വെബ് സീരിസില്‍ നത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയങ്കരനായ നടന്‍ അബിന്‍ സിനിമയില്‍ അരങ്ങേറുന്നു. ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്‌ത സാറാസ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ പ്രവേശനം. ജൂഡ് ആന്‍റണി തന്നെയാണ് ഈ സന്തോഷം സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിച്ചത്.
'അതിയായ അഭിമാനത്തോടെ പറയട്ടെ ഒതളങ്ങ തുരുത്തിലൂടെ പ്രിയങ്കരനായ അബിൻ (നത്ത്) സാറാസിലൂടെ മലയാള സിനിമയിൽ അരങ്ങേറുന്നു. ഒതളങ്ങ തുരുത്ത് സിനിമയാകുമ്പോൾ അരങ്ങേറാൻ വെച്ചിരുന്ന ഈ മുത്തിനെ എനിക്ക് വിട്ട് തന്ന ഒതളങ്ങ തുരുത്തിന്‍റെ അണിയറപ്രവർത്തകരോട് നന്ദി അറിയിക്കുന്നു. "ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അബിൻ" എന്നാണ് ജൂഡ് ആന്‍റണി അബിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
സാറാസില്‍ അന്നാ ബെന്നാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്‌തത്. കൊച്ചി മെട്രോ, ലുലു മാള്‍, വാഗമണ്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇരുന്നോറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ അടക്കം ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സണ്ണി വെയ്‌നാണ് ചിത്രത്തിലെ നായകന്‍. അന്ന ബെന്നിനൊപ്പം അച്ഛന്‍ ബെന്നി.പി.നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, കലക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ, സിദ്ദീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ശാന്ത മുരളിയും പി.കെ മുരളീധരനുമാണ് ചിത്രം നിര്‍മിക്കുന്നത്. കഥ അക്ഷയ് ഹരീഷ്, നിമിഷ് രവിയാണ് ക്യാമറ.