കേരളം

kerala

ETV Bharat / sitara

അഭിനയത്തിന്‍റെ കൊടുമുടി കയറിയ അതുല്യപ്രതിഭ - nedumudi venu birthday

ജി.അരവിന്ദന്‍റെ തമ്പിലൂടെയാണ് നെടുമുടി വേണുവിന്‍റെ സിനിമാ ജീവിതം ആരംഭിക്കുന്നത്

നെടുമുടി വേണു പിറന്നാള്‍  നടന്‍ നെടുമുടി വേണു  നെടുമുടി വേണു സിനിമകള്‍  nedumudi venu birthday  nedumudi venu films
അഭിനയത്തിന്‍റെ കൊടുമുടി കയറിയ അതുല്യപ്രതിഭ

By

Published : May 22, 2020, 12:29 PM IST

മുത്തച്ഛനായി, അച്ഛനായി, അയല്‍ക്കാരനായി, അധ്യാപകനായി, വില്ലനായി, നായകനായി സിനിമാമേഖലയില്‍ നാല്‍പത്വ വര്‍ഷത്തിലധികമായി നിറഞ്ഞ് നില്‍ക്കുന്ന കറകളഞ്ഞ കലാകാരനാണ് മലയാളികളുടെ പ്രിയപ്പെട്ട നെടുമുടി വേണു. മലയാളത്തിന്‍റെ സ്വന്തമായ പ്രിയ നടന്‍ ഇന്ന് എഴുപത്തിരണ്ടിന്‍റെ നിറവിലാണ്. ആലപ്പുഴയിലെ നെടുമുടിക്കാരനായ വേണു നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് തലസ്ഥാനനഗരിയില്‍ എത്തുന്നത്. മാധ്യമപ്രവര്‍ത്തകനായി കരിയർ ആരംഭിച്ചു. കവിയും നാടകകൃത്തുമായ കാവാലം നാരായണപ്പണിക്കരുമായുള്ള അടുപ്പം വേണുവിനെ മലയാള സിനിമയിലേക്കെത്തിച്ചു. ജി.അരവിന്ദന്‍റെ തമ്പിലൂടെയാണ് നെടുമുടി വേണുവിന്‍റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.

സ്വഭാവിക അഭിനയശൈലിയുമായി നെടുമുടി വെള്ളിത്തിരയില്‍ നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കി. ഭരതത്തിലെ കള്ളിയൂർ രാമനാഥൻ, തേന്മാവിൻ കൊമ്പത്തിലെ ശ്രീകൃഷ്ണൻ, വന്ദനത്തിലെ പ്രൊഫസർ കുര്യൻ ഫെർണാണ്ടസ്, ഹിസ് ഹൈനസ് അബ്ദുള്ളയിലെ ഉദയ വർമ തമ്പുരാൻ, ചിത്രത്തിലെ കൈമൾ വക്കീൽ എന്ന് തുടങ്ങി ഇപ്പോള്‍ മരക്കാരിലെ സാമൂതിരിവരെ എത്തി നില്‍ക്കുകയാണ് സിനിമാ ജീവിതം. ഇവരെയെല്ലാം അവതരിപ്പിച്ചത് ഒരാളാണോ എന്ന് നെടുമുടി സിനിമകളെ പിന്തുടര്‍ന്നവര്‍ക്കുണ്ടാകുന്ന സംശയമാണ്. 'പെര്‍ഫെക്ഷനിസ്റ്റ്' എന്ന് വിളിച്ചാല്‍ പോലും കുറഞ്ഞുപോകും....

ഓർക്കാവുന്നത്രയും വൈവിധ്യമാർന്ന കഥാപാത്രങ്ങളെ മലയാളികളുടെ മനസിൽ പതിപ്പിച്ചുവെച്ച നടനവിസ്മയമാണ് നെടുമുടി വേണു. യുവാവായിരിക്കെ തന്നെ വൃദ്ധന്‍റെ കഥാപാത്രം അനായാസം കൈകാര്യം ചെയ്തു. നാല് പതിറ്റാണ്ട് പൂർത്തിയാക്കിയ അഭിനയ സപര്യ, മൂന്ന് ഭാഷകളിലായി അഞ്ഞൂറിലേറെ ചിത്രങ്ങൾ. രണ്ട് ദേശീയ അവാർഡുകൾ, ആറ് സംസ്ഥാന അവാർഡുകൾ. പ്രതിഭകളായ സംവിധായകര്‍ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും, ന്യൂജന്‍ പിള്ളേര്‍ക്കൊപ്പവും ഇന്നും മത്സരിച്ച് അഭിനയിക്കുന്നു. അഭിനയത്തിലും സംഭാഷണങ്ങളിലും നെടുമുടി പിന്തുടരുന്ന വ്യത്യസതതയാണ് അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങള്‍ക്ക് എന്നും കരുത്തേകുന്നത്. സിനിമ മേഖലയില്‍ നിന്ന് അടക്കം നിരവധിപേര്‍ അതുല്യപ്രതിഭക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

ABOUT THE AUTHOR

...view details