കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചതിനാല്‍ ഒടിടി റിലീസിനെത്തിയ ഓപ്പറേഷന്‍ ജാവയ്‌ക്ക് അഭിനന്ദനങ്ങളുമായി മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളും സംവിധായകരും. സുരേഷ് ഗോപി, കുഞ്ചോക്കോ ബോബന്‍, പൃഥ്വിരാജ്, മിഥുന്‍ മാനുവല്‍ തോമസ്, മഞ്ജുവാര്യര്‍, റോഷന്‍ ആന്‍ഡ്രൂസ് എന്നിവരാണ് സംവിധായകന് സോഷ്യല്‍മീഡിയയിലൂടെ അഭിനന്ദം അറിയിച്ചത്. സിനിമ സ്ട്രീമിങ് ആരംഭിച്ച അന്ന് തന്നെ സിനിമ കണ്ട് അഭിനന്ദനവുമായി ആദ്യം എത്തിയത് നടന്‍ കുഞ്ചോക്കോ ബോബനായിരുന്നു. അതിമനോഹരമായി സിനിമ ഒരുക്കിയിരുന്നുവെന്നും രണ്ടാംഭാഗം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമാണ് കുഞ്ചാക്കോ ബോബന്‍ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി അയച്ച സന്ദേശത്തില്‍ കുറിച്ചത്.
'ഞാൻ അടുത്തിടെ കണ്ട മികച്ച സിനിമകളിലൊന്ന്... നിങ്ങൾ ഓരോരുത്തർക്കും അഭിനന്ദനങ്ങൾ... സംവിധായകനും എഴുത്തുകാരനുമായി തരുൺ നിങ്ങൾ ഒരു മികച്ച ജോലി ചെയ്‌തു... എന്‍റെ പ്രിയപ്പെട്ട സുഹൃത്ത് ബിനു പപ്പുവും മറ്റ് അഭിനേതാക്കളും വളരെ മികച്ച പ്രകടനം നടത്തി... ഇത് ഒരു പുതിയ അനുഭവം.....' എന്നാണ് റോഷന്‍ ആന്‍ഡ്രൂസ് സിനിമയെ കുറിച്ച് പറഞ്ഞത്. 'ഒരാൾക്ക്.... ഒരു സംഘത്തിന് സിനിമയിൽ ഇടാവുന്ന ഗംഭീരമായ തുടക്കം.. അസൂയയോടെ, സ്നേഹത്തോടെ, ആകാംക്ഷയോടെ ഈ കൂട്ടത്തിന്‍റെ അടുത്തതിനായി കാത്തിരിക്കുന്നു....' സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് കുറിച്ചു. 'ഓപ്പറേഷൻ ജാവ... അടുത്ത കാലത്തായി പുറത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന്... തരുൺ മൂർത്തി എന്നത് കണക്കാക്കേണ്ട ഒരു പേരാണ്... സ്ക്രിപ്റ്റുമായി ബന്ധപ്പെട്ട പേരുകളേക്കാൾ ആ ടീമിനെ വിശ്വസിച്ച നിർമാതാവിന് എന്‍റെ സല്യൂട്ട്... മുഴുവൻ ടീമിനോടും സ്നേഹം....' നടനും സംവിധായകനുമായ അനൂപ് മേനോന്‍ കുറിച്ചു.