Bheeshma Parvam reservation starts: മമ്മൂട്ടി-അമല്‍ നീരദ് ചിത്രം 'ഭീഷ്‌മ പര്‍വ്വ'ത്തിന്‍റെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു. ഫെബ്രുവരി 26ന് ഉച്ചയ്‌ക്ക് 12 മുതലാണ് ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചത്. ഏതാനും തിയേറ്ററുകളില്‍ രാവിലെ ഒന്‍പത് മണിക്കുള്ള ഷോയുടെ ടിക്കറ്റുകള്‍ നേരത്തെ തന്നെ ലഭ്യമായിരുന്നു.
Bheeshma Parvam Release: മാര്‍ച്ച് മൂന്നിനാണ് ഭീഷ്‌മ പര്‍വ്വം റിലീസിനെത്തുന്നത്. ഫെബ്രുവരിയിലായിരുന്നു ചിത്ര പ്രഖ്യാപനം. 'ബിഗ് ബി' യുടെ രണ്ടാം ഭാഗമായി 'ബിലാല്‍' എന്ന ചിത്രമാണ് ചെയ്യാനിരുന്നതെങ്കിലും കൊവിഡ് സാഹചര്യത്തില്‍ 'ഭീഷ്‌മ പര്‍വ്വം' പ്രഖ്യാപിക്കുകയായിരുന്നു. 'ബിഗ് ബി' പുറത്തിറങ്ങി 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'ഭീഷ്‌മ പര്‍വ്വ'ത്തിലൂടെ മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്നത്.
Mammootty as Michael in Bheeshma Parvam: ഗ്യാങ്‌സ്‌റ്റര്‍ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇതുവരെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്ററുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ക്യാരക്‌ടര്‍ പോസ്‌റ്ററുകള്‍ മമ്മൂട്ടി തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.
Bheeshma Parvam character posters: നെടുമുടി വേണു, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, ഫര്‍ഹാന്‍ ഫാസില്‍, റംസാന്‍, ധന്യ അനന്യ, പൗളി വത്സന്‍, കോട്ടയം രമേശ്, മാലാ പാര്‍വതി, ഷെബിന്‍ ബെന്‍സണ്‍, സുദേവ് നായര്‍ എന്നിവരുടെ ക്യാരക്‌ടര്‍ പോസ്‌റ്ററുകളാണ് ഇതുവരെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഇരവിപ്പിള്ള എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നെടുമുടി വേണു അവതരിപ്പിക്കുന്നത്. അജാസ് ആയി സൗബിന്‍ ഷാഹിറും, പീറ്റര്‍ ആയി ഷൈന്‍ ടോം ചാക്കോയും, ജെയ്‌സ് ആയി ദിലീഷ് പോത്തനും, പോള്‍ ആയി ഫര്‍ഹാന്‍ ഫാസിലുമെത്തുന്നു. അമി എന്നാണ് ശ്രീനാഥ് ഭാസിയുടെ കഥാപാത്രത്തിന്‍റെ പേര്.സ്‌റ്റാര്‍ ആയി റംസാനും, ധന്യ അനന്യ എല്‍സയായും പൗളി വത്സന്‍ പൗലിതത്തിയായും വേഷമിടുന്നു. മണി ആയി കോട്ടയം രമേഷും, മോളി ആയി മാലാ പാര്‍വതിയും, സുദേവ് നായര്‍ രാജനായും, ഷെബിന്‍ ബെന്‍സണ്‍ ഏബിലായും എത്തുന്നു.
ഇതുവരെ പുറത്തിറങ്ങിയ ചിത്രത്തിലെ ട്രെയ്‌ലറും ടീസറും ഗാനവും എല്ലാം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആരാധകരെ ത്രില്ലടിപ്പിക്കുന്ന ട്രെയ്‌ലറാണ് ചിത്രത്തിന്‍റേത്. പങ്കുവച്ച് നിമിഷ നേരം കൊണ്ട് ട്രെന്‍ഡിങ്ങില്‍ ഇടംപിടിച്ച ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.