സ്വന്തം ജീവൻ ത്യജിച്ചും പിറന്ന നാടിനെ സംരക്ഷിച്ച പൂർവികരുടെ സമർപ്പണമാണ് സ്വതന്ത്രഭാരതം. വിദേശിയുടെ ബൂട്ടുകൾക്കിടയിൽ കഴുത്തമരുമ്പോഴും വന്ദേ മാതരം എന്ന് ഉറക്കെ വിളിച്ച ധീര യോദ്ധാക്കള്‍. സ്വാഭിമാനവും സ്വദേശവും ജീവന് വേണ്ടി പണയം വെക്കാതെ പോരാടിയപ്പോൾ, വെടിയുണ്ടകളും തൂക്കുകയറുമാണ് ധീര യോദ്ധാക്കൾക്ക് മറുപടിയായി കിട്ടിയത്. ദേശീയതയും പൗരബോധവും മുറുകെ പിടിച്ച് ശത്രുക്കളെ നേരിടുന്ന സ്വാതന്ത്ര്യസമരപോരാളികളുടെ കഥകൾ പുസ്‌തകത്താളുകളിൽ മാത്രമല്ല, പല ഭാഷകളിലായി പുറത്തിറങ്ങിയ സിനിമകളിലൂടെയും പിൻതലമുറ കണ്ടറിഞ്ഞു.
കച്ചവട കമ്പോളങ്ങൾ ലക്ഷ്യമിട്ട് പതിനേഴാം നൂറ്റാണ്ടിൽ ഇന്ത്യൻ മണ്ണിലേക്ക് കാലുകുത്തിയ ബ്രിട്ടീഷുകാർ പിന്നീട് ഇന്ത്യയെ കീഴടക്കി ഭരിച്ചതും കൊള്ളയടിച്ചതും ചരിത്രം. സൂര്യനസ്‌തമിക്കാത്ത ദേശക്കാർ രാജ്യമൊട്ടാകെ അവരുടെ ഭരണം വ്യാപിപ്പിച്ചു.... വ്യത്യസ്‌ത മതങ്ങളിലും വിഭാഗങ്ങളിലും പെട്ട ഭാരതീയന്‍റെ ഐക്യം പൊട്ടിച്ചെറിയാൻ ഭിന്നിപ്പിച്ച് ഭരിക്കൽ എന്ന തന്ത്രം പയറ്റി... 1947ന് മുമ്പുള്ള ഭാരതം സംഭവബഹുലമായ സമരപോരാട്ട ചരിത്രങ്ങൾക്ക് സാക്ഷ്യം വഹിച്ചു. അതിനും ഏറെക്കാലം മുമ്പ് പോർച്ചുഗീസ്, ഡച്ച്, ഫ്രഞ്ച് എന്നീ അധിനിവേശങ്ങള്‍ക്കും രാജ്യം ഇരയായി. തിളച്ച രക്തം സിരകളിലൊഴുകിയ അന്നത്തെ ധീരന്മാർ ആയുധധാരികളായ വിദേശ സൈന്യത്തോട് നേർക്കുനേർ മല്ലിട്ടു, പോരാടി, ഒടുവിൽ ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള യുദ്ധത്തിൽ വിജയിച്ചു.
അശുതോഷ് ഗോവാരിക്കരുടെ ഹിന്ദി ചിത്രം ലഗാൻ, പ്രിയദർശൻ ചിത്രം കാലാപാനി എന്നിവ സാങ്കൽപിക കഥകളാണെങ്കിലും കോളനി ഭരണവും ക്രൂരതകളും വ്യക്തമായി അവതരിപ്പിച്ചു. മലയാള സിനിമയിലാവട്ടെ ചരിത്രം വെള്ളിത്തിരയിൽ എത്തിച്ച മിക്ക ചിത്രങ്ങളെയും തിയേറ്ററുകളിൽ പ്രേക്ഷകൻ ഇരുകൈയുംനീട്ടി സ്വീകരിച്ചു. പിറന്ന നാട്ടിൽ ചോര നീരാക്കി പണിയെടുത്തിട്ടും വിശപ്പിന് ആഹാരവും ഉടുക്കാൻ വസ്‌ത്രവുമില്ലാത്ത കാലം, കപ്പം നൽകി വിദേശിയുടെ അധീനതയിൽ ജീവിക്കേണ്ട ദുരവസ്ഥ, സ്വന്തം നാട്ടുഭാഷ പോലും അഭ്യസിക്കാൻ വിലക്കേർപ്പെടുത്തിയ വിദ്യാലയങ്ങൾ, അങ്ങനെ അവകാശങ്ങൾ വെറും സാങ്കൽപികമായി മാറിയ കാലത്തെ ചരിത്രകാരന്മാർക്കൊപ്പം ചലച്ചിത്രകാരന്മാരും അടയാളപ്പെടുത്തി. ബ്രിട്ടീഷ് സൈന്യത്തിനെതിരെയുള്ള പോരാട്ടങ്ങളും ചെറുത്തു നിൽപ്പുകളും തിരശ്ശീലയിലൂടെ പ്രേക്ഷകൻ അടുത്തറിഞ്ഞു.
വേലുത്തമ്പി ദളവ
മാർത്താണ്ഡവർമ്മയ്‌ക്ക് ശേഷം മലയാളം കണ്ട പുതിയ ചരിത്രസിനിമ; വേലുത്തമ്പി ദളവ. കൊട്ടാരക്കര ശ്രീധരൻ നായരെ നായകകഥാപാത്രമാക്കി ജി. വിശ്വനാഥ്, എസ്.എസ് രാജൻ എന്നിവരുടെ സംവിധാനത്തിൽ 1962ലാണ് ചിത്രം പുറത്തിറങ്ങുന്നത്. 1802 മുതൽ 1809 കാലയളവിൽ തിരുവിതാംകൂർ ദളവയായിരുന്ന വേലുതമ്പി ദളവയുടെ ജീവിതമാണ് ജഗതി എൻ.കെ. ആചാരി സിനിമയുടെ കഥാതന്തുവാക്കിയത്. 19-ാം നൂറ്റാണ്ടിലെ കേരളസമൂഹത്തെ വേലുത്തമ്പി ദളവിയൽ സംവിധായകർ അവതരിപ്പിച്ചു.
"കമ്പനിയുടെ വേരുകൾ ഈ മണ്ണിൽ നിന്നും ചീണ്ടിയെടുത്ത് വേണമെങ്കിൽ അറബിക്കടലിൽ എടുത്തു കളയും," ഒപ്പം, അന്ന് ഈ നാടിനെ കീഴടക്കി വച്ചിരുന്ന വെള്ളപ്പടക്കെതിരെയുള്ള ദളവയുടെ ശബ്‌ദവും ചിത്രത്തിൽ പ്രതിഫലിച്ചു. പള്ളിക്കൂടവും റോഡുകളും ഈ നാടിന്‍റെ നന്മക്ക് വേണ്ടി പണിതുയർത്തിയെന്ന് അവകാശപ്പെട്ട ബ്രിട്ടീഷുകാരനോട് തങ്ങളുടെ സൈന്യത്തിനും കച്ചവടാവശ്യങ്ങൾക്കുമാണ് അവയെല്ലാം നിർമിച്ചതെന്ന് ദളവ പ്രതികരിക്കുന്നു. ദക്ഷിണാ മൂർത്തിയുടെയും പാർത്ഥസാരഥിയുടെയും സംഗീതം കൂടി വേലുത്തമ്പി ദളവയിലേക്ക് പകർന്നപ്പോൾ ചരിത്രാഖ്യാനമായ ചിത്രത്തെ മലയാളി പ്രേക്ഷകർ ഇരുകൈനീട്ടി സ്വീകരിച്ചു.
പഴശ്ശിരാജ
1964ലും 35 വർഷങ്ങൾക്ക് ശേഷവും മലയാള സിനിമയിൽ കേരളസിംഹത്തിന്‍റെ പോരാട്ടകഥ പ്രമേയമാക്കി കലാസൃഷ്‌ടികൾ ഉണ്ടായി. ബ്രിട്ടീഷുകാർക്കെതിരെ ചെറുത്തു നിന്ന പഴശ്ശിരാജ, ഒടുവിൽ കീഴടങ്ങാതെ സ്വയം മരണം വരിച്ച സാഹസിക കഥ 70 ദശകങ്ങൾക്ക് പിന്നിലേക്കുള്ള സമൂഹത്തെയാണ് ചിത്രീകരിച്ചത്. 1964ൽ കുഞ്ചാക്കോ സംവിധാനം ചെയ്‌ത പഴശ്ശിരാജയിൽ ടൈറ്റിൽ റോളിലെത്തിയത് കൊട്ടാരക്കര ശ്രീധരൻ നായരാണ്. ഒപ്പം സത്യൻ, പ്രേംനസീർ തുടങ്ങിയ പ്രഗൽഭ നടന്മാരും ചിത്രത്തിന്‍റെ ഭാഗമായി. വയലാറിന്‍റെ വരികളും ആർ.കെ ശേഖരിന്‍റെ ഈണവും പഴശ്ശിരാജയെ പ്രേക്ഷകന് ഹൃദ്യസ്ഥമാക്കി.
2009ലെ പുതിയ പതിപ്പിലാകട്ടെ മെഗാസ്റ്റാർ മമ്മൂട്ടിയായിരുന്നു കേരള പഴശ്ശിരാജയെ അവതരിപ്പിച്ചത്. ഹരിഹരന്‍റെ സംവിധാനത്തിൽ ഒരുക്കിയ പഴശ്ശിരാജ, 2009ലെ മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും നേടി.
ഉത്തരായണം
"പാടത്ത് പണിയുന്നവന് ഭക്ഷണമില്ല, അവനെന്നും പട്ടിണിയിൽ ജീവിക്കുന്നു. നെയ്യുന്നവന് തുണിയില്ല, അവനെന്നും നഗ്നതയിൽ കഴിയുന്നു. ഈ പൊരുത്തക്കേട്... ദുസ്ഥിതി ഇത് വിദേശസാമ്രാജ്യത്വത്തിന്‍റെ ചൂഷണത്തിൽ നിന്നും ഉണ്ടായതാണ്. ഇതവസാനിക്കണം. എന്ത് വില കൊടുത്തും ഇതവസാനിപ്പിക്കണം. മുപ്പത്തിമുക്കോടി ഭാരതീയർക്ക് പൂർണ സ്വാതന്ത്ര്യത്തിന്‍റെ ശുദ്ധവായു ശ്വസിക്കാൻ കഴിയണം. ഇവിടെ ജനകീയ ജനാധിപത്യം പുലരണം. കാരിരുമ്പ് ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് യുവഭാരതം ഉയർത്തെഴുന്നേൽക്കുകയാണ്. അന്ധരുടെ കണ്ണുകൾ മൊഴിയട്ടെ, ബധിരരുടെ ചെവികൾ തുറക്കട്ടെ," മലയാള സിനിമയെ അന്താരാഷ്‌ട്ര തലത്തിലെത്തിച്ച ജി. അരവിന്ദൻ സംവിധാനം ചെയ്ത ഉത്തരായണം ബ്രിട്ടീഷ് ശക്തികൾക്കെതിരെയുള്ള പോരാട്ടവീര്യമാണ് ശരമായി തൊടുത്തുവിട്ടത്.
തിക്കൊടിയന്‍റെ നാടകത്തെ വെള്ളിത്തിരയിൽ പകർത്തി ഒരു കാലഘട്ടത്തെ ശക്തമായി ആവിഷ്‌കരിക്കാൻ ചിത്രത്തിലൂടെ അരവിന്ദന് കഴിഞ്ഞു. അടൂർ ഭാസി, ബാലൻ കെ. നായർ, സുകുമാരൻ, മല്ലികാ സുകുമാരൻ എന്നിവരായിരുന്നു ഉത്തരായണത്തിലെ പ്രധാന താരങ്ങൾ.