു. ഇപ്പോഴിതാ ജീവാമൃതത്തിലൂടെ വാക്‌സിൻ വിതരണം ചെയ്‌ത് കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കും മാതൃകയാവുകയാണ് താരം.
സംസ്ഥാന സര്‍ക്കാരിന്‍റെ വാക്‌സിനേഷന്‍ ഡ്രൈവുകള്‍ക്ക് പുറമേ, 5000 പേര്‍ക്ക് ജീവാമൃതം പദ്ധതിയിലൂടെ വാക്‌സിന്‍ വിതരണം ചെയ്‌തു. വലപ്പാട് സിപി മുഹമ്മദ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള 'കെയര്‍ ആൻഡ് ഷെയര്‍' ഫൗണ്ടേഷനും ചേര്‍ന്നാണ് പദ്ധതി വിഭാവനം ചെയ്‌ത് നടപ്പിലാക്കിയത്.
സാധാരണക്കാര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുന്ന പദ്ധതിയെ കുറിച്ചുള്ള ആശയം ആദ്യം മുന്നോട്ട് വച്ചതും മമ്മൂട്ടിയായിരുന്നു. പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്‍റെ സമാപന സമ്മേളനം എം.വി ശ്രേയാംസ് കുമാര്‍ എംപി ഉദ്ഘാടനം ചെയ്‌തു.
സ്വന്തം സമ്പാദ്യം ഉപയോഗിച്ച് കഷ്‌ടപ്പെടുന്നവര്‍ക്ക് സഹായം നല്‍കാന്‍ മനസ് കാണിക്കുന്നവരാണ് യഥാർഥ സോഷ്യലിസ്റ്റുകൾ: എം.വി ശ്രേയാംസ് കുമാര്‍
കൊവിഡ് കാലത്തെ അതിജീവിക്കാന്‍ സാധാരണക്കാരെ സഹായിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മാതൃകയാണെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌തുകൊണ്ട് എം.വി ശ്രേയാംസ് കുമാര്‍ പറഞ്ഞു. സ്വന്തം സമ്പാദ്യം ഉപയോഗിച്ച് കഷ്‌ടപ്പെടുന്നവര്‍ക്ക് സഹായം നല്‍കാന്‍ മനസ് കാണിക്കുന്നവരാണ് യഥാർഥ സോഷ്യലിസ്റ്റുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടൻ സുരേഷ് കൃഷ്‌ണ ചടങ്ങിലെ മുഖ്യാതിഥിയായി.
More Read:വിദ്യാർഥികൾക്ക് സ്‌മാർട് ഫോൺ; മമ്മൂട്ടിയുടെ പദ്ധതിക്ക് തുടക്കമായി
വലപ്പാട്, എടത്തിരുത്തി, കയ്പ്പമംഗലം, പെരിഞ്ഞനം, മതിലകം, എടവിലങ്ങ്, എറിയാട് തുടങ്ങിയ പഞ്ചായത്ത് പരിധികളിലും, കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി പരിധിയിലുമുള്ള 5000 പേര്‍ക്കാണ് വാക്‌സിൻ നൽകിയത്. പത്ത് ദിവസം കൊണ്ടായിരുന്നു വാക്‌സിനേഷൻ.
ശനിയാഴ്‌ച എറണാകുളത്ത് ആലുവയിലും, തിങ്കളാഴ്‌ച എങ്ങണ്ടിയൂരിലും വാക്‌സിനേഷന്‍ ക്യാമ്പ് നടക്കും. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന വിദ്യാർഥികള്‍ക്കും, ഡ്രൈവര്‍മാര്‍ക്കും, കച്ചവട സ്ഥാപനങ്ങളിലും മറ്റും തൊഴില്‍ ചെയ്യുന്നവര്‍ക്കും ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രഥമ പരിഗണന്ന നല്‍കിയാണ് വാക്‌സിന്‍ ക്യാമ്പ് സംഘടിപ്പിച്ചത്.