മാസങ്ങളോളും റിലീസുകള്‍ മുടങ്ങി തിയേറ്ററുകള്‍ അടഞ്ഞ് കിടക്കുന്ന അവസ്ഥ മലയാള സിനിമ മേഖല മാത്രമല്ല ലോക സിനിമ മേഖല പോയ വര്‍ഷം അനുഭവിച്ചു. ഒന്നും ചെയ്യാനില്ലാതെ പ്രതിസന്ധിയുടെ കാണാക്കയങ്ങളിലേക്ക് വീണുപോയ സാഹചര്യം. ഇവയില്‍ മാറ്റം വന്നത് ജനുവരിയില്‍ തിയേറ്ററുകള്‍ തുറന്ന് പുത്തന്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങിയപ്പോഴാണ്. അപ്പോഴും പ്രശ്നം പൂര്‍ണമായും പരിഹരിക്കപ്പെട്ടിരുന്നില്ല . സിനിമകള്‍ ആസ്വദിക്കാന്‍ ജനങ്ങള്‍ എത്തുന്നതില്‍ വലിയ കുറവ് നിലനിന്നു. പിന്നീട് തിയേറ്റര്‍ ഉടമകള്‍ അടക്കം സെക്കന്‍റ് ഷോ എന്ന ആവശ്യവുമായി രംഗത്തെത്തുകയും സര്‍ക്കാര്‍ നാളുകളോളം ചര്‍ച്ചകള്‍ നടത്തി സെക്കന്‍റ് ഷോയ്‌ക്ക് അനുമതി നല്‍കുകയും ചെയ്‌തു. ഇപ്പോള്‍ ഒരുവിധം പിടിച്ച് നില്‍ക്കാന്‍ സാധിക്കുന്ന സാഹചര്യമാണ് മലയാള സിനിമയ്‌ക്ക്. അതിന് കാരണഭൂതനായത് ആകട്ടെ മമ്മൂട്ടി ചിത്രം പ്രീസ്റ്റിന്‍റെ റിലീസും. ഒരു വര്‍ഷത്തിന് ശേഷം റിലീസ് ചെയ്‌ത മമ്മൂട്ടി സിനിമ എന്ന പേരിലും ശ്രദ്ധനേടിയ സിനിമ ഇപ്പോള്‍ ഹൗസ് ഫുള്ളായി പ്രദര്‍ശനം തുടരുകയാണ്. തിയേറ്റര്‍ ഉടമകളും സിനിമാ പ്രവര്‍ത്തകരും മറ്റ് അനുബന്ധ ജോലിക്കാരുമെല്ലാം ഒരു പോലെ ഹാപ്പി. ദി പ്രീസ്റ്റ് കാണാന്‍ പോയപ്പോള്‍ ഒരു സംവിധായകന്‍ എന്ന നിലയിലും ഒരു നടന്‍ എന്ന നിലയിലും തന്‍റെ കണ്ണ് നനയിച്ച സംഭവം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിവരിച്ചിരിക്കുകയാണ് ജൂഡ് ആന്‍റണി ജോസഫ്. കോട്ടയം ആനന്ദ് തിയേറ്ററില്‍ ദി പ്രീസറ്റ് കാണാന്‍ പോയപ്പോള്‍ അവിടെ സിനിമ കാണാനെത്തിയവരുടെ തിക്കും തിരക്കും കാണുമ്പോള്‍ തനിക്ക് അതിയായ സന്തോഷമാണുണ്ടായതെന്നാണ് വളരെ രസകരമായി എഴുതിയ പോസ്റ്റിലൂടെ ജൂഡ് ആന്‍റണി പറയുന്നത്. മലയാള സിനിമ തിരിച്ചു വന്നിരിക്കുന്നുവെന്നും ജൂഡ് ആന്‍റണി കുറിച്ചു. ഒപ്പം ദി പ്രീസ്റ്റിന്‍റ അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങളും നേര്‍ന്നിട്ടുണ്ട് ജൂഡ് ആന്‍റണി.
-
ബ്ലോക്കില്‍ കിടന്നപ്പോള്‍ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞ കഥ. :) ഇന്നലെ കോട്ടയം ആനന്ദ് തിയേറ്ററില്‍ പടം കാണാന്‍ പോയതാ....
Posted by Jude Anthany Joseph on Saturday, 13 March 2021
'ബ്ലോക്കില്‍ കിടന്നപ്പോള്‍ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞ കഥ... ഇന്നലെ കോട്ടയം ആനന്ദ് തിയേറ്ററില്‍ പടം കാണാന്‍ പോയതാ... തിയേറ്ററിലേക്കുള്ള വഴിയില്‍ കട്ട ബ്ലോക്ക്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടേക് ഓഫ് കാണാന്‍ പോയപ്പോള്‍ ഉണ്ടായ അതേ അവസ്ഥ. അന്ന് പക്ഷേ ഈര്‍ഷ്യയാണ് ബ്ലോക്ക് കണ്ടപ്പോ തോന്നിയത്. ഇന്നലെ പക്ഷേ ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍, ഒരു സംവിധായകന്‍ എന്ന നിലയില്‍, ഒരു നടന്‍ എന്ന നിലയില്‍ കണ്ണുനിറഞ്ഞ് പോയി. മലയാള സിനിമ തിരിച്ചുവന്നിരിക്കുന്നു. പരിചയപ്പെടുന്ന ഓരോ മനുഷ്യനോടും കരുതല്‍ കാണിക്കുന്ന നല്ല ഹൃദയത്തിനുടമയാണ് മമ്മൂക്ക. ഒരിക്കല്‍ ബത്തേരി വരെ വണ്ടി ഓടിച്ച് മമ്മൂക്കയെ കാണാന്‍ പോയി രാത്രി തിരിച്ചുവീട്ടില്‍ എത്തിയോ എന്ന് ചോദിച്ചതൊക്കെ ചെറിയ അനുഭവം. അത്രയും കരുതലുള്ള മനുഷ്യന്‍ തന്‍റെ ജീവനേക്കാളേറെ സ്നേഹിക്കുന്ന സിനിമയെ എന്തുമാത്രം കരുതലോടെ കാത്തു. ഇന്നലെ പ്രീസ്റ്റ് കണ്ടപ്പോള്‍ അതിയായ അഭിമാനം തോന്നി. മമ്മൂക്ക എന്ന മഹാനടനെ ഓര്‍ത്ത്, ആന്‍റോ ജോസഫ് എന്ന തളരാത്ത പോരാളിയെ ഓര്‍ത്ത്. ഞാന്‍ ഇടക്ക് ആന്‍റോ ചേട്ടനോട് ചോദിക്കാറുണ്ട് എങ്ങനെയാണ് ഇത്രയും കാര്യങ്ങള്‍ ഒരുമിച്ച് നോക്കുമ്പോഴും കൂളായി ഇരിക്കുന്നതെന്ന്. പ്രതിസന്ധികളില്‍ തളരുന്ന ഏവര്‍ക്കും ഒരു മാതൃകയാണ് കരുത്തനായ ആ മനുഷ്യന്‍. ഈ സിനിമ തിയേറ്ററില്‍ വരാന്‍ കാത്തിരുന്ന കഥ പ്രസ്സ് മീറ്റില്‍ ചേട്ടന്‍ പറഞ്ഞത് കണ്ടപ്പോള്‍ ഒരു സാധാരണക്കാരന് പോലും സിനിമയോട് ഇഷ്ടം കൂടി കാണും. പ്രീസ്റ്റ് ഒരു പ്രതീക്ഷയാണ്, ഒരു തിരിച്ചറിവാണ്, ഒരു ചരിത്രമാണ്. തകര്‍ന്നുപോയ സിനിമ വ്യവസായത്തെ ഒരു മഹാനടനും കൂട്ടരും ചേര്‍ന്ന് തോളില്‍ എടുത്തുയര്‍ത്തിയ ചരിത്രം. അഭിനനന്ദനങ്ങള്‍ ടീം പ്രീസ്റ്റ്....' എന്നാണ് ജൂഡ് ആന്‍റണി ജോസഫ് ഫേസ്‌ബുക്കില്‍ കുറിച്ചത്.