പ്രശസ്‌ത സിനിമാതാരം റിസബാവ (55) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്‌ട്രോക്കിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മോശമായതിനാൽ വെന്‍റിലേറ്ററിലായിരുന്നു.
എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയായ താരം നാടകരംഗത്ത് നിന്നാണ് സിനിമയിൽ എത്തുന്നത്. ഇൻ ഹരിഹർ നഗർ എന്ന സിനിമയിലെ ജോൺ ഹോനായി ആയുള്ള പ്രതിനായകവേഷത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായി.
ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ, പോക്കിരിരാജ, കോളജ് കുമാരൻ, കിച്ചാമണി എംബിഎ, പരദേശി, വിസ്‌മയത്തുമ്പത്ത്, നിറം, ആനവാൽ മോതിരം, ചമ്പക്കുളം തച്ചൻ, കാബൂളിവാല തുടങ്ങി നിരവധി ചിത്രങ്ങളിൽ വില്ലനായും സ്വഭാവനടനായും വേഷമിട്ടു.
Also Read:'എന്നോടുള്ള ഇഷ്‌ടം കൊണ്ട് പേരിനൊപ്പം മമ്മൂട്ടിയെന്ന് ചേര്‍ത്ത സുബ്രന്‍' ; ആദരാഞ്‌ജലികളര്‍പ്പിച്ച് മമ്മൂട്ടി
സിനിമാഭിനയത്തിന് പുറമെ സീരിയലുകളിലും സജീവമായി അഭിനയിച്ചിരുന്നു. കളിമണ്ണ്, കർമ്മയോഗി, ദി ഹിറ്റ് ലിസ്റ്റ്, പ്രണയം തുടങ്ങിയ ചിത്രങ്ങൾക്ക് ശബ്‌ദം നൽകിയ റിസബാവ, കർമ്മയോഗി എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്.