കൊവിഡ് കാലത്ത് തന്‍റെ പേരിൽ പണം ചെലവഴിച്ച് ആഘോഷം സംഘടിപ്പിക്കേണ്ടെന്ന് മമ്മൂട്ടി. ഇക്കാര്യം നടന്‍ സാംസ്കാരിക മന്ത്രി സജി ചെറിയാനെ അറിയിച്ചു. സജീവമായ അൻപത് വർഷത്തെ സിനിമാജീവിതത്തിന് സംസ്ഥാന സർക്കാർ മമ്മൂട്ടിയെ ആദരിക്കുമെന്ന് മന്ത്രി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനസർക്കാരിന്‍റെ ആദരവിൽ സന്തോഷമുണ്ടെന്നും എന്നാൽ പണം ചെലവഴിച്ചുള്ള ആഘോഷം വേണ്ടെന്നും മെഗാസ്റ്റാർ സർക്കാരിനെ ധരിപ്പിച്ചു.
മമ്മൂട്ടിയുടെ സിനിമാജീവിതത്തിന്‍റെ സുവർണജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി ഡിസംബർ, ജനുവരി മാസങ്ങളിൽ പരിപാടി സംഘടിപ്പിക്കാമെന്ന് സർക്കാർ തീരുമാനിച്ചിരുന്നുവെന്നും ഇത് അറിയിക്കാൻ മമ്മൂട്ടിയെ വിളിച്ചപ്പോഴാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയതെന്നും സജി ചെറിയാൻ അറിയിച്ചു..