സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വ്യാപകമായി പ്രചരിക്കുന്ന ഹാഷ്‌ടാഗുകളില്‍ ഒന്നാണ് 'സേവ് ലക്ഷദ്വീപ്' . ലക്ഷദ്വീപിന്‍റെ നൂറ്റാണ്ടുകൾ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസപ്പെടുത്തുന്ന തരത്തിലുള്ള ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെയാണ് സേവ് ലക്ഷദ്വീപ് ഹാഷ്‌ടാഗുകള്‍ സംസാരിക്കുന്നത്. ക്യാമ്പെയ്‌നിന് കരുത്ത് പകർന്ന് സിനിമാ താരങ്ങളായ പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, വീണ നായര്‍ എന്നിവരും വി.ടി ബൽറാം അടക്കമുള്ള നേതാക്കളും രംഗത്ത് എത്തിയുണ്ട്. 2020 ഡിസംബറില്‍ പുതിയ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററായി പ്രഫുൽ ഖോഡ പട്ടേൽ എന്ന ബിജെപി നേതാവ് എത്തിയതോടെ ഉണ്ടായ മാറ്റങ്ങളാണ് ഇപ്പോൾ പ്രശ്നങ്ങൾക്ക് കാരണമായിരിക്കുന്നത്. ദ്വീപിലെ ജനതയുടെ ജീവിത രീതിയെ തന്നെ ബാധിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് എന്നാണ് ഉയരുന്ന ആരോപണം.
ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ നടപടികൾ വിചിത്രമാണെന്നും പുരോഗതിക്ക് വേണ്ടിയാണെങ്കിൽ പോലും ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്നുമാണ് സേവ് ലക്ഷദ്വീപ് ഹാഷ്‌ടാഗിനൊപ്പം പൃഥ്വിരാജ് കുറിച്ചത്. അഡ്‌മിനിസ്ട്രേറ്ററുടെ നടപടികൾ എതിർക്കപ്പെടേണ്ടതാണെങ്കിൽ അതിനായി ഇടപെടലുകളുണ്ടാകണമെന്നും ലക്ഷദ്വീപിലെ ജനതയോടൊപ്പം നിൽക്കുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
'ലക്ഷദ്വീപ്... ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഉല്ലാസയാത്രയ്ക്ക് പോയതാണ് മനോഹരമായ ഈ ദ്വീപിനെ കുറിച്ചുള്ള എന്‍റെ ആദ്യ ഓർമകൾ. വർഷങ്ങൾക്കുശേഷം... സച്ചിയുടെ അനാർക്കലി ടീമിനൊപ്പം ഇവിടെയെത്തി. അന്ന് ഞാൻ കവരത്തിയില്‍ രണ്ട് മാസം ചെലവഴിച്ചു. ജീവിതകാലം മുഴുവൻ ഒപ്പമുണ്ടാകുന്ന സുഹൃത്തുക്കളെയും ഓര്‍മകളെയും സ്വന്തമാക്കി. രണ്ട് വർഷം മുമ്പ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിനായി വീണ്ടുമെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ ദ്വീപിലെ എനിക്കറിയുന്നതും അറിയാത്തതുമായ ആളുകളിൽ നിന്ന് നിരാശ നിറഞ്ഞ സന്ദേശങ്ങൾ ലഭിക്കുന്നു. അവിടെ നടക്കുന്ന കാര്യങ്ങളിൽ പൊതുജനശ്രദ്ധ ആകർഷിക്കാൻ എനിക്ക് കഴിയുന്നത് ചെയ്യാൻ അവര്‍ അഭ്യര്‍ഥിക്കുന്നു. എനിക്കറിയാവുന്ന കാര്യമെന്തെന്നാൽ, എനിക്കറിയാവുന്ന ദ്വീപുവാസികളും എന്നോട് സംസാരിച്ചവരും ഇപ്പോള്‍ അവിടെ നടക്കുന്ന കാര്യങ്ങളില്‍ സന്തുഷ്ടരല്ല. ഏതെങ്കിലും നിയമമോ പരിഷ്‌കരണമോ ഭേദഗതിയോ ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ആ ദേശത്തെ ജനങ്ങൾക്ക് വേണ്ടിയാണെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ ഒരു കേന്ദ്ര ഭരണ പ്രദേശത്തെയോ സൃഷ്ടിക്കുന്നത് ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ അതിർത്തിയല്ല. മറിച്ച് അവിടെ താമസിക്കുന്ന ആളുകളാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാർഗമായി മാറുന്നു... എനിക്ക് ഈ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്, നമ്മുടെ ജനങ്ങളിൽ അതിലേറെ വിശ്വാസമുണ്ട്. നാമനിർദേശം ചെയ്യപ്പെട്ട ഒരു അതോറിറ്റിയുടെ തീരുമാനങ്ങളിൽ ഒരു സമൂഹം മുഴുവനും അസംതൃപ്തരാകുമ്പോൾ ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കണം. അല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് ഞാൻ കരുതുന്നു. ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം കേള്‍ക്കുക, അവരുടെ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്ന് അറിയാൻ അവരെ വിശ്വസിക്കുക. ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണിത്. അതിലും മനോഹരമായ ആളുകൾ അവിടെ താമസിക്കുന്നു.' പൃഥ്വിരാജ് കുറിച്ചു. പൃഥ്വിരാജ് ചിത്രം അനാര്‍ക്കലി പൂര്‍ണമായും ലക്ഷദ്വീപിലാണ് ചിത്രീകരിച്ചത്.