കേരളം

kerala

ETV Bharat / sitara

എംടിയുടെ ചതിയനല്ലാത്ത ചന്തു; മലയാളത്തിന്‍റെ ചിത്രകാവ്യത്തിന് ഇന്ന് 32 വയസ് - hariharan mt vasudevan nair film news

എംടി വാസുദേവന്‍ നായരുടെ രചനയില്‍ ഹരിഹരൻ സംവിധാനം ചെയ്ത് മലയാള സിനിമയിൽ പിറന്ന മഹാകാവ്യം, ഒരു വടക്കൻ വീരഗാഥ പുറത്തിറങ്ങിയത് 1989ൽ ഇതുപോലൊരു വിഷു ദിനത്തിലായിരുന്നു.

ചതിയനല്ലാത്ത ചന്തു പുതിയ വാർത്ത  ചതിയൻ ചന്തു വാർത്ത  എംടി വാസുദേവൻ നായർ ചന്തു വാർത്ത  മമ്മൂട്ടി ചന്തു പുതിയ വാർത്ത  ഹരിഹരൻ എംടി വാസുദേവൻ നായർ ചന്തു വാർത്ത  ഒരു വടക്കൻ വീരഗാഥ സിനിമ വാർത്ത  oru vadakkan veeragatha 32nd anniversary news latest  oru vadakkan veeragatha mammootty latest news  mammootty oru vadakkan veeragatha film news  hariharan mt vasudevan nair film news  chandu vadakkan pattu news latest
എംടിയുടെ ചതിയനല്ലാത്ത ചന്തു

By

Published : Apr 14, 2021, 9:00 AM IST

Updated : Apr 14, 2021, 9:38 AM IST

കളരി അഭ്യാസത്തിൽ കെങ്കേമരായിരുന്ന പുത്തൂരം വീട്ടിലെ ഉണ്ണിയാർച്ചയും ആരോമൽ ചേകവരും കണ്ണപ്പനുണ്ണിയുമെല്ലാം വീരപ്രതിരൂപങ്ങളായി പാണന്മാരുടെ വടക്കൻ പാട്ടുകളിലൂടെ നാടെങ്ങും പ്രചരിച്ചിരുന്നു. പിന്നീട്, വടക്കൻപാട്ടുകളെ അധികരിച്ച് ഉണ്ണിയാർച്ച, പൊന്നാപുരം കോട്ട, തച്ചോളി അമ്പു, പാലാട്ട് കുഞ്ഞിക്കണ്ണൻ തുടങ്ങി നിരവധി സിനിമാഭാഷ്യങ്ങളുണ്ടായി. എന്നാൽ, പാണന്മാർ പാടിനടന്ന പാട്ടുകളിൽ നിന്നും കഥാപാത്രങ്ങളെയെടുത്ത് കഥാസന്ദർഭത്തിന്‍റെ സമ്മർദ്ദത്തിലേക്ക് കൂട്ടിക്കെട്ടി മറ്റൊരു ഇതിഹാസം രചിക്കുകയായിരുന്നു എം.ടി വാസുദേവൻ നായർ.

മാധവിയുടെ ഉണ്ണിയാർച്ച

"ചതിയന്‍ ചന്തുവിന്‍റെ കൊടും ക്രൂരതകളെപ്പറ്റി നിങ്ങള്‍ക്കെന്തറിയാം.?

ഇരുമ്പാണി തട്ടി മുളയാണി വച്ച്, പൊന്‍കാരം കൊണ്ട് ചുരിക വിളക്കാന്‍ കൊല്ലന് പതിനാറ് പൊന്‍പണം കൊടുത്തവന്‍ ചന്തു.

മാറ്റഞ്ചുരിക ചോദിച്ചപ്പോള്‍ മറന്നു പോയെന്ന് കളവു പറഞ്ഞവന്‍ ചന്തു.

മടിയില്‍ അങ്കത്തളര്‍ച്ചയോടെ കിടക്കുന്ന വീരന്‍റെ വയറ്റില്‍ കുത്തുവിളക്കിന്‍റെ തണ്ടുതാഴ്ത്തി മാറ്റാന്‍ കൂട്ടത്തിലേക്ക് ചാടി രക്ഷപ്പെട്ടവന്‍ ചന്തു.

കൊടും ചതികള്‍ പിന്നെന്തൊക്കെ പാടി നടക്കുന്നുണ്ട് പാണന്‍ നിങ്ങളുടെ നാട്ടില്‍ ?

നിങ്ങള്‍ കേട്ടതൊക്കെ ശരിയാണ്…

എല്ലാം തെറ്റുമാണ്..."

1989 ഏപ്രിൽ 14നാണ് ഒരു വടക്കൻ വീരഗാഥ റിലീസ് ചെയ്തത്

കേട്ടുപഠിച്ചതായിരുന്നില്ല സത്യമെന്നാണ് മലയാളികൾ ഇന്നും വിശ്വസിക്കുന്നത്. സിനിമയുടെ വളരെ തുടക്കത്തിൽ തന്നെ ചന്തു ചേകവർ തൊടുത്തുവിടുന്ന ചോദ്യശരങ്ങളുടെ മറുപടിയാണ് കഥയുടെ തുടർച്ചയിൽ അന്ത്യം വരെ എംടി വ്യക്തമാക്കുന്നത്.

അഭിനയമികവും എഴുത്തിന്‍റെ ശക്തിയും സംവിധാനത്തിലെ പൂർണതയും ഉൾക്കൊണ്ട ഒരു വടക്കൻ വീരഗാഥ കാലാതീതമായി യശസ്സ് ഉയർത്തുമ്പോഴാകട്ടെ വടക്കൻപാട്ടിലെ ചതിയൻ ചന്തുവിനെയല്ല, മറിച്ച് എംടി രൂപം കൊടുത്ത മമ്മൂട്ടിയുടെ ചന്തുവിനെയാണ് മലയാളി കൂടുതൽ അടുത്തറിഞ്ഞതും നെഞ്ചിലേറ്റിയതും. തകഴിയുടെ തിരക്കഥയ്ക്ക് രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീൻ ചിത്രത്തിന് ശേഷം മലയാളത്തിന് ലഭിച്ച ദൃശ്യാനുഭവം, എംടിയും ഹരിഹരനും ചേർന്ന് ഇന്ത്യൻ സിനിമയിൽ എഴുതിവച്ച മഹാകാവ്യത്തിന് ഇന്ന് 32 വയസ്.

ഹരിഹരൻ സംവിധാനം- എംടി വാസുദേവൻ നായർ തിരക്കഥാകൃത്ത്

ഗദ്യത്തിൽ പോലും കവിത സൃഷ്ടിക്കുന്ന കഥാകാരനാണെന്നാണ് എംടിയെ കുറിച്ച് ഒഎൻവി കുറുപ്പ് അസൂയയോടെ പറഞ്ഞിട്ടുള്ളത്. വടക്കൻ പാട്ടിൽ കഥാകാരൻ കണ്ടത് വീരയോദ്ധാവായ ആരോമലിനെയോ പെൺകരുത്തിന്‍റെ ഉണ്ണിയാർച്ചയേയോ ആയിരുന്നില്ല. അയാളുടെ തൂലിക തേടിപ്പോയത് അപമാനത്തിന്‍റെയും തെറ്റിദ്ധാരണയുടെയും ഇരയായി വേദനിച്ച മച്ചൂനൻ ചന്തുവിനെയാണ്. വേദനയിലും അതൃപ്തിയിലും ഏകാന്തതയിലും നിന്ന് സുന്ദരമായ കാവ്യസൃഷ്ടികൾ ഉടലെടുക്കുന്നുവെന്നതിന് അർഥവത്തായ ഉദാഹരണം കൂടിയാണ് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പി.വി ഗംഗാധരൻ നിർമിച്ച ഒരു വടക്കൻ വീരഗാഥ.

ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പി.വി ഗംഗാധരനായിരുന്നു നിർമാണം

ചുരികത്തലപ്പുകൊണ്ട് രാഗവും രോഷവും കുറിച്ചിരുന്ന ഒരു കാലഘട്ടത്തിൽ നിന്നാണ് കഥ പറയുന്നത്. മമ്മൂട്ടി, മാധവി, ബാലൻ കെ. നായർ, സുരേഷ് ഗോപി, ഗീത, കാപ്റ്റൻ രാജു, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങി പ്രഗത്ഭരായ അഭിനയനിര. കഥാപാത്രങ്ങളെ ആഴത്തിൽ രൂപപ്പെടുത്തിയെടുക്കാൻ അഭിനേതാക്കളുടെ മികവ് ഹരിഹരനെ ഒരുപാട് സഹായിച്ചു.

മലയനോട് തൊടുത്ത് മരിച്ച അച്ഛനിലൂടെയും, സ്നേഹം പങ്കുവക്കുമ്പോൾ പക്ഷപാതം കാണിക്കേണ്ടി വന്ന ഗുരുനാഥനിലൂടെയും, പൊന്നിനും പണത്തിനുമൊപ്പം തൂക്കിനോക്കിയപ്പോൾ തന്നെ നിഷ്കരുണം തള്ളിക്കളഞ്ഞ കാമുകിയിലൂടെയും, സത്യം വിശ്വസിക്കാത്ത ചങ്ങാതിയിലൂടെയും ജീവിതത്തിൽ നിരന്തരം തോൽവികളേറ്റുവാങ്ങിയ കഥാനായകന്‍റെ ഓരോ വൈകാരികതലങ്ങളും മമ്മൂട്ടി തീക്ഷ്ണതയോടെ പകർന്നാടി.

ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പി.വി ഗംഗാധരനായിരുന്നു നിർമാണം

അനുകമ്പയും പ്രണയവും വിരഹവും മോഹവും കാപട്യവും പ്രതികാരവും മാധവിയിലൂടെ മിന്നിമറഞ്ഞപ്പോള്‍ എഴുത്തുകാരനൊപ്പം പ്രേക്ഷകനും ഞെട്ടി. അവൾ ശരിക്കും നിരപരാധിയാണോ അതോ അവളിൽ പ്രകടമാകുന്നത് ചതിയുടെ ലാഞ്ചനകളാണോ എന്ന് അതിശയിച്ചു. "നീയടക്കമുള്ള പെൺവർഗ്ഗം മറ്റാരും കാണാത്തത് കാണും. നിങ്ങൾ ശപിച്ച് കൊണ്ട് കൊഞ്ചും. ചിരിച്ച് കൊണ്ട് കരയും. മോഹിച്ച് കൊണ്ട് വെറുക്കും... പിന്നെ വല്ല ആയുധവും കൈവശമുണ്ടെങ്കിൽ നീ എനിക്കു പറഞ്ഞു താ..."

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രം

ഭീരുവല്ലാത്ത, എന്നാൽ വില്ലനുമാവാത്ത ആരോമലുണ്ണിയെ അതിഗംഭീരമായി സുരേഷ് ഗോപിയും പ്രേക്ഷകമനസിൽ അടയാളപ്പെടുത്തി. കണ്ണപ്പൻ ചേകവരായി ബാലൻ കെ. നായരും കുഞ്ഞിയായി ഗീതയും വീരയോദ്ധാവ് അരിങ്ങോടനായി കാപ്റ്റൻ രാജുവും സിനിമയിലെ മറ്റ് നിർണായക വിസ്മയങ്ങളായി. കെ രാമചന്ദ്രബാബുവായിരുന്നു ഛായാഗ്രഹകൻ. എംഎസ് മണി ചിത്രത്തിന്‍റെ ചിത്രസംയോജനം നിർവഹിച്ചു.

മലയാളത്തിലെ ക്ലാസിക് ചിത്രം കൂടിയാണ് ഒരു വടക്കൻ വീരഗാഥ

മലയാളത്തിലെ എക്കാലത്തെയും മികച്ച ചരിത്ര സിനിമയായി കൂടി വാഴ്ത്തുന്ന ഒരു വടക്കൻ വീരഗാഥയോട് കിടപിടിക്കാൻ ഇനിയും നൂറ് വർഷങ്ങൾ കടന്നാലും മറ്റൊരു ചിത്രത്തിനാവില്ലെന്ന് പറയാം. സാങ്കേതികമികവ് പരിമിതമായ സാഹചര്യത്തിൽ നിന്നാണ് അത്യധികം മികച്ച എഡിറ്റിങും സംഘട്ടനരംഗങ്ങളും സംഗീതവും ചിത്രത്തിന്‍റെ സവിശേഷതകളാകുന്നത്. കെ ജയകുമാറിന്‍റെയും കൈതപ്രത്തിന്‍റെയും വരികളാലും സമ്പുഷ്ടമായിരുന്നു ചിത്രത്തിലെ ഗാനങ്ങൾ. "കളരി വിളക്ക് തെളിഞ്ഞതാണോ" എന്ന ഗാനം പുരുഷസങ്കൽപത്തിനെ പ്രകീർത്തിച്ചുകൊണ്ടുള്ള അപൂർവം സിനിമാഗാനങ്ങളിലൊന്നാണ്. ചന്ദനലേപ സുഗന്ധം... ഇന്ദുലേഖ കൺതുറന്നു... യേശുദാസും ചിത്രയും അനശ്വരമാക്കിയ, ബോംബെ രവിയുടെ ഈണങ്ങൾ ഇന്നും മലയാളസിനിമക്ക് ഒരു മുതൽക്കൂട്ടാണ്.

നാല് ദേശീയ പുരസ്കാരങ്ങൾ, ആറ് സംസ്ഥാന അവാർഡുകൾ

300 ദിവസത്തിലധികം കേരളത്തിലെ തിയേറ്ററുകളിൽ ഓടി ബോക്സ് ഓഫിസിൽ വമ്പൻ ഹിറ്റൊരുക്കിയെന്ന് മാത്രമല്ല, നാല് ദേശീയ പുരസ്കാരങ്ങളും ആറ് സംസ്ഥാന അവാർഡുകളും ഒരു വടക്കൻ വീരഗാഥ നേടി. മികച്ച നടൻ, മികച്ച തിരക്കഥ, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച വസ്ത്രാലങ്കാരം എന്നിങ്ങനെയായിരുന്നു ദേശീയ അവാർഡുകൾ.

"ചതിയൻ ചന്തുവിന്‍റെ ചരിതം ഇവിടെ കഴിയട്ടെ. പുത്തൂരം വീടിന്‍റെ കളങ്കം മായിച്ച വീരൻ ആരോമലുണ്ണിയുടെ ചരിതം ഇവിടെ തുടങ്ങട്ടെ.." തോൽവികളുടെ അങ്കപ്പോരുകളിൽ പരാജിതനായ യോദ്ധാവ് സ്വയം മരണം വരിക്കുമ്പോഴാണ് എംടി അയാൾക്ക് വിജയത്തിലൂടെ മോചനം നൽകുന്നത്. വീരഗാഥയിലെ വീരനായകൻ ആദ്യവും അവസാനവുമായി ജയിക്കുന്നിടം.

Last Updated : Apr 14, 2021, 9:38 AM IST

ABOUT THE AUTHOR

...view details