കേരളം

kerala

ETV Bharat / sitara

മമ്മൂട്ടി മനോഹരമാക്കിയ അച്ഛൻവേഷങ്ങളില്‍ ചിലത്.... - മമ്മൂട്ടി കഥാപാത്രങ്ങള്‍

നടന്‍ മമ്മൂട്ടി അവതരിപ്പിച്ച ഓരോ അച്ഛന്‍ കഥാപാത്രവും പല സാമൂഹിക സ്ഥിതികളിലും ചുറ്റുപാടുകളിലും ഉടലെടുത്തവയാണെങ്കിലും അതിനെയൊക്കെ മനോഹരമാക്കുവാൻ മമ്മൂട്ടി എന്ന നടന് കഴിഞ്ഞിട്ടുണ്ട്

malayalam mega star mammootty birthday special  മമ്മൂട്ടി മനോഹരമാക്കിയ അച്ഛൻവേഷങ്ങള്‍  മമ്മൂട്ടി കഥാപാത്രങ്ങള്‍  mega star mammootty birthday special
മമ്മൂട്ടി മനോഹരമാക്കിയ അച്ഛൻവേഷങ്ങളില്‍ ചിലത്....

By

Published : Sep 7, 2020, 12:06 PM IST

മമ്മൂട്ടി എന്ന നടന്‍ 'അച്ഛനായി' മികവാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ച ഒരുപിടി ചിത്രങ്ങള്‍ മലയാളത്തിലും തമിഴിലുമായി പിറവിയെടുത്തിട്ടുണ്ട്. അവയെല്ലാം നിരൂപക പ്രശംസ നേടിയെടുത്തതും ഇന്നും സിനിമാസ്വാദകര്‍ ഒരു മടുപ്പും കൂടാതെ കണ്ടിരിക്കുന്നവയുമായാണ്... മലയാളത്തിലെ അച്ഛൻ വേഷങ്ങളിൽ മുൻപന്തിയിൽ പ്രതിഷ്ഠിക്കപ്പെടാൻ യോഗ്യതയുള്ളവ എല്ലാം... ഓരോ കഥാപാത്രവും പല സാമൂഹിക സ്ഥിതികളിലും ചുറ്റുപാടുകളിലും ഉടലെടുത്തവയാണെങ്കിലും അതിനെയൊക്കെ മനോഹരമാക്കുവാൻ മമ്മൂട്ടി എന്ന നടന് കഴിഞ്ഞിട്ടുണ്ട്. കേവലം ഭംഗി വാക്കല്ല.... യാഥാർഥ്യമാണ്. മമ്മൂട്ടി അനശ്വരമാക്കിയ ചില അച്ഛന്‍ കഥാപാത്രങ്ങളിലൂടെ...

അമരം (1991)

പലതരം വികാരങ്ങളുടെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളെയും മനസിൽ തിരമാലകളായി അലയടിപ്പിച്ച ചിത്രമായിരുന്നു അമരം. മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്ന്. കൂടാതെ ലോഹിതദാസ് ഭരതൻ കൂട്ടുകെട്ടിന്‍റെ മനോഹര സൃഷ്ടി. കടപ്പുറത്തെയും അവിടെത്തെ ജീവിതങ്ങളെയും യാഥാർഥ്യത്തിന്‍റെ ചരടിൽ കോർത്തപ്പോൾ മലയാളത്തിന് ലഭിച്ചത് വർഷങ്ങളുടെ കടന്നുപോക്കുകൾ കൊണ്ട് കാലഹരണപ്പെട്ട് പോകാത്ത സൃഷ്ടിയെയായിരുന്നു.

അച്ചൂട്ടി എന്ന അരയനെയും മകളോടുള്ള ഇഷ്ടങ്ങളും വ്യാകുലതകളും ആത്മനൊമ്പരങ്ങളും പേറുന്ന അച്ഛനെയും മനോഹരമായി അവതരിപ്പിച്ച് മമ്മൂട്ടി എന്ന അഭിനേതാവ് സിനിമാസ്വാദകരെ അമരത്തിലൂടെ വിസ്മയിപ്പിച്ചു. മകള്‍ക്കായി ജീവിതം മുഴുവന്‍ ഉഴിഞ്ഞുവെച്ചിട്ടും ഒടുവില്‍ അച്ചൂട്ടിക്ക് ദുഃഖമായി മാറുന്നൂ മകൾ.. എന്നാൽ അവൾ നല്ല ജീവിതത്തിലേക്കാണ് കാലെടുത്തുവെച്ചതെന്നറിയുമ്പോൾ ദുഃഖവും ദേഷ്യവുമെല്ലാം അച്ചൂട്ടിയിൽ സന്തോഷമായി മാറുന്നു. തന്‍റെ മകൾക്ക് അപ്പുറത്ത് ലോകം അവസാനിക്കുന്ന അച്ചൂട്ടിക്ക് പ്രഹരങ്ങളുടെ കുത്തൊഴുക്ക്‌ തന്നെ നേരിടേണ്ടി വന്നിട്ടും ഒടുവിൽ തന്‍റെ മകൾക്ക് വേണ്ടിയായിരുന്നു മകൾക്ക് വേണ്ടി മാത്രമായിരുന്നു തന്‍റെ ജീവിതമെന്ന് അയാള്‍ അടിവരയിടുന്നുണ്ട്. മകളോടുള്ള സ്നേഹവും അവളുടെ വിജയങ്ങളിലുള്ള ആഹ്ളാദവും ഒടുവിൽ അവൾ നഷ്ടപ്പെടുമ്പോഴുള്ള നൊമ്പരവുമൊക്കെ കാട്ടിത്തരികയായിരുന്നു മമ്മൂട്ടി. എത്ര പ്രശംസിച്ചാലും മതിയാകാത്ത മമ്മൂട്ടി കഥാപാത്രം.

അമരം

പപ്പയുടെ സ്വന്തം അപ്പൂസ് (1992)

തിരക്കുകൾക്കിടയിൽ മക്കളുടെ കൊച്ചു കൊച്ചു കാര്യങ്ങൾ ശ്രദ്ധിക്കാൻ പറ്റാത്ത ഒരുപാട് സുഹൃത്തുകളുണ്ടായിരുന്നു സംവിധായകൻ ഫാസിലിന്. അവരുടെ അനുഭവങ്ങൾ ചേര്‍ത്താണ് ഒരു കഥ ആലോചിക്കാൻ ഫാസിൽ തീരുമാനിച്ചത്. അങ്ങനെയാണ് ഫാസിലിന്‍റെ തിരക്കഥയിലും സംവിധാനത്തിലും 'പപ്പയുടെ സ്വന്തം അപ്പൂസ്' എന്ന മനോഹര സൃഷ്ടി പിറന്നത്. അപ്പൂസിന്‍റെ പപ്പയെ ഒരിക്കൽ കണ്ട് മറവിക്ക് വിട്ടുകൊടുക്കാന്‍ സാധിക്കില്ല. അത് മാത്രമല്ല അയാൾ അനുഭവിച്ച വികാര വിക്ഷോഭങ്ങൾ ഓരോ മലയാളിയെയും ആഴത്തിൽ സ്പർശിച്ചതുമാണ്. അമ്മയുടെ സ്നേഹം കൂടി അച്ഛനിൽ പ്രതിഷ്ഠിച്ച് മകനിലേക്ക് നൽകുന്ന അച്ഛൻ കഥാപാത്രമായി മമ്മൂട്ടി മാറുമ്പോഴും ഒടുവിൽ മകൻ നഷ്ടപ്പെടുമോയെന്നുള്ള വിറങ്ങലിച്ച മനസുമായി മകനെയും തോളിലിട്ട് നടക്കുമ്പോഴും കണ്ടിരുന്ന എല്ലാ അച്ഛന്മാരും ഉള്ളിന്‍റെയുള്ളില്‍ ആ നോവനുഭവിച്ചറിഞ്ഞിരിക്കണം. നാളത്തെ പകലിൽ തന്‍റെ മകൻ ഉണ്ടാകുമോ എന്നറിയാതെ അവനെയും തോളിലിട്ട് പോകേണ്ടി വരുന്ന അച്ഛൻ. മമ്മൂട്ടിയുടെ മറ്റൊരു വിസ്മയപ്രകടനം.

പപ്പയുടെ സ്വന്തം അപ്പൂസ്

കൗരവർ (1992)

ലോഹിതദാസിന്‍റെ രചനയില്‍ ജോഷി സംവിധാനം ചെയ്ത, കാണുന്നവന്‍റെ കണ്ണ് നനയിച്ച ഒരു എവര്‍ഗ്രീന്‍ ആക്ഷന്‍ സിനിമയാണ് മമ്മൂട്ടിയുടെ കൗരവര്‍. ഭാര്യയുടെയും മകളുടെയും ജീവനെടുത്തതിന് പകരം വീട്ടാനിറങ്ങുന്ന ആന്‍റണി, തന്‍റെ മകളും ചന്ദ്രദാസിന്‍റെ കുട്ടികളിലൊരാളായി ജീവിക്കുന്നെണ്ടന്ന ഞെട്ടിക്കുന്ന തിരിച്ചറിവിൽ തകർന്നുപോകുകയും അവിടെ നിന്നങ്ങോട്ട് മകളോടുള്ള വാത്സല്യം തന്‍റെ മുന്നിൽ നിൽക്കുന്ന മൂന്നു കുട്ടികളിൽ ആർക്ക് നൽകണം എന്ന് ചിന്തയില്‍ പകച്ചുപോകുകയുമാണ്. മകളാരാണെന്ന് തിരിച്ചറിയാതെ മകളുടെ വാത്സല്യം കൊടുക്കേണ്ടി വരുന്ന അച്ഛൻ. പിന്നീട് തന്‍റെ മുന്നിൽ നിൽക്കുന്ന മൂന്നുപേരെയും തന്‍റെ മക്കളായി കണ്ട് സ്നേഹിക്കാൻ തുടങ്ങുന്നിടത്ത് സിനിമ അവസാനിക്കുകയുമാണ്. സിനിമയുടെ പകുതിയോളം പുലർത്തിയിരുന്ന പരുക്കൻ കഥാപാത്രത്തിൽ നിന്നും അവസാന പകുതിയിലേക്ക് എത്തുമ്പോൾ അച്ഛന്‍റെ വാത്സല്യത്തിലേക്ക് മുഴുവന്‍ മാറുകയാണ് മമ്മൂട്ടിയുടെ ആന്‍റണി എന്ന കഥാപാത്രം. തന്‍റെ മകളെ തിരിച്ചറിയാനുള്ള വ്യഗ്രതയും, ആകാംഷയും, തന്നിൽ തുളുമ്പുന്ന വാത്സല്യവുമൊക്കെ അതിമനോഹരമായി അവസാന ഭാഗങ്ങളിൽ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നു.

കൗരവര്‍

പാഥേയം (1993)

ഭരതനും ലോഹിതദാസും മമ്മൂട്ടിയും ചേര്‍ന്നൊരുക്കിയ മറ്റൊരു വിസ്മയ ചിത്രമാണ് പാഥേയം. വിധിയുടെ വിളയാട്ടം മൂലം തന്‍റെ മകളെ നഷ്ടപെടുന്ന ചന്ദ്രദാസ് എന്ന എഴുത്തുകാരനാണ് മമ്മൂട്ടി. തന്നെ ഉപേക്ഷിച്ച് പോയ ഭാര്യ മകളെയും കൊണ്ടാണ് അയാളുടെ ജീവിതത്തിൽ നിന്നും അകന്ന് പോവുന്നത്. മകളെ ഒരുവട്ടം കാണാന്‍ അയാള്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ അയാൾ അതിന് മുതിരുന്നില്ല. മറ്റൊരാളുമൊത്ത് ജീവിക്കുന്ന ഭാര്യയുടെ അടുത്തേക്ക് മകളെ അന്വേഷിച്ച് ചെല്ലാൻ അയാൾ മടിച്ചിരുന്നു. എന്നാൽ താൻ നഷ്ടപ്പെടുത്തിയെന്ന് കരുതിയ തന്‍റെ മകളെ കാലം അയാൾക്ക് മുന്നിൽ എത്തിക്കുന്നു. ഇക്കാലമത്രയും മകൾക്ക് കൊടുക്കുവാൻ കഴിയാതെ സൂക്ഷിച്ച് വെച്ച വാത്സല്യവും സ്നേഹവും നൽകുവാൻ അയാൾക്ക് അവസരം ലഭിക്കുന്നു. തുടര്‍ന്നുള്ള ഇരുവരുടെയും ജീവിതമാണ് പാഥേയം പറയുന്നത്. വൈവിധ്യമാർന്ന അച്ഛൻ വേഷങ്ങൾ ഇക്കാലയളവിൽ മമ്മൂട്ടി എന്ന നടൻ അവതരിപ്പിച്ചിട്ടുണ്ട്. അവയില്‍ ആസ്വാദകനെ ആഴത്തിൽ സ്പർശിച്ച ഒരച്ഛൻ കഥാപാത്രമാണ് പാഥേയത്തിലെ ചന്ദ്രദാസ്. മകളെ തിരിച്ചുകിട്ടുമ്പോഴും പിന്നീട് പിരിയേണ്ടി വരുമ്പോഴുമുള്ള ഒരച്ഛന്‍റെ ആത്മസംഘർഷങ്ങൾ അത്രമേൽ മികച്ചതാക്കിയിരിക്കുന്നു മമ്മൂട്ടി.

പാഥേയം

ഭൂതകണ്ണാടി (1997)

ലോഹിതദാസ് എന്ന തിരക്കഥാകൃത്തിന്‍റെ ആദ്യ സംവിധാന സംരംഭം 'സ്കീസോഫ്രീനിയ' എന്ന മനോനിലയിൽ ജീവിക്കേണ്ടി വരുന്ന വിദ്യാധരൻ എന്ന കഥാപാത്രത്തിന് മമ്മൂട്ടിയിലൂടെ പൂർത്തീകരണം സംഭവിച്ചപ്പോൾ മമ്മൂട്ടി എന്ന നടന്‍റെ എണ്ണം പറഞ്ഞ പ്രകടനങ്ങളിൽ മുൻ നിരയിലേക്ക് ചെക്കേറുകയായിരുന്നു വിദ്യാധരൻ. തനിക്ക് നേർക്കാഴ്ച്ചയാകേണ്ടി വന്ന ഒരു സാഹചര്യത്തിൽ നിന്നും തന്‍റെ മകളെ കാത്തിരിക്കുന്നതും അതേ അവസ്ഥയാണെന്നുള്ള വ്യാകുലത, എപ്പോഴും അദ്ദേഹത്തെ ഒരു കുട്ടിയുടെ കരച്ചിൽ കേൾപ്പിക്കുകയാണ്. പിന്നീട് ഉറക്കം പോലും നഷ്ടപ്പെടുന്ന വിദ്യാധരൻ ഭൂതക്കണ്ണാടിയിലൂടെ കാണുന്നതും മകൾ വളർന്നാൽ ഇനി ഉറങ്ങരുത് എന്ന് പറയുന്ന മാതാപിതാക്കളെയാണ്. മമ്മൂട്ടിയുടെ മറ്റൊരു മികച്ച പ്രകടനം.

ഭൂതകണ്ണാടി

കാഴ്ച (2004)

'സാറേ...നമുക്കവനെ തിരികെ കൊണ്ടുപോയാലോ...ഞാൻ നോക്കിക്കോളാം' നിസഹായതയുടെ അച്ഛന്‍ ഭാവങ്ങളില്‍ മമ്മൂട്ടി എന്ന അഭിനേതാവിനെ പലകുറി കണ്ടിട്ടുണ്ട് പ്രേക്ഷകര്‍. എന്നാൽ പൂർണമായും തകര്‍ന്നുനില്‍ക്കുന്നൊരു മനുഷ്യനെ, അയാളിലെ തികഞ്ഞ ശൂന്യതയെ ഇത്രയും മികച്ചതായി മറ്റൊരു നടനും അഭിനയിച്ച് ഫലിപ്പിച്ചിട്ടില്ലെന്ന് തന്നെ പറയേണ്ടി വരും. ഉള്ളില്‍പേറുന്ന നോവുകളെയും വ്യാകുലതകളെയും വിനിമയം ചെയ്യാന്‍ ഓപ്പറേറ്റർ മാധവന് ആരുമുണ്ടായിരുന്നില്ല. 'അച്ഛൻ... അമ്മ' എന്ന് പവൻ ചോദിക്കുമ്പോൾ ശബ്ദമില്ലാതെ അയാൾ പൊട്ടിപ്പോകുന്നു... തന്‍റെ ശരീരഭാവങ്ങളെയും മുഖത്തെ ഭാവങ്ങളെയും കൈയ്യടക്കത്തോടെ അവതരിപ്പിച്ച് മാധവന്‍റെ നിസഹായതകളെയും വേദനകളെയും മമ്മൂട്ടി എന്ന അഭിനേതാവ് കാണികളുടെ ഉള്ളില്‍ കൊള്ളുന്ന കാഴ്ചയാക്കി മാറ്റുകയായിരുന്നു കാഴ്ച എന്ന ചിത്രത്തിലൂടെ.

കാഴ്ച

പളുങ്ക് (2006)

ജീവിതത്തെ വല്ലാതെ സ്നേഹിക്കുന്ന മോനിച്ചന്‍റെ നഗര ജീവിതവും അതിനിടയില്‍ കുടുംബത്തെ വേണ്ടവിധം ശ്രദ്ധിക്കാനാവാത്തതും അദ്ദേഹത്തിന്‍റെ മൂത്തമകള്‍ക്ക് സംഭവിക്കുന്ന ദുരന്തവുമാണ് ചിത്രം പറയുന്നത്. മോനിച്ചനെന്ന നാട്ടിന്‍പുറത്തുകാരനായി മമ്മൂട്ടിയുടെ മനോഹര പ്രകടനം. മകള്‍ക്ക് സംഭവിക്കുന്ന ദുരന്തത്തിന് ശേഷം നീതിക്ക് വേണ്ടിയുള്ള മോനിച്ചന്‍റെ നിയമപോരാട്ടവും അവസാനം നീതി നിഷേധിക്കപ്പെടുമ്പോഴുള്ള അതിഭാവുകത്വമില്ലാത്ത പ്രകടനം. മമ്മൂട്ടിയിലെ അഭിനേതാവിലെ അച്ഛന്‍ കഥാപാത്രത്തിന് നൂറില്‍ നൂറ് മാര്‍ക്ക് കൊടുത്തു മലയാളി. ബ്ലെസിയായിരുന്നു പളുങ്ക് മലയാളിക്ക് സമ്മാനിച്ചത്.

പളുങ്ക്

വര്‍ഷം (2014)

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത് 2014ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു വര്‍ഷം. അഭിനയം കൊണ്ട് മമ്മൂട്ടി പ്രേക്ഷകനെ കരയിപ്പിച്ച മറ്റൊരു സിനിമ. വേണുവെന്ന ഫൈനാന്‍സ് കമ്പനി മുതലാളിക്കും ഭാര്യ നന്ദിനിക്കും എല്ലാം തങ്ങളുടെ ഏകമകനാണ്. തങ്ങളുടെ സമ്പാദ്യമെല്ലാം ചേര്‍ത്തുവെക്കുകയാണ് അവരുടെ ഒരു കുന്ന് സ്വപ്നങ്ങള്‍ ഏക മകനിലൂടെ പൂര്‍ത്തീകരിക്കാന്‍. എന്നാല്‍ വിധി കരുതിവെച്ചത് മറ്റൊന്നായിരുന്നു. ഒരു ദിവസം മകന്‍ പെട്ടന്ന് മരിക്കുന്നു. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ. എല്ലാ പ്രതീക്ഷകളും ഒറ്റ ദിവസം കൊണ്ട് ചിതയില്‍ അമരുന്നു. പിന്നീട് മകന് നല്‍കാന്‍ കരുതിവെച്ചതെല്ലാം അവര്‍ പങ്കുവെക്കുകയാണ് സ്വാര്‍ഥതകളില്ലാതെ... ഒരു അച്ഛനായുള്ള രക്ഷിതാവായുള്ള മമ്മൂട്ടിയുടെ മറ്റൊരു ഗംഭീര പ്രകടനം. മമ്മൂട്ടിയുടെ അച്ഛന്‍ കഥാപാത്രങ്ങളില്‍ നിന്ന് വേണുവിനെ ഒരിക്കലും മാറ്റിനിര്‍ത്താനാവില്ല.

വര്‍ഷം

പേരൻപ് (2018)

അടുത്ത കാലത്ത് മമ്മൂട്ടയിലെ നടനെ വീണ്ടും കണ്ടുമുട്ടിയ സിനിമയായിരുന്നു പേരന്‍പ്. പറയാൻ മടിക്കുന്ന വിഷയങ്ങളിലൂടെ റാം മനോഹരമാക്കിയ സിനിമ. സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, വൈകാരികാവസ്ഥയിലുള്ള പെണ്‍കുട്ടിയുടെ അച്ഛനാണ് അമുദവന്‍ എന്ന മമ്മൂട്ടി കഥാപാത്രം. ഈ അച്ഛന്‍റെയും മകളുടെയും കഥയിലൂടെ പലവിധ ജീവിതസാഹചര്യങ്ങളാലും ശാരീരികമായ സവിശേഷതകളാലും ഒറ്റപ്പെട്ടും ഓരം ചേര്‍ക്കപ്പെട്ടും പോകുന്ന മനുഷ്യരിലേക്കാണ് സിനിമ സഞ്ചരിക്കുന്നത്. സവിശേഷ ശാരീരിക, വൈകാരികാവസ്ഥയിലുള്ള മകളോടുള്ള ഇടപെടലുകളിൽ ഒരച്ഛന് വന്നേക്കാവുന്ന പരിമിതികളും, തന്‍റെ മകളോട് ഇടപെടാന്‍ കഴിയാതെ വരുമ്പോഴുള്ള അവസ്ഥകള്‍ തുടങ്ങിയവയെല്ലാം കാഴ്ച കൊണ്ട് അനുഭവിക്കത്തക്ക രീതിയിൽ അനുഭവവേദ്യമാക്കിയിരിക്കുകയാണ് അമുദവനിലൂടെ മമ്മൂട്ടി. തന്‍റെ മകൾക്ക് വേണ്ടി എന്ത് ചെയ്യണമെന്നോ, എങ്ങനെ ഇടപെടണമെന്നോ ഒന്നുമറിയാതെ പകച്ചുപോകുന്ന അച്ഛൻ.

പേരന്‍പ്

ABOUT THE AUTHOR

...view details