കാന്‍സര്‍ സ്ഥിരീകരിച്ചു എന്നറിയുമ്പോള്‍ തളര്‍ന്ന് പോകുന്നവര്‍ക്ക് എന്നും പ്രചോദനമായിരുന്നു കാൻസർ അതിജീവന പോരാളി നന്ദു മഹാദേവയുടേത്. കാന്‍സര്‍ ശരീരത്തിന്‍റെ ഓരോ ഭാഗങ്ങളെയായി കാര്‍ന്ന് തിന്നുമ്പോഴും കട്ടിലിലേക്ക് ഒതുങ്ങി കൂടാതെ തന്‍റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ച് മറ്റുള്ളവര്‍ക്ക് പ്രചോദനം ആകാനുള്ള ശ്രമമായിരുന്നു നന്ദു എന്നും നടത്തിയിരുന്നത്. എല്ലാവര്‍ക്കും മാതൃകയാക്കാന്‍ സാധിക്കുന്ന ജീവിതമായിരുന്നു നന്ദുവിന്‍റേത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നന്ദുവിന്‍റെ ആരോഗ്യസ്ഥിതി വഷളായിരുന്നു. കോഴിക്കോട് എംവിആർ കാൻസർ സെന്‍ററില്‍ ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെ 3.30നായിരുന്നു 27കാരനായ നന്ദു ഈ ലോകത്തോട് വിട പറഞ്ഞത്.
സിനിമ ലോകത്ത് നിന്നും ഉണ്ണി മുകുന്ദന്‍, മഞ്ജു വാര്യര്‍, സീമ.ജി.നായര്‍, വീണ നായര്‍ എന്നിവര്‍ ഫേസ്ബുക്കിലൂടെയാണ് നന്ദുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. 'സമാധാനത്തോടെ വിശ്രമിക്കുക നന്ദു... കേരള ക്യാന്‍സർ കാമ്പയിനുകള്‍ക്കിടയില്‍ നിങ്ങളോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിഞ്ഞത് എന്‍റെ ഭാഗ്യമാണ്. ഞാനടക്കം പലരെയും പ്രചോദിപ്പിച്ചതിന് നന്ദി' എന്നാണ് മഞ്ജു വാര്യര്‍ കുറിച്ചത്. 'അതിജീവനത്തിന്‍റെ രാജകുമാരന് പ്രണാമം.... കാന്‍സര്‍ എന്ന രോഗത്തിനെ തന്‍റെ ചിരിയിലൂടെ തോല്‍പ്പിച്ച നന്ദു ഒടുവില്‍ വിടവാങ്ങി' എന്നാണ് ഉണ്ണി മുകുന്ദന്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചത്. നന്ദുവിന്‍റെ പഴയൊരു കുറിപ്പ് കടമെടുത്ത് പോസ്റ്റ് ചെയ്‌താണ് വീണ നായര്‍ നന്ദുവിന് ആദരാഞ്ജലികള്‍ നേര്‍ന്നത്. നന്ദുവിന്‍റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു നടി സീമ.ജി.നായര്‍. വിങ്ങിപ്പൊട്ടിക്കൊണ്ടാണ് താരം നന്ദുവിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചത്. 'അതിജീവനത്തിന്‍റെ രാജകുമാരൻ യാത്രയായി.... ഇന്ന് കറുത്ത ശനി... വേദനകൾ ഇല്ലാത്ത ലോകത്തേക്ക് എന്‍റെ നന്ദൂട്ടൻ പോയി..... എന്‍റെ മോന്‍റെ അവസ്ഥ മോശമാണെന്ന് ഞാൻ അറിഞ്ഞിരുന്നു.... ഈശ്വരന്‍റെ കാലുപിടിച്ചപേക്ഷിച്ചു അവന്‍റെ ജീവൻ തിരിച്ച് നൽകണേയെന്ന്.... പക്ഷെ.... പുകയരുത്.. ജ്വാലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്.. മറ്റുള്ളവർക്കെല്ലാം ധൈര്യം കൊടുത്തിട്ട്.. നീ എവിടെക്കാണ് പോയത്.. ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു..... നന്ദുട്ടാ എനിക്ക് താങ്ങാൻ പറ്റുന്നില്ല മോനെ.... നിന്നെ ഒരു നോക്ക് കാണാൻ പോലും പറ്റില്ലല്ലോ.. എനിക്ക് വയ്യ എന്‍റെ ദൈവമേ.. നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്.... എനിക്ക് വയ്യ.. എന്‍റെ അക്ഷരങ്ങൾ കണ്ണുനീരിൽ കുതിരുന്നു... എന്നും യശോദയെ പോലെ എന്‍റെ കൂടെ ഉണ്ടാവണം എന്ന് പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത്....' നന്ദുവിനൊപ്പമുള്ള ചില ഫോട്ടോകള്‍ പങ്കുവെച്ചുകൊണ്ട് സീമ.ജി.നായര്‍ കുറിച്ചു.