1930ല്‍ നിശബ്ദ ചിത്രമായ വിഗതകുമാരനില്‍ ആരംഭിച്ച മലയാള സിനിമ അതിന്‍റെ ചരിത്രവും വർത്തമാനവും പിന്നിട്ട് ലോക നിലവാരത്തിലേക്ക് കടന്നുകയറുകയാണ്. യാഥാർഥ്യത്തെ എന്നും ഉൾക്കൊള്ളുകയും വേറിട്ട ആസ്വാദന നിലവാരം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് ലോക സിനിമയ്ക്ക് മലയാളം നല്‍കിയ മാതൃക. ദൂരം ഒരുപാട് പിന്നിടുമ്പോൾ ഒടിടി പ്ലാറ്റ്ഫോം റിലീസ് വരെയെത്തി നില്‍ക്കുകയാണ് ഇപ്പോൾ മലയാള സിനിമ. അതിഭാവുകത്വം ഇല്ലാതെ പ്രേക്ഷകനെ ആസ്വദനത്തിന്‍റെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നു എന്നതു കൊണ്ട് തന്നെ അന്യഭാഷകളിലും മലയാള സിനിമയ്ക്ക് ആസ്വാദകരുണ്ട്. മലയാളത്തോട് എന്നും ഹൃദയം കൊണ്ട് ചേർന്ന് നില്‍ക്കുന്ന തമിഴ് സിനിമാ ആസ്വാദകർക്ക് വേണ്ടി നിരവധി മലയാള സിനിമകളാണ് റീമേക്ക് ചെയ്തിട്ടുള്ളത്. എവര്‍ഗ്രീന്‍ ക്ലാസിക് ഹിറ്റ് ചാര്‍ട്ടില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന ആ ചിത്രങ്ങൾ...
തെങ്കാശിപ്പട്ടണം
തെങ്കാശി ഭരിക്കുന്ന ഇരട്ടനായകന്മാരായ കണ്ണപ്പനും ദാസപ്പനുമായി സുരേഷ് ഗോപിയും ലാലും മാസ് പ്രകടനം നടത്തിയ റാഫി മെക്കാര്‍ട്ടിന്‍ ചിത്രമായിരുന്നു തെങ്കാശിപ്പട്ടണം. സുരേഷ് ഗോപിക്കും ലാലിനുമൊപ്പം ദിലീപ്, കാവ്യാ മാധവൻ, ഗീതു മോഹൻദാസ്, സംയുക്ത വർമ, സലീംകുമാര്‍ തുടങ്ങി വമ്പൻ താരനിര. ചിരിക്കാന്‍ തുടങ്ങിയാല്‍ ചിരി നിര്‍ത്താന്‍ പറ്റില്ലാത്ത വിധത്തിലുള്ള കൗണ്ടറുകള്‍, എത്ര തവണ കണ്ടാലും മുഷിപ്പു തോന്നാത്ത സീനുകള്‍, അതാണ് തെങ്കാശിപ്പട്ടണം എന്ന ബ്ലോക്ക് ബസ്റ്റര്‍. സിനിമ പോലെ തന്നെ പാട്ടുകളും ഹിറ്റ്. ഇന്നും മലയാള സിനിമാപ്രേമികള്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്ന്. ഈ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യപ്പെട്ടപ്പോള്‍ പേരില്‍ മാറ്റം വരുത്തിയിരുന്നില്ല. എന്നാല്‍ പ്രധാന അഭിനേതാക്കളില്‍ മാറ്റം വരുത്തി. ശരത്കുമാറും നെപ്പോളിയനുമായിരുന്നു കണ്ണനും ദാസനുമായി ചിത്രത്തില്‍ വേഷമിട്ടത്. സംയുക്തവര്‍മ, ദേവയാനി എന്നിവരാണ് പ്രധാനപ്പെട്ട സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തില്‍ തെങ്കാശിപ്പട്ടണമൊരുക്കിയ റാഫിയും മെക്കാര്‍ട്ടിനും തന്നെയാണ് തമിഴിലും ചിത്രം ഒരുക്കിയത്. ഒറിജിനലിനെ കടത്തിവെട്ടാന്‍ തമിഴ് പതിപ്പിന് സാധിച്ചില്ലെങ്കിലും മോശമല്ലാത്ത പ്രകടനമായിരുന്നു തമിഴിലെ അഭിനേതാക്കള്‍ കാഴ്ചവെച്ചത്.
തേന്മാവിന്‍ കൊമ്പത്ത്
ശ്രീഹള്ളിയെന്ന സുന്ദരമായ സാങ്കല്‍പ്പിക ഗ്രാമത്തില്‍ പിറന്ന മലയാളത്തിലെ മനോഹര ചിത്രം തേന്മാവിന്‍ കൊമ്പത്ത് ആരാധകര്‍ നെഞ്ചിലേറ്റിയിട്ട് വര്‍ഷങ്ങളായി. സിനിമയിലെ കഥാപാത്രങ്ങളുടെ പേരില്‍ പോലും ആരാധന വളരാന്‍ തുടങ്ങിയത് തേന്മാവിന്‍ കൊമ്പത്ത് റിലീസായതില്‍ പിന്നെയാണ്. കൗതുകവും ആകര്‍ഷണീയതയും സിനിമയിലുട നീളം കാത്തുസൂക്ഷിച്ച് ഈ പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ അങ്ങനെ ആരാകധകരുടെ മനസില്‍ ഇടംനേടി. അവതരണം കൊണ്ടും ദൃശ്യഭംഗി കൊണ്ടും മനോഹരമായ ഗാനങ്ങള്‍ കൊണ്ടും ചിത്രത്തിലൂടെ ആരാധകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളായി മോഹന്‍ലാല്‍-ശോഭന ജോഡി മാറി. മലയാളത്തിലെ എണ്ണം പറഞ്ഞ താരങ്ങളായ നെടുമുടിവേണു, ശ്രീനിവാസന്‍, പപ്പു, കവിയൂര്‍ പൊന്നമ്മ, സോണിയ, കെപിഎസ്‌സി ലളിത തുടങ്ങിയ അഭിനേതാക്കള്‍ ചിത്രത്തില്‍ മികവ് പുലര്‍ത്തി. കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാണെങ്കിലും മോഹന്‍ലാല്‍-ശോഭന കെമിസ്ട്രി ഒന്ന് വേറെ തന്നെ ആയിരുന്നു. ഇപ്പോഴും ചെറുവീഡിയോകളിലൂടെ മാണിക്യനും കാര്‍ത്തുമ്പിയും പ്രേക്ഷകരുടെ മുന്നില്‍ എത്താറുണ്ട്. തേന്മാവിന്‍ കൊമ്പത്തിലെ എല്ലാ ഗാനങ്ങളും ഇന്നും സൂപ്പര്‍ ഹിറ്റാണ്. ബേണി ഇഗ്നേഷ്യസ് ടീമായിരുന്നു ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരുന്നത്. ഗാനങ്ങള്‍ ജനപ്രീതി നേടിയപ്പോള്‍ വിവാദങ്ങളും പിന്നാലെ വന്നിരുന്നു. പങ്കജ് മാലിക്കിന്‍റെ പിയാ മിലന്‍ കോ ജാനാ...യും ബാലുമഹേന്ദ്രയുടെ മറുപടിയും സിനിമയിലെ ആസൈ അധികം വച്ച്........ എന്നീ ഗാനങ്ങളും കോര്‍ത്തിണക്കിയാണ് തേന്മാവിലെ എന്തേ മനസിലൊരു നാണം, മാനം തെളിഞ്ഞേ നിന്നാല്‍... എന്നീ ഗാനങ്ങള്‍ പിറന്നത്. സംസ്ഥാന അവാര്‍ഡില്‍ ബേണി- ഇഗ്‌നേഷ്യസ് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരത്തിന് അര്‍ഹത നേടിയപ്പോള്‍ ഇത് സംബന്ധിച്ച് വിവാദങ്ങളും വന്നിരുന്നു. പക്ഷെ ഇതൊന്നും ചിത്രത്തിന്‍റെ ജനപ്രീതിയെ ബാധിച്ചിരുന്നില്ല. തമിഴിലെ പ്രശസ്ത സംവിധായകനായ കെ.വി ആനന്ദായിരുന്നു ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. ഈ ചിത്രത്തിലൂടെ അദ്ദേഹത്തിന് മികച്ച ഛായാഗ്രാഹകനുളള ദേശീയ പുരസ്‌കാരം ലഭിച്ചു. തമിഴില്‍ മുത്തു എന്ന പേരിലാണ് ഈ ചിത്രം പിന്നീട് റീമേക്ക് ചെയ്യപ്പെട്ടത്. കെ.എസ് രവികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രജനീകാന്ത്, മീന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി. എ.ആര്‍ റഹ്മാന്‍റെ സംഗീത സംവിധാനത്തില്‍ മനോഹര ഗാനങ്ങള്‍ മുത്തുവിലൂടെ പ്രേക്ഷകരിലേക്ക് എത്തി. ചിത്രം അക്കാലത്ത് തമിഴിലെ ഏറ്റവും വലിയ സൂപ്പര്‍ഹിറ്റുകളിലൊന്നായി മാറി. 175 ദിവസമാണ് തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്.
അനിയത്തിപ്രാവ്
മലയാളത്തിലെ ഏക്കാലത്തെയും മികച്ച റൊമാന്‍റിക്ക് ബ്ലോക്ക്ബസ്റ്ററാണ് അനിയത്തിപ്രാവ്. 1997ൽ പുറത്തിറങ്ങിയ ചിത്രം ഫാസിലാണ് സംവിധാനം ചെയ്തത്. കുഞ്ചാക്കോ ബോബൻ എന്ന യുവ പ്രതിഭയുടെ നായക അരങ്ങേറ്റം കൂടിയായിരുന്നു ഈ ചിത്രം. ഒരു പുതുമുഖ നടന് ലഭിക്കുന്നതിലും ഉപരിയായിട്ടുള്ള ഒരു വരവേൽപ്പാണ് കുഞ്ചാക്കോ ബോബൻ എന്ന മലയാളത്തിന്‍റെ സ്വന്തം ചാക്കോച്ചന് ലഭിച്ചത്. ചാക്കോച്ചനൊപ്പം മലയാള സിനിമക്കും സിനിമ പ്രേക്ഷകർക്കും പുതിയ ഒരു നായികയെ കൂടി അനിയത്തിപ്രാവിലൂടെ ലഭിച്ചു. മലയാളത്തിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച ശാലിനിയുടെ ആദ്യ നായിക അരങ്ങേറ്റം അനിയത്തിപ്രാവിൽ ചാക്കോച്ചന്‍റെ നായികയായിട്ടായിരുന്നു. സിനിമയുടെ വൻവിജയത്തിന് ശേഷം ചാക്കോച്ചൻ– ശാലിനി ജോഡികൾ തരംഗമായി. ചിത്രം തമിഴിലേക്ക് ഫാസില്‍ റീമേക്ക് ചെയ്തപ്പോള്‍ ദളപതി വിജയ് ആയിരുന്നു കുഞ്ചാക്കോ ബോബന്‍റെ വേഷത്തിലെത്തിയത്. 'കാതല്ക്ക് മര്യാദൈ' എന്ന പേരിലിറങ്ങിയ ചിത്രത്തില്‍ ഇളയരാജ സംഗീതം നല്‍കിയ എല്ലാ ഗാനങ്ങളും പ്രേക്ഷക പ്രീതി നീടി. ചിത്രം മോശമല്ലാത്ത അഭിപ്രായം തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും സ്വന്തമാക്കി.
കിരീടം
വില്ലന്‍ കീഴ്പ്പെടുത്തിയിട്ടും പ്രേക്ഷകരെ കരയിപ്പിച്ച നായകന്‍ സേതുമാധവന്‍ മലയാളിക്ക് പ്രിയപ്പെട്ട കഥാപാത്രമാണ്. കഥ, തിരക്കഥ, സംവിധാനം, അഭിനേതാക്കളുടെ പ്രകടനം, സംഗീതം, സംഘട്ടനം തുടങ്ങിയ സകല മേഖലകളിലും കിരീടത്തോളം മികവ് പുലര്‍ത്തിയ സിനിമകള്‍ മലയാളത്തില്‍ അപൂര്‍വമാണ്. അത് തന്നെയാണ് കിരീടം എന്ന സിനിമയെ ക്ലാസിക്കാക്കുന്നതും. ലോഹിതദാസ്, സിബി മലയില്‍, മോഹന്‍ലാല്‍ എന്നീ പ്രതിഭകള്‍ ഒന്നിച്ച കിരീടത്തിന് അതേപേരില്‍ തമിഴില്‍ റീമേക്ക് ഒരുക്കിയിരുന്നു. എ.എല്‍ വിജയ് ഒരുക്കിയ ചിത്രത്തില്‍ അജിത് കുമാര്‍, തൃഷ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചു. മലയാളത്തിലെ കിരീടത്തോട് ചിത്രത്തിന്‍റെ റീമേക്കിനെ താരതമ്യപ്പെടുത്തുമ്പോള്‍ നിരാശപ്പെടേണ്ടിവരും മലയാള സിനിമാപ്രേമികള്‍ക്ക്.
മണിച്ചിത്രത്താഴ്
ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് റിമേക്ക് ചെയ്ത മലയാള ചിത്രമാണ് മണിച്ചിത്രത്താഴ്. സൈക്കോളജിക്കല്‍ ത്രില്ലര്‍ സ്വഭാവമുള്ള സിനിമയില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നീ താരങ്ങളുടെ മത്സരിച്ചുള്ള പ്രകടനം കാണം. നാഗവല്ലിയും, ഡോ.സണ്ണിയും, നകുലനും ഇന്നും പ്രേക്ഷകന് ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍. ഫാസില്‍ മലയാളത്തിന് സമ്മാനിച്ച മറ്റൊരു ക്ലാസിക് എന്ന് വേണമെങ്കില്‍ മണിച്ചിത്രത്താഴിനെ വിശേഷിപ്പിക്കാം. എം.ജി രാധാകൃഷ്ണനും, ജോണ്‍സണും ചേര്‍ന്ന് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി. മണിച്ചിത്രത്താഴ് പുറത്തിറങ്ങി പത്ത് വര്‍ഷം പിന്നിട്ടതിന് ശേഷമാണ് ചിത്രം തമിഴില്‍ റിമേക്ക് ചെയ്യപ്പെട്ടത്. ചന്ദ്രമുഖി എന്ന പേരിലിറങ്ങിയ ചിത്രം പി.വാസുവാണ് സംവിധാനം ചെയ്തത്. ചിത്രത്തില്‍ രജനീകാന്ത്, പ്രഭു, ജ്യോതിക എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രം തമിഴില്‍ വന്‍വിജയമായിരുന്നു. 890 ദിവസമാണ് ചന്ദ്രമുഖി തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചത്.
കുഞ്ഞിക്കൂനന്‍
മലയാളത്തില്‍ കഥാപാത്രങ്ങള്‍ക്കായി കഠിനാധ്വാനം ചെയ്യാന്‍ മടിയില്ലാത്ത നടന്മാരില്‍ ഒരാളാണ് നടന്‍ ദിലീപ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് 2002ല്‍ പുറത്തിറങ്ങിയ കുഞ്ഞിക്കൂനന്‍ എന്ന ശശി ശങ്കര്‍ ചിത്രം. ബെന്നി.പി.നായരമ്പലം രചന നിര്‍വഹിച്ച ചിത്രം കൂനുള്ള യുവാവിന്‍റെ ജീവിതത്തിലൂടെയാണ് സഞ്ചരിക്കുന്നത്. മന്യ, നവ്യനായര്‍, കൊച്ചിന്‍ ഹനീഫ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം തമിഴില്‍ പേരഴഗന്‍ എന്ന പേരിലാണ് റീമേക്ക് ചെയ്യപ്പെട്ടത്. ശശി ശങ്കര്‍ തന്നെയാണ് ചിത്രം തമിഴില്‍ സംവിധാനം ചെയ്തതും. സൂര്യയായിരുന്നു ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ജ്യോതിക, വിവേക് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി.
വിയറ്റ്നാം കോളനി
1992ല്‍ ഇറങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് വിയറ്റ്നാം കോളനി. സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കനകയായിരുന്നു നായിക. പാലക്കാട്ടുകാരൻ പട്ടരായ കൃഷ്ണമൂർത്തി എന്ന കഥാപാത്രം ജോലി അന്വേഷിച്ച് നടക്കുന്ന ഒരാളാണ്. ഇയാൾ കൊച്ചിയിലെ ഒരു ചേരി ഒഴിപ്പിക്കുന്നതിനായി നിയോഗിക്കപ്പെട്ട് ഒരു കോളനിയിൽ താമസമാക്കുന്നതും അതിനോടനുബന്ധിച്ചുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ചിത്രം വലിയ സാമ്പത്തിക വിജയം മലയാളത്തില്‍ നേടിയിരുന്നു. ചിത്രം തമിഴില്‍ ഇതേപേരില്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. സന്താന ഭാരതി സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രഭു, ഗൗതമി, വിനീത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും
കലാഭവന്‍ മണി എന്ന പ്രതിഭയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ പ്രകടനത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ പ്രത്യേക ജ്യൂറി പുരസ്കാരം കലാഭവന്‍ മണിക്ക് ലഭിച്ചിരുന്നു. കാവേരി, പ്രവീണ, സായ്‌കുമാര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തമിഴിലേക്കും വിനയന്‍ ചിത്രം റീമേക്ക് ചെയ്തിരുന്നു. കാശി എന്ന പേരില്‍ ഒരുക്കിയ ചിത്രത്തില്‍ വിക്രം ആയിരുന്നു നായകന്‍. കാവേരി, കാവ്യാ മാധവന്‍ എന്നിവര്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഫ്രണ്ട്സ്