സച്ചി എന്ന തിരക്കഥാകൃത്തും സംവിധായകനുമായ അതുല്യനായ കലാകാരന്‍റെ അപ്രതീക്ഷിതമായ വേര്‍പാടില്‍ വിതുമ്പുകയാണ് മലയാള സിനിമ. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ഇന്നലെയായിരുന്നു അന്ത്യം. നിരവധി ചിത്രങ്ങള്‍ക്ക് മനോഹരമായ തിരക്കഥകള്‍ ഒരുക്കിയ സച്ചി രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. സച്ചിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയാണ് മലയാള സിനിമയിലെ താരങ്ങള്‍.
സച്ചിയുടെ വേര്‍പാടില്‍ വിതുമ്പി മലയാള സിനിമ - director sachi death
പൃഥ്വിരാജ്, ബിജു മേനോന്‍, മോഹന്‍ലാല്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, രജിഷ വിജയന്‍, നൈലാ ഉഷ, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങളെല്ലാം പ്രിയപ്പെട്ട സംവിധായകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
വലിയ നഷ്ടമാണ് സച്ചിയുടെ വിയോഗം മൂലം ഉണ്ടായിരിക്കുന്നതെന്ന് സംവിധായകന്‍ ഡോ.ബിജു മാധ്യമങ്ങളോട് പറഞ്ഞു. തിയേറ്ററുകളെ പ്രേക്ഷകർ ആർത്തിരമ്പുന്ന പൂരപ്പറമ്പുകളാക്കാൻ നിസാരാമായി കഴിയുന്ന മാന്ത്രികനായിരുന്നു സച്ചിയെന്ന് ബി.ഉണ്ണികൃഷ്ണൻ കുറിച്ചു. നഷ്ടങ്ങളുടെ വര്‍ഷത്തില്‍ നികത്താനാകാത്ത ഒരു നഷ്ടം കൂടിയെന്നാണ് നടി മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. രാമലീലയിലൂടെ തനിക്ക് ജീവിതം തിരിച്ച് തന്ന സച്ചി വിടപറയുമ്പോൾ വാക്കുകൾ മുറിയുന്നുവെന്നാണ് നടന്‍ ദിലീപ് കുറിച്ചത്. അകാലത്തില്‍ അണഞ്ഞുപോയ പ്രതിഭക്ക് ആദരാഞ്ജലികളെന്നാണ് മമ്മൂട്ടി കുറിച്ചത്. പൃഥ്വിരാജ്, ബിജു മേനോന്‍, മോഹന്‍ലാല്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, രജിഷ വിജയന്‍, നൈലാ ഉഷ, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങളെല്ലാം പ്രിയപ്പെട്ട സംവിധായകന് ആദരാഞ്ജലികള്‍ നേര്‍ന്നിട്ടുണ്ട്.
ഗുരുതരാവസ്ഥയിലാണ് സച്ചിയെന്ന വാര്‍ത്ത പുറത്ത് വന്നപ്പോള്‍ മുതല്‍ പ്രാര്‍ഥനയിലായിരുന്നു മലയാള സിനിമാ ലോകവും സച്ചിക്ക് പ്രിയപ്പെട്ടവരും ആ അനുഗ്രഹീത പ്രതിഭയുടെ ആരാധകരും. എന്നാല്‍ പ്രാര്‍ഥനകളെല്ലാം വിഫലമാക്കി സച്ചി എന്ന പ്രതിഭ യാത്രയായി.