"കായലരികത്ത് വലയെറിഞ്ഞപ്പോൾ വള കിലുക്കിയ സുന്ദരീ..." 1950കളുടെ തുടക്കം. മലയാള സിനിമ കാര്യമായി മുന്നോട്ട് നീങ്ങുന്ന കാലഘട്ടം. കേരളത്തിന്‍റെ സ്വന്തം നീലക്കുയിൽ പാടിത്തുടങ്ങി, അദ്ദേഹം തന്നെ ചിട്ടപ്പെടുത്തിയ ഈണങ്ങളിലൂടെ...
"ടി.കെ പരീകുട്ടി പ്രവചിച്ചതുപോലെ തന്നെ ആ പാട്ട് ഹിറ്റായി. ആ പാട്ട് എനിക്ക് ജീവിതപാതയിൽ ചുവപ്പുപരവതാനി വിരിച്ചു തന്നു. അന്നോളം കേട്ടിട്ടില്ലാത്ത ഈണം ജനങ്ങൾക്ക് ഇഷ്‌ടമായി. ആ പാട്ട് എനിക്ക് വച്ചു നീട്ടിയ സൗഭാഗ്യം ചെറുതായിരുന്നില്ല," 'മധുരമീ ജീവിതം' എന്ന ആത്മകഥയിൽ പിൽക്കാലത്ത് രാഘവൻ മാസ്റ്റർ ഓർമയായി കുറിച്ചിട്ടു.
നാടൻ സംഗീതത്തിനൊപ്പം ശാസ്‌ത്രീയ സംഗീതം കലർത്തി പാട്ടിന്‍റെ വിസ്‌മയലോകം തീർത്ത ദക്ഷിണമൂര്‍ത്തിയും, ഉത്തരേന്ത്യൻ ഗസലിനെ മലയാള സംഗീതത്തിന് പരിചയപ്പെടുത്തിയ ബാബൂക്കയും, കവിതയും ഗൃഹാതുരത്വവും സമന്വയിപ്പിച്ച് സംഗീതമൊരുക്കിയ ദേവരാജന്‍ മാസ്റ്ററും... സംഗീതമാന്ത്രികരായ ഇവരുടെ ഇടയിലേക്ക്, ആസ്വാദകന് പാടാനും ഏറ്റുപാടാനുമായുള്ള ഈണങ്ങളുമായാണ് കെ. രാഘവൻ അഥവാ രാഘവൻ മാസ്റ്റർ കടന്നുവരുന്നത്. അങ്ങനെ മലയാളിയുടെ മനസിൽ പാടിപ്പതിഞ്ഞ, ഇന്നും പാടിമറക്കാത്ത ഒരുപിടി ഗാനങ്ങൾ സമ്മാനിച്ച സംഗീത ചക്രവർത്തി രാഘവൻ മാസ്റ്ററിന്‍റെ 107-ാം ജന്മദിനവാർഷികമാണിന്ന്.
ഗായകനും സംഗീതസംവിധായകനും സംഗീതാധ്യാപകനുമായിരുന്നു രാഘവൻ മാസ്റ്റർ അറുപതിലധികം ചലച്ചിത്രങ്ങളിലായി 405 ഗാനങ്ങൾക്ക് ഈണം രചിച്ച, പലപ്പോഴൊക്കെ അവക്ക് ശബ്‌ദം കൂടി പകർന്ന കെ. രാഘവൻ മാസ്റ്റർ ഇന്ന് ഓർമയാണെങ്കിലും ഇതിഹാസ സംഗീതജ്ഞൻ ഇവിടെ അവശേഷിപ്പിച്ചു പോയ ഗാനങ്ങളാവട്ടെ നിത്യയൗവ്വനം കാത്തുസൂക്ഷിക്കുകയാണ്. 1913 ഡിസംബർ രണ്ടിന് കണ്ണൂരിലെ തലശ്ശേരി താലൂക്കിൽ തലായി ദേശത്ത് ജനിച്ചു. കൃഷ്‌ണൻ- പാർവതി എന്നിവരാണ് മാതാപിതാക്കൾ. സംഗീതപാരമ്പര്യമില്ലെങ്കിലും കുട്ടിയായിരിക്കുമ്പോൾ മുതൽ രാഘവൻ സംഗീതത്തോടുള്ള അഭിരുചി പ്രകടപ്പിച്ചിരുന്നു. നാട്ടിലെ പ്രമുഖ സംഗീതജ്ഞനായിരുന്ന പി.എസ് നാരായണയ്യരുടെ കീഴിൽ ശാസ്ത്രീയ സംഗീതം പഠിച്ചു. സംഗീതാഭ്യാസം പൂർത്തിയാക്കിയ ശേഷം ആകാശവാണിയിൽ സംഗീതവിഭാഗത്തിൽ ജീവനക്കാരനായി. അങ്ങനെ, കേരളത്തിനകത്തും പുറത്തും ആകാശവാണി നിലയങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചു.
ശാസ്‌ത്രീയ സംഗീതത്തിലെ ആഴത്തിലുള്ള അറിവല്ല രാഘവൻ മാസ്റ്റർ ചലച്ചിത്രങ്ങളിലെ പിന്നണിഗാനങ്ങൾക്കായി ഉപയോഗിച്ചത്. ലളിതഗാനങ്ങൾക്ക് പുതിയ മുഖം രൂപപ്പെടുത്തിയ കലാകാരൻ, നാടൻ പാട്ടുകളുടെ ചുവയും മാപ്പിളപ്പാട്ടുകളും പ്രണയഗാനങ്ങളും ചിട്ടപ്പെടുത്തി ഭാരതീയ സംഗീതത്തിന് ആധുനികവശം കണ്ടെത്തുകയായിരുന്നു. 1954ൽ പുറത്തിറങ്ങിയ പി. ഭാസ്കരനും രാമു കാര്യാട്ടും ചേർന്ന് സംവിധാനം ചെയ്ത നീലക്കുയിൽ... പി.ഭാസ്‌കരന്‍റെ വരികൾക്ക് കെ.രാഘവൻ സംഗീതമൊരുക്കി ചിത്രത്തിലെ ഗാനങ്ങൾ പുറത്തിറങ്ങിയപ്പോൾ, മലയാളക്കരയിലേക്ക് മാസ്റ്റർ വീശിയെറിഞ്ഞ വലയിൽ ആസ്വാദകന്‍റെ ഹൃദയവും കുടുങ്ങി. രാഘവൻ മാസ്റ്ററിന്‍റെ ആദ്യസിനിമാ സംവിധാനം എന്നറിയപ്പെടുന്നത് നീലക്കുയിലാണെങ്കിലും പൊൻകുന്നം വർക്കിയുടെ കതിരുകാണാകിളി, പുള്ളിമാൻ എന്നീ ചിത്രങ്ങളിലായിരുന്നു അദ്ദേഹം തുടക്കം കുറിച്ചത്. എന്നാൽ, ഈ ചിത്രങ്ങൾ പുറത്തിറങ്ങിയില്ല.
നാഞ്ഞൂറിലധികം സിനിമാ ഗാനങ്ങൾക്ക് സംഗീതം പകർന്നു മുപ്പതുകളിൽ ശബ്‌ദിച്ചു തുടങ്ങിയ മലയാള ചലച്ചിത്രത്തിന് ഈണങ്ങളുടെ വസന്തമായിരുന്നു അമ്പതുകളിൽ രാഘവൻ മാസ്റ്റർ കൂടിയെത്തിയപ്പോൾ. നീലക്കുയില്‍ ചിത്രത്തിലെ തന്നെ എല്ലാരും ചൊല്ലണ്, എങ്ങനെ നീ മറക്കും കുയിലേ, അസുരവിത്തിലെ കുന്നത്തൊരുകാവുണ്ട്, യുദ്ധകാണ്ഡത്തിലെ ശ്യാമസുന്ദര പുഷ്പമേ, നഗരമേ നന്ദിയിലെ മഞ്ഞണിപൂനിലാവ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങൾ രാഘവൻ മാസ്റ്ററുടെ സംഗീത സ്‌പർശമറിഞ്ഞവയാണ്.
ഗൃഹാതുരത്വത്തിനൊപ്പം കേരളീയനാണെന്ന് കൂടി മലയാളി അഹങ്കരിക്കുമ്പോൾ തുറക്കാത്ത വാതിൽ എന്ന ചിത്രത്തിലെ "നാളികേരത്തിന്‍റെ നാട്ടിലെനിക്കൊരു നാട്ടിലെനിക്കൊരു..." എന്ന ഗാനമായിരിക്കും ആദ്യം മൂളുന്നത്. പ്രണയവും പ്രകൃതിയും തുടങ്ങി മാപ്പിളപ്പാട്ടിന്‍റെ ശൈലിയിലുള്ള ഗാനങ്ങൾ മാത്രമല്ല, ആസ്വാദകർ ഇന്നും താളം പിടിക്കുന്നുണ്ട്... "അപ്പോഴും പറഞ്ഞില്ലെ പോരണ്ടാ പോരണ്ടാന്ന് ഗാനം കേൾക്കുമ്പോൾ". "കരിമുകില്‍ കാട്ടിലെ രജനിതന്‍ വീട്ടിലെ..." മലയാളി ഹൃദ്യസ്ഥമാക്കിയ ഗാനത്തിലൂടെ ഭാവഗായകൻ ജയചന്ദ്രന് മലയാളചലച്ചിത്രത്തിൽ ചുവടുറപ്പിക്കാൻ നിയോഗമായതും രാഘവൻ മാസ്റ്ററായിരുന്നു.
രാഘവൻ മാസ്റ്റർ ഒരു പ്രതിഭയാണെന്നത് അദ്ദേഹത്തിന് ലഭിച്ച സംസ്ഥാന പുരസ്‌കാരങ്ങളും രാജ്യബഹുമതികളും പറഞ്ഞുതരും. 2010ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഇതിഹാസത്തിന്‍റെ ആദ്യ പുരസ്‌കാര നേട്ടം 1973ലാണ്. നിർമാല്യത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം അദ്ദേഹം സ്വന്തമാക്കി. 1981ൽ സംഗീത നാടക അക്കാദമി ഫെലോഷിപ്പും 1997ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കാരവും നേടി. ഗായകനും സംഗീത സംവിധായകനും സംഗീത അധ്യാപകനുമായ മാസ്റ്റർ കെപിഎസിയുടെ അശ്വമേധത്തിലെ "പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്ക് ആകാശമുണ്ട്…," "തലയ്ക്ക് മീതെ ശൂന്യാകാശം", "ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ" തുടങ്ങിയ നാടകഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. പാഞ്ചാലിയുടെ നാടകത്തിൽ സംഗീതം പകർന്നതിന് കേന്ദ്ര സര്‍ക്കാര്‍ അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു.
മലയാളചലച്ചിത്ര ലോകത്തെ ശ്യാമസുന്ദര പുഷ്‌പമായി രാഘവൻ മാസ്റ്റർ അറബിക്കടലിന്‍റെ തീരത്ത് അന്ത്യവിശ്രമം കൊള്ളുകയാണ്. 2013 ഒക്ടോബർ 19ന് പുലർച്ചെ 100-ാം ജന്മദിനത്തിന്‍റെ പടിവാതിക്കൽ നിന്നും അദ്ദേഹം പറന്നകന്നു. ഇനിയും കേരളത്തിന്‍റെ മനസിലേക്ക് ആർദ്രമായി ഊർന്നിറങ്ങുകയാണ് ഈണങ്ങളുടെ ചക്രവർത്തി ഭാവസാന്ദ്രമാക്കിയ ഗാനങ്ങൾ...