മിമിക്രി താരവും നടനുമായിരുന്ന കലാഭവന്‍ അബി വിടവാങ്ങിയിട്ട് മൂന്നാണ്ട്. നടന്‍റെ കുടുംബവും സുഹൃത്തുക്കളും താരത്തെ കുറിച്ചുള്ള ഓര്‍മകള്‍ സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചു. 2017 നവംബര്‍ മുപ്പതിനാണ് അബി മരിച്ചത്. രക്തസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം.
കൊച്ചിൻ കലാഭവനിലൂടെയാണ് അബി കലാ ജീവിതം തുടങ്ങിയത്. മിമിക്രി വേദികളിൽ സിനിമാ താരങ്ങളുടെ അനുകരണമായിരുന്നു അബി ചെയ്‌തിരുന്നത്. മിമിക്രി കാസറ്റുകളിലൂടെയും അബി ശ്രദ്ധേ നേടി. അബിയുടെ ആമിനതാത്ത എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയതാണ്. ഇന്നും പല കലാകാരന്മാരും വേദികളില്‍ അത് അവതരിപ്പിക്കാറുമുണ്ട്. ദിലീപ്, നാദിർഷ, ഹരിശ്രീ അശോകൻ എന്നിവരൊക്ക അബിക്കൊപ്പം ഒരു കാലത്ത് മിമിക്രി വേദികളിൽ തിളങ്ങി നിന്നവരാണ്.
ഓണത്തിനിടയ്ക്ക് പുട്ടുകട്ടവടം, ദേ മാവേലി കൊമ്പത്ത് തുടങ്ങിയ 300 ഓളം ഓഡിയോ കാസറ്റുകളും വീഡിയോ കാസറ്റുകളും അബി ഇറക്കിയിട്ടുണ്ട്. 1990 കളിൽ മിമിക്രി ലോകത്തെ സൂപ്പർതാരമായിരുന്നു അബി. മെഗാസ്റ്റാർ മമ്മൂട്ടിയുടെയും ബിഗ് ബി അമിതാഭ് ബച്ചന്‍റെയും ശബ്ദമായിരുന്നു അബിയുടെ അനുകരണത്തിൽ ഏറെ ശ്രദ്ധ നേടിയത്. രാഷ്ട്രീയ നേതാക്കളെയും അബി അനുകരിക്കുമായിരുന്നു.
1991ൽ നയം വ്യക്തമാക്കുന്നു എന്ന മമ്മൂട്ടി ചിത്രത്തിൽ ഹാസ്യ കഥാപാത്രം അവതരിപ്പിച്ചുകൊണ്ടാണ് അബി സിനിമാലോകത്തേക്ക് എത്തുന്നത്. ഭീഷ്മാചാര്യ, എല്ലാവരും ചൊല്ലണ്, ചെപ്പ് കിലുക്കണ ചങ്ങാതി, സൈന്യം, മഴവിൽ കൂടാരം, ആനപ്പാറ അച്ചാമ്മ, പോർട്ടർ, കിരീടിമില്ലാത്ത രാജാക്കന്മാർ, രസികൻ, വാർധക്യ പുരാണം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
അബിയുടെ ഓര്‍മദിനത്തില്‍ അദ്ദേഹത്തിനൊപ്പമുള്ള അവസാനത്തെ അവാര്‍ഡ് ചടങ്ങിലെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് കുറിപ്പ് എഴുതിയിരിക്കുകയാണ് മകനും നടനുമായ ഷെയ്ന്‍ നിഗം. 'ഇന്ന് എന്‍റെ വാപ്പിച്ചിയുടെ ഓര്‍മ ദിനമാണ്... എന്നെ വിശ്വസിക്കുന്നതിന് നന്ദി വാപ്പിച്ചി. ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്... വാപ്പച്ചി ആദ്യമായും അവസാനമായും സ്റ്റേജില്‍ കയറി. ഒരു വാക്ക് പോലും സംസാരിക്കാന്‍ പറ്റാതെ ഇറങ്ങിയ വേദിയാണ്. ആരും ഒന്നും പറയാനും ആവശ്യപ്പെട്ടില്ല... പരാതി അല്ല കേട്ടോ... വാപ്പച്ചിക്കുണ്ടായ വേദന ഞാന്‍ പങ്കുവെക്കുന്നു... ഇതാണ് വാപ്പച്ചിയുടെ അവസാന വേദി...' ഷെയ്ന്‍ കുറിച്ചു. ഒരു അവാര്‍ഡ് നിശയില്‍ ഇരുവരും പങ്കെടുത്തപ്പോള്‍
ഷെയ്‌നുള്ള പുരസ്‌കാരം അബി കൈമാറുന്ന രംഗമാണ് ഫോട്ടോയിലുള്ളത്. മികച്ച അഭിനയത്തിലൂടെ കുറഞ്ഞ നാളുകള്‍ കൊണ്ട് മുന്‍നിര യുവതാരമായ നടനാണ് ഷെയിന്‍. സിനിമാ മേഖലയില്‍ നിന്നും സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള താരങ്ങള്‍ അബിക്ക് സ്മരണാജ്ഞലി അര്‍പ്പിച്ചിട്ടുണ്ട്.