നാല് പതിറ്റാണ്ടുകൾക്ക് ശേഷം ഒളിമ്പിക് ഹോക്കിയിൽ ഇന്ത്യ മെഡൽ നേട്ടം കൈവരിച്ച, ചരിത്രവിജയത്തിൽ നിർണായകസാന്നിധ്യമായിരുന്നു പി.ആർ ശ്രീജേഷ്. ഗോളാക്കാനുള്ള എതിരാളികളുടെ മുന്നേറ്റങ്ങളെ ചെറുത്തുനിന്ന് വന്‍മതിലായി മലയാളി താരം ശ്രീജേഷ്.
ഇന്ത്യയുടെ യശസ്സുയർത്തിയ വെങ്കലപ്പോരാട്ടത്തിലെ വിജയശിൽപ്പിയെ നേരിട്ട് വീട്ടിലെത്തി അഭിനന്ദിച്ചിരിക്കുകയാണ് മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടി. നിർമാതാവ് ആന്‍റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവർക്കൊപ്പമാണ് വ്യാഴാഴ്‌ച രാവിലെ മമ്മൂട്ടി കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടിലെത്തിയത്.
ഒളിമ്പിക്‌സിൽ പോലും എനിക്ക് വിറയൽ ഉണ്ടായിരുന്നില്ല
ഹൃദയംഗമമായ അഭിനന്ദനത്തിന് ശേഷം ഒരു പൂക്കൂടയും ഇന്ത്യൻ ഹോക്കിയുടെ വൻമതിലിന് മമ്മൂട്ടി സമ്മാനിച്ചു. അപ്രതീക്ഷിതമായി വീട്ടിലെത്തിയ സൂപ്പർ അതിഥിയെ കണ്ട സന്തോഷത്തിലായിരുന്നു ശ്രീജേഷും കുടുംബവും. ഒളിമ്പിക്‌സിൽ പോലും തനിക്ക് വിറയൽ ഉണ്ടായിരുന്നില്ലെന്നാണ് പൂക്കൂട സ്വീകരിച്ച ശേഷം ശ്രീജേഷ് പ്രതികരിച്ചത്.
More Read: തകര്‍പ്പന്‍ സേവുകളുമായി ശ്രീജേഷ് ; ജര്‍മനിയെ തകര്‍ത്ത് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലത്തിളക്കം
ശ്രീജേഷിനെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിച്ചതിന്‍റെ സന്തോഷം നിർമാതാവ് ആന്‍റോ ജോസഫ് ഫേസ്‌ബുക്കിൽ പങ്കുവച്ചു. 'വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ഹോക്കി ടീമിന് ഒളിമ്പിക്‌സ് മെഡൽ നേടികൊടുത്ത് രാജ്യത്തിൻ്റെ അഭിമാനം വാനോളം ഉയർത്തിയ പി. ആർ ശ്രീജേഷിനെ മമ്മൂക്കയോടൊപ്പം നേരിൽ കണ്ട് അഭിനന്ദനങ്ങൾഅറിയിച്ചു,' എന്നായിരുന്നു കുറിപ്പ്.