കേരളം

kerala

ETV Bharat / sitara

മനസിൽ പതിഞ്ഞ ജയനും താളവും

പ്രണയവും വിരഹവും ആഘോഷരാവുകളെ ഇമ്പം കൊള്ളിച്ച ഗാനങ്ങളും ജയൻ തിരശ്ശീലയിൽ പാടിയഭിനയിച്ചു. ഇന്നും ആസ്വാദകന്‍റെ ചുണ്ടുകളിൽ നിന്നും മായാത്ത, ജയന്‍റെ പത്ത് ഹിറ്റ് ഗാനങ്ങളെ പരിചയപ്പെടാം...

jayan story  ചാം ചച്ച ചൂം ചച്ച  കസ്തൂരി മാൻമിഴി  കണ്ണും കണ്ണും തമ്മിൽ തമ്മിൽ  kannum kannum  cham chacha choom chacha  പൂ മാനം പൂത്തുലഞ്ഞേ  poomanam poothulanje  കാറ്റും ഈ കാടിന്‍റെ കുളിരും  poo chirichu  kaattum ee kadinte kulirum  കണ്ണിൽ കണ്ണിൽ നോക്കിയിരിക്കാം  kannil kannil nokkiyirikkam  എവിടെയോ കളഞ്ഞു പോയ കൗമാരം  evideyo kalanjupoya kaumaram  ആദ്യത്തെ രാത്രിയെ വരവേൽക്കാൻ  adyathe ratriye varavelkkan  ഞാന്‍ രാജാ ഹേയ് മഹരാജാ  njan raja hey maharaja  പി.ജയചന്ദ്രൻ  ജയൻ ഗാനങ്ങൾ  യേശുദാസ്  ബിച്ചു തിരുമല  മനസിൽ പതിഞ്ഞ ജയനും താളവും  Malayalam actor Jayan  manasil pathinja jayanum thalavum  top 10 jayan songs
മനസിൽ പതിഞ്ഞ ജയനും താളവും

By

Published : Jul 25, 2020, 11:08 AM IST

മലയാളത്തിന്‍റെ നായക സങ്കൽപങ്ങളെ പരിപൂർണതയിലെത്തിച്ച താരം. ആകാരവടിവും അഭിനയമികവും ഒത്തിണങ്ങിയ ജയൻ തിരശ്ശീലയിൽ ജീവൻ നൽകിയ ഓരോ ഗാനങ്ങളും മരണമില്ലാത്തവയാണ്. യേശുദാസിന്‍റെയും ജയചന്ദ്രന്‍റെയും ശബ്‌ദങ്ങളെ പ്രേക്ഷകനിലേക്ക് ആവാഹിക്കാൻ അഭ്രപാളിയിൽ അദ്ദേഹം മികവുറ്റ പ്രകടനം കാഴ്‌ചവെച്ചു.

പ്രണയം മുതൽ ഗൃഹാതുരത്വത്തിലേക്ക് പറിച്ചുനടന്ന വികാരനിർഭരമായ മുഹൂർത്തങ്ങൾ വരെ ജയൻ ഈ ഗാനങ്ങളിലൂടെ പകർന്നാടി.

കണ്ണും കണ്ണും തമ്മിൽ തമ്മിൽ...

ജയനെ മറക്കാനാവാത്തവർക്ക് 1980ൽ പുറത്തിറങ്ങിയ അങ്ങാടിയിലെ ഗാനവും അപരിചിതമല്ല. മലയാളത്തിന് ഏറ്റവും പ്രിയപ്പെട്ട ജയൻ- സീമ ജോഡിയിലൂടെ ഐ.വി. ശശി പ്രണയനിർഭരമായ രംഗങ്ങൾ അവതരിപ്പിച്ചു. കണ്ണുകളിലൂടെ പ്രണയം കൈമാറി കരളിനുള്ളിൽ പ്രണയം കുളിരണിയിച്ച, ബിച്ചു തിരുമലയുടെ തൂലികയിൽ പിറന്ന വരികൾക്ക് ശ്യാം ഈണമൊരുക്കി. കെ.ജെ യേശുദാസും എസ്.ജാനകിയും ചേർന്നാണ് എവർഗ്രീൻ ഹിറ്റ് ഗാനം ആലപിച്ചത്.

ചാം ചച്ച ചൂം ചച്ച...

"ചാം ചച്ച ചൂം ചച്ച..... ഒരു മുത്തം മണി മുത്തം ഉലകത്തിൻ സമ്മാനം" പ്രണയഗായകൻ പി. ജയചന്ദ്രന്‍റെ ശബ്‌ദം മഹാനടൻ ജയൻ സ്ക്രീനിൽ അവിസ്‌മരണായമായ രംഗങ്ങളിലൂടെ പകർന്നാടി. ലൗവ് ഇൻ സിംഗപ്പൂർ എന്ന ചിത്രത്തിലെ ഗാനത്തിൽ മാഡലിംഗ് ടിയോയാണ് ജയനൊപ്പം പ്രത്യക്ഷപ്പെടുന്നത്. പി. സുശീലയുടേതാണ് ഗാനത്തിലെ സ്‌ത്രീ ശബ്‌ദം. ഏറ്റുമാനൂർ ശ്രീകുമാർ ഗാനരചനയും ശങ്കർ ഗണേഷ് സംഗീതവും ഒരുക്കിയിരിക്കുന്നു. സിംഗപ്പൂരിലാണ് പ്രണയഗാനം ചിത്രീകരിച്ചിരിക്കുന്നത്.

കസ്തൂരി മാൻമിഴി....

ആഘോഷരാവിൽ ജയൻ പാടുന്നു. ഇടയ്‌ക്കിടക്ക് തന്‍റെ പ്രണയിനിയുമായുള്ള മധുരനിമിഷങ്ങളിലേക്ക് അയാൾ യാത്ര തിരിക്കുന്നു. സീമയും ജയനും ജോസ്പ്രകാശും അഭിനയിച്ചിരിക്കുന്ന "കസ്തൂരി മാൻമിഴി..." ഗാനരംഗം എൺപതിലെ ഹിറ്റ് ചിത്രം മനുഷ്യമൃഗത്തിൽ നിന്നുള്ളതാണ്. ഗാനഗന്ധർവ്വന്‍റെ ആലാപനവും കെ.ജെ ജോയിയുടെ സംഗീതവും. പാപ്പനംകോട് ലക്ഷ്മണനാണ് ഗാനരചയിതാവ്.

പൂ മാനം പൂത്തുലഞ്ഞേ...

കടത്തുകാരൻ പാടുമ്പോൾ തന്‍റെ ഓർമകളിലേക്ക് മടങ്ങുന്ന സ്വാമിയുടെ രൂപമാണ് ഗാനരംഗത്ത് ജയന്‍റേത്. പ്രകൃതിയുടെ വശ്യതക്കൊപ്പം പ്രണയരംഗങ്ങളെ ഓർമകളായി ഒപ്പിയെടുത്ത ശ്രീകുമാരൻ തമ്പിയുടെ ചിത്രത്തിലെ ഗാനത്തിന് ഇന്നും വലിയ സ്വീകാര്യതയാണുള്ളത്. 1978ൽ പുറത്തിറങ്ങിയ ഏതോ ഒരു സ്വപ്‌നത്തിലെ ഗാനങ്ങളുടെ വരികളും സംവിധായകന്‍റെ സംഭാവനയാണ്. കെ.ജെ യേശുദാസ് പാടിയ ഗാനത്തിന്‍റെ സംഗീതസംവിധാനം സലീൽ ചൗധരിയാണ്.

പൂ ചിരിച്ചു....

ആക്ഷനും മാസ് ഡയലോഗുകളും നന്നായി ഇണങ്ങുന്ന ജയന് നായികക്കൊപ്പം പ്രണയം പാടിനടക്കുന്നതും അനായാസമായിരുന്നു. "പൂ ചിരിച്ചൂ... പിന്നെ നീ ചിരിച്ചു"വിന്‍റെ ആലാപനം പി. ജയചന്ദ്രനും കെ.സ്വർണയും ചേർന്നായിരുന്നു. എ. ബി രാജ് സംവിധാനം ചെയ്‌ത അഗ്നിശരത്തിലെ ഗാനരംഗങ്ങളിൽ ജയൻ, ജയഭാരതി, സുകുമാരൻ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. എം.കെ അർജുനൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ ഗാനത്തിന്‍റെ രചന ശ്രീകുമാരൻ തമ്പി നിർവഹിച്ചിരിക്കുന്നു.

കാറ്റും ഈ കാടിന്‍റെ കുളിരും...

സത്യൻ അന്തിക്കാടിന്‍റെ വരികൾക്ക് എ.ടി ഉമ്മറിന്‍റെ സംഗീതത്തിൽ കെ.ജെ യേശുദാസ് അനശ്വരമാക്കിയ ഗാനം. ജയനും സീമയും ഒരുമിച്ച് മനോഹരമായ പ്രണയമുഹൂർത്തങ്ങൾ പ്രേക്ഷകന് കൈമാറിയപ്പോൾ തടവറ എന്ന ചിത്രത്തിലെ ഗാനം കാണാനും കേൾക്കാനും 39 വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകൻ വളരെയധികം ഇഷ്‌ടപ്പെടുന്നു.

കണ്ണിൽ കണ്ണിൽ നോക്കിയിരിക്കാം...

ജയചന്ദ്രനും ജയനും. ശബ്‌ദത്തിലൂടെ ഒരു പ്രണയകാവ്യം പി.ജയചന്ദ്രൻ അവതരിപ്പിച്ചു. ജയൻ അതിനെ പ്രേക്ഷകനിലേക്ക് ഹൃദ്യസ്ഥമായി പകർത്തി. ശ്രീകുമാരൻ തമ്പി രചിച്ച് ശ്യാം ഈണം പകർന്ന ഗാനം ജയചന്ദ്രനൊപ്പം വാണി ജയറാമും ആലപിച്ചു. "കണ്ണിൽ കണ്ണിൽ നോക്കിയിരിക്കാം കളഞ്ഞുപോയൊരാ സ്വപ്നങ്ങ"ളിൽ സറീന വഹാബാണ് നായകന്‍റെ പ്രണയിനിയായെത്തുന്നത്.

എവിടെയോ കളഞ്ഞു പോയ കൗമാരം...

"എവിടെയോ കളഞ്ഞു പോയ കൗമാരം ഇന്നെന്‍റെ ഓര്‍മയില്‍ തിരയുന്നു..." ശക്തി എന്ന സിനിമയിൽ ജയനും ശ്രീവിദ്യയും ഓർമകളിലൂടെ സഞ്ചരിച്ച് തിരിച്ചെത്തുമ്പോൾ ആസ്വാദകന്‍റെ കണ്ണുകളും ഈറനണിയുന്നു. ഹിറ്റ് സംഗീത സംവിധായകൻ കെ.ജെ ജോയ് ചിട്ടപ്പെടുത്തിയ ഗാനം എഴുതിയിരിക്കുന്നത് ബിച്ചു തിരുമലയാണ്. യേശുദാസാണ് ആലാപനം.

ആദ്യത്തെ രാത്രിയെ വരവേൽക്കാൻ...

ഭാസ്‌കരൻ മാസ്റ്ററുടെ മനോഹരമായ വരികളിലാൽ പിറന്ന "ആദ്യത്തെ രാത്രിയെ വരവേൽക്കാൻ കാർത്തികവിളക്കുകൾ കൊളുത്തീ..." ആസ്വാദകർ ഇന്നും മനസിൽ സൂക്ഷിക്കുന്നുണ്ട്. 1973ൽ റിലീസ് ചെയ്‌ത ശാപമോക്ഷം ചിത്രത്തിലെ ഗാനങ്ങൾ ജി. ദേവരാജന്‍റെ സംഭാവനയാണ്. ഗാനഗന്ധർവ്വനാണ് ആലാപനം. ജയൻ പാടിയഭിനയിച്ച ഗാനരംഗത്ത് നവനമ്പതികളായി ഉമ്മറും ഷീലയും എത്തുന്നു.

ഞാന്‍ രാജാ ഹേയ് മഹരാജാ...

ലൗ ഇൻ സിംഗപ്പൂരിലെ മറ്റൊരു ഹിറ്റ് ഗാനം. ജയചന്ദ്രനും ജാനകിയമ്മയും ആലപിച്ച ഗാനരംഗത്തിൽ ആക്ഷൻ സൂപ്പർ ഹീറോ തകർപ്പൻ നൃത്തരംഗങ്ങളിലൂടെ പ്രേക്ഷകന് ദൃശ്യവിരുന്നൊരുക്കുകയായിരുന്നു. ശങ്കർ ഗണേഷ് സംഗീതം പകർന്ന ഗാനത്തിന്‍റെ വരികൾ ഏറ്റുമാനൂർ ശ്രീകുമാറാണ്.

ABOUT THE AUTHOR

...view details