ഹൈബി ഈഡന്‍ എംപിയുടെ ടാബ്‌ലറ്റ് ചലഞ്ചില്‍ പങ്കാളികളായി 'വെള്ളം' ടീം - 'വെള്ളം' ടീം
സിനിമയുടെ നിര്‍മാതാക്കള്‍ ധനസഹായം ഹൈബി ഈഡന്‍ എം.പിയെ നേരിട്ട് കണ്ട് കൈമാറി
ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് സഹായമാവുകയെന്ന ലക്ഷ്യത്തോടെയാണ് ഹൈബി ഈഡൻ എംപി ടാബ്‌ലറ്റ് ചലഞ്ച് ആരംഭിച്ചത്. ഓൺലൈൻ വിദ്യാഭ്യാസം അനിവാര്യമായ സാഹചര്യത്തിൽ സ്വന്തം ശമ്പളത്തിൽ നിന്ന് ടാബ്‌ലറ്റ് വാങ്ങി സർക്കാർ സ്കൂളിലെ കുട്ടികൾക്ക് നൽകി ഹൈബി ഈഡന്‍ ചലഞ്ചിന് തുടക്കമിട്ടു. ഇതിനുപിന്നാലെ സിനിമാ സംവിധായകൻ അരുൺ ഗോപി അടക്കമുള്ളവര്‍ സഹായവുമായി രംഗത്തുവന്നു. ഇപ്പോള്‍ ചലഞ്ചില്‍ പങ്കാളികളായിരിക്കുകയാണ് അണിയറയില്‍ ഒരുങ്ങുന്ന ജയസൂര്യ ചിത്രം 'വെള്ളത്തിന്‍റെ' ടീം. സിനിമയുടെ നിര്‍മാതാക്കള്‍ ധനസഹായം ഹൈബി ഈഡനെ നേരിട്ട് കണ്ട് കൈമാറി. നിർമാതാക്കളിൽ ഒരാളായ രഞ്ജിത് മണബ്രാകാട്ടും പ്രോജക്ട് ഡിസൈനർ ബാദുഷയും ചേർന്നാണ് എം.പിക്ക് ചെക്ക് കൈമാറിയത്. പ്രജീഷ് സെന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍റെ ബാനറിൽ ജോസ് കുട്ടി മഠത്തിൽ, യദു കൃഷ്ണ, രഞ്ജിത് മണബ്രാകാട്ടിൽ എന്നിവരാണ് വെള്ളം നിര്‍മിക്കുന്നത്.