കഥാകാരന്മാരുടെ കഥാകാരനെന്ന് ആരെയെങ്കിലും നിസംശയം വിശേഷിപ്പിക്കാമെങ്കിൽ അത് പത്മരാജനെന്ന മലയാളത്തിന്‍റെ പപ്പേട്ടനെ മാത്രമാകും... പ്രപഞ്ചത്തിലെ സർവചരാചരങ്ങളെയും അക്ഷരങ്ങളിലേക്ക് ആവാഹിച്ച് കഥകളിൽ കുടിയിരുത്തിയ ഗന്ധർവൻ. നമ്മളിലൂടെ ഇന്നും കാലാന്തരങ്ങളിലേക്ക് സഞ്ചരിച്ച് കൊണ്ടിരിക്കുന്ന ഇതിഹാസം. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ എഴുപത്തിയഞ്ചാം പിറന്നാളായിരുന്നു... പത്മരാജന്‍ കഥകളെയും സിനിമകളെയും സ്നേഹിക്കുന്നവര്‍ പിറന്നാള്‍ ദിനം കഴിഞ്ഞിട്ടും ആശംസകള്‍കൊണ്ട് മൂടുന്നത് മേഘങ്ങള്‍ക്കിടയില്‍ ഇരുന്ന് അദ്ദേഹം ആസ്വദിക്കുന്നുണ്ടാകാം....
നിര്‍മാതാവും നടനുമായ പ്രേം പ്രകാശ്, നടന്‍ അശോകന്‍, നടന്‍ റഹ്മാന്‍ എന്നിവരും പത്മരാജനെന്ന പ്രതിഭയെ കുറിച്ചുള്ള കുറിപ്പുകള്‍ അദ്ദേഹത്തിന്‍റെ പിന്നാള്‍ ദിനമായ ഇന്നലെ പങ്കുവെച്ചിരുന്നു. 'പത്മരാജന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമായ പെരുവഴിയമ്പലം നിര്‍മിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. എനിക്ക് പ്രത്യേക അടുപ്പുമുള്ള നല്ല സുഹൃത്തായിരുന്നു അദ്ദേഹം. അദ്ദേഹം ഇപ്പോള്‍ നമ്മോടൊപ്പമില്ലെങ്കിലും അദ്ദേഹത്തെ ഓര്‍ക്കാത്ത ഒരു ദിവസംപോലും കടന്നുപോകുന്നില്ല...' പ്രേം പ്രകാശ് കുറിച്ചു.
'എന്നെ ഒരു നടനാക്കിയത് അദ്ദേഹമാണ്. അദ്ദേഹം തന്ന ആത്മവിശ്വാസമാണ് പിന്നെയും അഭിനയിക്കാന്‍ എനിക്ക് ധൈര്യം തന്നത്. പത്മരാജന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ പെരുവഴിയമ്പലത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞുവെന്നുള്ളത് ഭാഗ്യമാണ്. നട്ടെല്ലുള്ള ഒരു കലാകാരനായിരുന്നു പപ്പേട്ടന്‍... അന്നത്തെ എന്‍റെ രൂപത്തിലുള്ള ഒരാളെ ആരും നായകനോ ഉപനായകനോ ആക്കില്ല. കച്ചവട മൂല്യമുള്ള സിനിമകള്‍ മാത്രം എടുക്കുന്ന ആള്‍ക്കാരുള്ള ഒരു സമൂഹത്തില്‍ പപ്പേട്ടന്‍ വ്യത്യസ്തനായിരുന്നു. പിന്നെ വന്ന ഒട്ടുമിക്ക സിനിമകളിലും അദ്ദേഹം എനിക്കൊരു വേഷം കാത്തുവച്ചു. അദ്ദേഹത്തിന്‍റെ സിനിമകളില്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ചത് ഞാനും ജഗതി ചേട്ടനുമാണ്. അദ്ദേഹത്തിന്‍റെ ഓരോ കഥകളും വ്യത്യസ്തങ്ങളായിരുന്നു...' നടന്‍ അശോകന് പത്മരാജനെ കുറിച്ചുള്ള ഓര്‍മകള്‍ ഇതാണ്.