കൊവിഡ് 19ന് എതിരായ പോരാട്ടത്തിൽ രാപ്പകൽ വ്യത്യാസമില്ലാതെ അധ്വാനിക്കുകയാണ് ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ള ആരോഗ്യ പ്രവർത്തകർ. സ്വന്തം ജീവനടക്കം അപകടത്തിലാണെന്നറിഞ്ഞിട്ടും നിസ്വാര്‍ഥമായ പ്രവര്‍ത്തനമാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം ഇവര്‍ നല്‍കുന്നത്. കൊവിഡില്‍ നിന്നും മോചിതരാകുന്നവരുടെ എണ്ണം നമ്മുടെ സംസ്ഥാനത്ത് വര്‍ധിക്കുന്നതിന് പിന്നില്‍ ഇവരുടെ ത്യാഗമാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാനസികമായ പിന്തുണ നല്‍കി രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിന്‍റെ മഹാനടന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴ്സുമാരുടെ സംഘത്തില്‍ അംഗമായ ഷീനയുമായി നടന്‍ മമ്മൂട്ടി മൊബൈലിലൂടെ സംസാരിക്കുകയും വിശദാംശങ്ങള്‍ ചോദിച്ച് മനസിലാക്കുകയും മാനസിക പിന്തുണ നല്‍കുകയും ചെയ്തു.
ഓരോ മനുഷ്യന്‍റെയും ജീവന്‍ രക്ഷിക്കാന്‍ നിങ്ങള്‍ ചെയ്യുന്നതെല്ലാം ലോകം മുഴുവന്‍ ശ്രദ്ധിക്കുന്നുണ്ട്. നിങ്ങള്‍ ഒറ്റക്കല്ല എല്ലാവരും കൂടെയുണ്ട്. മമ്മൂട്ടി നഴ്‌സ് ഷീനയോട് പറഞ്ഞു. വാര്‍ഡിലെ രോഗികള്‍ പലരും 'നിങ്ങള്‍ സഹിക്കുന്ന യാതനകള്‍ മനസിലാക്കുന്നുണ്ടെന്ന്' പറയുമ്പോള്‍ കണ്ണുനിറയുമെന്ന് ഷീന മമ്മൂട്ടിയോട് പറഞ്ഞു. 'അഡ്മിറ്റ് ചെയ്ത എല്ലാ രോഗികള്‍ക്കും പോസിറ്റീവാണെന്ന രീതിയിലുള്ള പരിചരണമാണ് നല്‍കുന്നത്. അവരെ പരിചരിക്കുമ്പോഴും എല്ലാ മുന്‍കരുതലുകളും എടുക്കാറുണ്ട്. രോഗത്തിന്‍റെ തീവ്രത അറിഞ്ഞുകൊണ്ട് പുറത്തിറങ്ങി നടക്കുന്നവരാണ് പ്രശ്‌നക്കാര്‍. മറ്റ് പലര്‍ക്കും രോഗം അറിയാതെ സംഭവിച്ചതാണ്. മനപൂര്‍വമല്ല' ഷീന പറയുന്നു.