കേരളം

kerala

ETV Bharat / sitara

ഹാസ്യത്തിന്‍റെ സുൽത്താൻ; 75ന്‍റെ 'ചെറുപ്പ'ത്തിൽ മാമൂക്കോയ - മാമുക്കോയ പിറന്നാൾ 75 വാർത്ത

ആദ്യ ഹാസ്യനടനുള്ള കേരളസംസ്ഥാന പുരസ്‌കാരം നേടിയ മാമുക്കോയ തന്‍റെ ഓരോ കഥാപാത്രങ്ങളും കൈയടക്കത്തോടെ അവതരിപ്പിച്ചു. ഫ്ലാമ്മെൻ ഇൻ പാരഡൈസ് എന്ന ഫ്രഞ്ച് ചിത്രത്തിലൂടെ അന്താരാഷ്‌ട്ര തലത്തിലും ശ്രദ്ധിക്കപ്പെട്ടു.

mamukkoya 75th birthday today news  mamukkoya actor news  mamukkoya birthday news  mamukkoya comedy news  flammen in paradies mamukkoya news  ഫ്ലാമ്മെൻ ഇൻ പാരഡൈസ് മാമുക്കോയ വാർത്ത  മാമുക്കോയ പുതിയ വാർത്ത  മാമുക്കോയ ജന്മദിനം വാർത്ത  മാമുക്കോയ പിറന്നാൾ 75 വാർത്ത  ഹാസ്യം തഗ് കിംഗ് മാമുക്കോയ വാർത്ത
മാമൂക്കോയ

By

Published : Jul 5, 2021, 9:32 AM IST

'പറഞ്ഞ് പറഞ്ഞ് വരുമ്പം ഓരോരുത്തർക്കുംണ്ടാവും ഓരോ കഥകള്. ഇങ്ങക്കെന്തോ പറയാനില്ലേ? എന്തോ ഒരു കഥ? വെറുതേങ്കിലും ഓര്‍ത്തുനോക്കീന്ന്.....ണ്ടാവും പഹയാ.. ങ്ങളെന്നെ വല്യൊരു ചരിത്രാണ്...ഓരോ ആളും ഓരോ ചരിത്രാണ്...' ഹാസ്യതാരമായും സ്വഭാവനടനായും മലയാളസിനിമയിൽ കഴിഞ്ഞ നാൽപ്പത് വർഷങ്ങളിലേറെയായി നിറഞ്ഞുനിൽക്കുന്നു മാമുക്കോയ.

മലബാർ ശൈലിയിൽ ഉരുളക്കുപ്പേരി പോലെ മറുപടി തൊടുത്തുവിട്ട്, ചിരിപ്പടക്കമൊരുക്കിയ മാമുക്കോയക്ക് തഗ് കിങ്ങിന്‍റെ കിരീടം യുവതലമുറയും ചാർത്തികൊടുത്തു. ഇന്ന് 75-ാം വയസിന്‍റെ നിറവിൽ കാലപ്പഴക്കമില്ലാതെ മലയാള സിനിമയുടെ ഓരോ ചുവടുകളിലും അദ്ദേഹമുണ്ട്.

മലയാള സിനിമയിലെ മികച്ച ഹാസ്യനടന്മാരിൽ പ്രമുഖനായ മാമുക്കോയ 1946 ജൂലൈ അഞ്ചിന് ജനിച്ചു. കോഴിക്കോടാണ് സ്വദേശം. ചെറുപ്പത്തിലേ മാതാപിതാക്കൾ മരിച്ച കുഞ്ഞുകോയയെ ജ്യേഷ്ഠനാണ് വളർത്തി പഠിപ്പിച്ചത്.

കുട്ടിക്കാലം മുതൽ മലബാറിന്‍റെ ഇഷ്‌ടവിനോദമായ കാൽപ്പന്തുകളിയിൽ തൽപരനായിരുന്നു അദ്ദേഹം. കോഴിക്കോട് എം.എം ഹൈസ്കൂളിൽ പത്താംക്ലാസ് വരെ പഠിച്ചു. സിനിമയിലെത്തുന്നതിന് മുമ്പ് കല്ലായിയിലെ മരമില്ലിൽ മരം അളക്കൽ ജോലി ചെയ്‌തു. ഒപ്പം നാടകാഭിനയത്തിലും സജീവമായി.

സിനിമയിലെ അരങ്ങേറ്റം

1979ൽ പുറത്തിറങ്ങിയ അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്കുള്ള പ്രവേശനം. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം ചിത്രത്തിലെ അറബി മുൻഷിയുടെ വേഷത്തിലൂടെ മലയാളത്തിൽ അറിയപ്പെടാൻ തുടങ്ങി.

ഹാസ്യപ്രധാനമായ റോളുകൾ മികച്ച കൈയടക്കത്തോടെ അവതരിപ്പിച്ച് സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി. ഏതു കഥാപാത്രമായാലും തന്‍റെ തനതായ കോഴിക്കോടൻ മാപ്പിള സംഭാഷണശൈലി മാറ്റിനിർത്താതെ അവതരിപ്പിച്ചു. എന്നാൽ, ഭാഷയിലെ സാമ്യം അഭിനയത്തിലോ അവതരണത്തിലോ ആവർത്തിക്കാതെയായിരുന്നു താരത്തിന്‍റെ ഓരോ പ്രകടനവും.

സത്യൻ അന്തിക്കാടിന്‍റെ നാടോടിക്കാറ്റ്, പട്ടണപ്രവേശം ചിത്രങ്ങളിലെ ഗഫൂർ എന്ന കഥാപാത്രം മലയാളത്തിലെ എന്നും ജനപ്രിയമായ ഹാസ്യകഥാപാത്രമായി തുടരുന്നു. 2016ലിറങ്ങിയ മരുഭൂമിയിലെ ആന ചിത്രത്തിലൂടെ പതിറ്റാണ്ടുകൾക്കിപ്പുറവും ഗഫൂർ പുനരവതരിച്ചു.

എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്‍റെ ശുപാർശയിൽ ലഭിച്ച കഥാപാത്രവും മികവുറ്റ പ്രകടനത്തോടെ പകർന്നാടി.

More Read: ലോക്‌ ഡൗണിൽ ട്രെന്‍റായി തഗ് മാമൂക്കോയ

വെറുതെയുള്ള തമാശ പറച്ചിൽ മാത്രമാക്കാതെ, അനീതികൾക്കെതിരായ പരിഹാസവും ആക്ഷേപഹാസ്യവും കഥാപാത്രങ്ങളിലേക്ക് കൊണ്ടുവരുന്നതിലും മാമുക്കോയ വിജയിച്ചു. കേരള സർക്കാരിന്‍റെ ഹാസ്യനടനുള്ള ആദ്യ പുരസ്കാരം നേടിയതും മാമുക്കോയ ആണ്.

ഇതിന് പുറമെ, പെരുമഴക്കാലത്തിലെ പ്രകടനത്തിലൂടെ നേടിയ മറ്റൊരു പുരസ്‌കാരം നർമത്തിനപ്പുറമുള്ള കഥാപാത്രങ്ങൾ തനിക്കിണങ്ങുമെന്ന് വ്യക്തമാക്കുന്നുണ്ട്. ഫ്ലാമ്മെൻ ഇൻ പാരഡൈസ് എന്ന ഫ്രഞ്ച് ചിത്രത്തിലൂടെ അന്താരാഷ്‌ട്ര സിനിമയിലും സാന്നിധ്യമാവുകയാണ് മാമുക്കോയ.

രാംജിറാവു സ്പീക്കിങ്, കാക്കകുയിൽ, തലയണ മന്ത്രം, നാടോടിക്കാറ്റ്, സന്ദേശം, ഹിസ് ഹൈനസ് അബ്ദുള്ള, വരവേൽപ്പ് തുടങ്ങി 450 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. ബേപ്പൂർ സുൽത്താന്‍റെ അടുത്ത സുഹൃത്ത് കൂടിയായ മാമുക്കോയയുടെ സിനിമാ- നാടകജീവിതവും, താഹ മാടായി എഴുതിയ രണ്ട് പുസ്തകങ്ങളിലായി ക്രോഡീകരിച്ചിട്ടുണ്ട്. നാടകത്തിലൂടെ സിനിമയിലെത്തിയ കോഴിക്കോടിന്‍റെ സാംസ്‌കാരിക മേഖലയുടെ മുഖം കൂടിയാണ് മാമുക്കോയ.

'ചരിത്രം ന്നു പറഞ്ഞാല് ങ്ങള് പറയ്ന്നത് പോലെ യുദ്ധങ്ങള് മാത്രല്ല. മനുഷ്യന്മാരുടെ പാട്ടുകളും ദേശകഥകളും ഒക്കെ ചരിത്രം തന്നെ. യുദ്ധത്തിന്റെ കഥകള് പരീക്ഷാപ്പേപ്പറിലെ മാര്‍ക്ക് കിട്ടുന്ന ചരിത്രാ. ഞമ്മള് പറയ്ന്ന ചരിത്രത്തിനു ആരും മാര്‍ക്കൊന്നും തരൂല. പഠിക്കാനോ എഴുതാനോ വേണ്ടീട്ടല്ല ഈ കഥകള്. ഓര്‍മിക്കാന്‍ വേണ്ടി മാത്രം.' താഹ മാടായി എഴുതിയ 'ജീവിതം: മാമുക്കോയ, കോഴിക്കോട്' എന്ന പുസ്‌തകത്തിൽ രേഖപ്പെടുത്തിയ മാമുക്കോയയുടെ വാക്കുകൾ.

ABOUT THE AUTHOR

...view details