കേരളം

kerala

ETV Bharat / sitara

മോസ്‍കോ ചലച്ചിത്രോത്സവത്തില്‍ തിളങ്ങാന്‍ മലയാള സിനിമ - Malayalam film

അടൂര്‍ ഗോപാലകൃഷ്ണന്‍റെ സ്വയംവരം, വേണുവിന്‍റെ മുന്നറിയിപ്പ് എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് മോസ്‍കോ മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള മലയാള ചിത്രങ്ങള്‍.

Malayalam film to shine at Moscow Film Festival  മോസ്‍കോ ചലച്ചിത്രോത്സവം  1956, മധ്യതിരുവിതാംകൂര്‍  ബിരിയാണി  അടൂര്‍ ഗോപാലകൃഷ്ണന്‍റെ സ്വയംവരം  Malayalam film  Moscow Film Festival
മോസ്‍കോ ചലച്ചിത്രോത്സവത്തില്‍ തിളങ്ങാന്‍ മലയാള സിനിമ

By

Published : Aug 28, 2020, 5:01 PM IST

മോസ്‍കോ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിച്ച സിനിമകളില്‍ രണ്ട് മലയാള ചിത്രങ്ങളും. യുവസംവിധായകരായ ഡോണ്‍ പാലത്തറയുടെ '1956, മധ്യതിരുവിതാംകൂര്‍', സജിന്‍ ബാബുവിന്‍റെ 'ബിരിയാണി' എന്നീ സിനിമകളാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വേള്‍ഡ് പ്രീമിയര്‍ വിഭാഗത്തിലാകും '1956, മധ്യതിരുവിതാംകൂര്‍' പ്രദര്‍ശിപ്പിക്കുക. 'ബിരിയാണി' റഷ്യന്‍ പ്രീമിയറായിരിക്കും.

1956ല്‍ രണ്ട് സഹോദരങ്ങള്‍ ഏതാനും സുഹൃത്തുക്കളെ കൂട്ടി ഒരു കാട്ടുപോത്തിനെ വെടിവെക്കാന്‍ കാടിനുള്ളില്‍ പോകുന്നതിനെത്തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളാണ് '1956, മധ്യതിരുവിതാംകൂര്‍' പറയുന്നത്. ഇടുക്കിയിലും തമിഴ്നാട്ടിലുമായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ അടുത്ത കാലത്തിറങ്ങിയ അപൂര്‍വ്വം സിനിമകളില്‍ ഒന്നുകൂടിയാണിത്. ശവം, വിത്ത് എന്നിവയാണ് ഡോണ്‍ പാലത്തറയുടെ മറ്റ് ചിത്രങ്ങള്‍. ഖദീജ എന്ന ഒരു മുസ്ലീംസ്ത്രീയുടെ ജീവിതത്തിലൂടെയാണ് ബിരിയാണി സിനിമ സഞ്ചരിക്കുന്നത്. കനി കുസൃതിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീകളുടെ മാനസിക സംഘര്‍ഷങ്ങളെ വരച്ചുകാട്ടാന്‍ സിനിമയിലൂടെ സംവിധായകന്‍ ശ്രമിച്ചു. രാജ്യം നേരിടുന്ന സാമൂഹികപ്രശ്നങ്ങളും സിനിമയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഗായിക പുഷ്പവതി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇറ്റലിയിലെ ഏഷ്യാറ്റിക്ക ഫിലിം ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയര്‍ ആയി പ്രദര്‍ശിപ്പിച്ച ബിരിയാണിക്ക് നെറ്റ്പാക് പുരസ്‍കാരം ലഭിച്ചിരുന്നു.

ഇന്‍റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍സിന്‍റെ അക്രഡിറ്റേഷന്‍ ഉള്ള ലോകത്തിലെ 15 പ്രധാന ചലച്ചിത്രോത്സവങ്ങളില്‍ ഒന്നാണ് മോസ്‍കോ ചലച്ചിത്രോത്സവം. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന മോസ്‍കോ ചലച്ചിത്രോത്സവം ഒക്ടോബറിലേക്ക് മാറ്റിവെക്കുകയായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍റെ സ്വയംവരം, വേണുവിന്‍റെ മുന്നറിയിപ്പ് എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് മോസ്‍കോ മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള മലയാളചിത്രങ്ങള്‍.

ABOUT THE AUTHOR

...view details