ഇത്തവണ 'കരുതലോണ'മാണ് മലയാളിക്ക്... ആഘോഷവും ആരവവുമില്ല. കഴിഞ്ഞ വര്‍ഷം വരെ ഓണക്കാലത്ത് പുതിയ സിനിമകളുടെ കുത്തൊഴുക്കായിരുന്നു തിയേറ്ററുകളില്‍. കുടുംബസമേതം സിനിമകള്‍ ആസ്വദിക്കാനുള്ള തിരക്കില്‍ ജനങ്ങളും.... ഇത്തവണ എല്ലാം കൊറോണ കൊണ്ടുപോയി. എങ്കിലും വലിയ ആര്‍ഭാടമില്ലാതെ സുരക്ഷക്ക് മുന്‍ഗണന നല്‍കി ഓണം പൊടിപൊടിക്കാനുള്ള അവസാന ഘട്ടത്തിലാണ് മലയാളി.... വീട്ടിലിരുന്നുള്ള കരുതലോണത്തിന് മാറ്റുകൂട്ടാന്‍ മൂന്ന് ഓണചിത്രങ്ങള്‍ റിലീസ് ചെയ്യുന്നുണ്ട്... എന്നാല്‍ റിലീസ് തിയേറ്ററുകളിലല്ലെന്ന് മാത്രം. രണ്ടെണ്ണം ഒടിടി പ്ലാറ്റ്ഫോമിലും ഒരെണ്ണം ടെലിവിഷന്‍ പ്രീമിയറുമാണ്. ഫഹദ് ഫാസില്‍ ചിത്രം സി യൂ സൂണ്‍, ജേക്കബ് ഗ്രിഗറി ചിത്രം മണിയറയിലെ അശോകന്‍ എന്നിവയാണ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രദര്‍ശനത്തിനെത്തുന്നത്. ടൊവിനോയുടെ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ടെലിവിഷന്‍ പ്രീമിയറാണ്.
സി യൂ സൂണ്‍
ലോക്ക് ഡൗൺ കാലത്തെ പരിമിതികളിലും നിയന്ത്രണങ്ങളിലും നിന്നുകൊണ്ട് പൂര്‍ണമായും ഐഫോണില്‍ ചിത്രീകരിച്ച സിനിമയാണ് സി യൂ സൂണ്‍. മഹേഷ് നാരായണനാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഫഹദിനൊപ്പം റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും കേന്ദ്രകഥാപാത്രങ്ങളാകുന്നു. ഒരു പെണ്‍കുട്ടിയുടെ തിരോധാനവും തുടർന്ന് ബന്ധുവിന്‍റെ പ്രതിശ്രുത വധുവിനെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ അന്വേഷണവുമെല്ലാമാണ് ചിത്രം പറയുന്നത്. സീ യൂ സൂണിന്‍റെ തിരക്കഥയും എഡിറ്റിങ്ങും വെർച്വൽ ഛായാഗ്രഹണവും സംവിധായകൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ത്രില്ലറും ആകാംഷയും നിറഞ്ഞ ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സെപ്‌തംബർ ഒന്നിന് ആമസോൺ പ്രൈം വീഡിയോയിലൂടെ സീ യൂ സൂൺ പ്രദർശനത്തിനെത്തും.
മണിയറയിലെ അശോകന്‍
വേഫറെര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജേക്കബ് ഗ്രിഗറിയും ചേര്‍ന്ന് നിര്‍മിച്ച ചിത്രമാണ് 'മണിയറയിലെ അശോകന്‍'. തിരുവോണ ദിനത്തില്‍ നെറ്റ്ഫ്ലിക്സില്‍ ചിത്രം റിലീസ് ചെയ്യും. നവാഗതനായ ഷംസു സൈബ സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ചെറുപ്പക്കാരന്‍റെ വിവാഹ സ്വപ്നങ്ങളും പ്രണയവും എല്ലാമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഷൈന്‍ ടോം ചാക്കോ, കൃഷ്ണശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രിത ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. വിനീത് കൃഷ്ണന്‍ തിരക്കഥയും സജാദ് കാക്കു ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും ശ്രീഹരി.കെ.നായര്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.
കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്
ടൊവിനോ തോമസ് നായകനായി ആന്‍റോ ജോസഫ് നിര്‍മിച്ച കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്സ് ടെലിവിഷന്‍ പ്രീമിയറായി തിരുവോണ ദിനത്തില്‍ പുറത്തിറങ്ങും. മലയാളത്തില്‍ അടുത്തകാലത്ത് ഇതാദ്യമായാണ് ഒരു സിനിമ തിയേറ്റര്‍ റിലീസിന് മുമ്പ് ടെലിവിഷനില്‍ പ്രീമിയര്‍ ചെയ്യുന്നത്. ചിത്രം ഒടിടി റിലീസായി പ്രേക്ഷകരിലേക്കെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചിത്രത്തിന്‍റെ നിര്‍മാതാവ് ആന്‍റോ ജോസഫ് ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഡയറക്‌ട് ഒടിടി റിലീസുകളെ എതിര്‍ത്തിരുന്ന തിയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോക്, ആന്‍റോ ജോസഫിന്‍റെ സിനിമയ്ക്ക് ഇളവനുവദിക്കുന്നതായി പിന്നാലെ പ്രസ്താവനയും ഇറക്കിയിരുന്നു. ചിത്രത്തിന്‍റെ ഒരു വലിയ ശതമാനം വ്യാജപ്രിന്‍റായി പുറത്തിറങ്ങിയതായി ആന്‍റോ ജോസഫ് അറിയിച്ചതായി ഫിയോക്ക് ജനറല്‍ സെക്രട്ടറി എം.സി ബോബി പറഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ആന്‍റോ ജോസഫിന് പ്രത്യേക ഇളവ് നല്‍കിയതായി ഫിയോക് പത്രകുറിപ്പിലൂടെ അറിയിച്ചിരുന്നത്.
ഇന്ത്യ കാണാനെത്തുന്ന അമേരിക്കക്കാരി പെണ്‍കുട്ടിയും ഒരു മലയാളി യുവാവുമൊത്തുള്ള യാത്രയാണ് ചിത്രത്തിന്‍റെ പ്രമേയം. അമേരിക്കന്‍ നടി ഇന്ത്യ ജാര്‍വിസാണ് നായിക. നേരത്തേ രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ജിയോ ബേബിയുടെ മൂന്നാമത്തെ ചിത്രമാണിത്. ജോജു ജോര്‍ജ്, ബേസില്‍ ജോസഫ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാര്‍ച്ച് 12ന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് മാറ്റുകയായിരുന്നു.
മള്‍ട്ടിപ്ലക്സുകളോ... ആര്‍പ്പുവിളികളോ ആരവങ്ങളോ ഇല്ല.... എങ്കിലും മലയാളിക്ക് ഉള്ളത് കൊണ്ട് ഓണം കളറാക്കാം....