ബാലതാരമായി സിനിമാലോകത്ത് എത്തി നായകനായും സഹനടനായും തിളങ്ങുന്ന നടന്‍ ഗണപതിയുടെ ആദ്യ സംവിധാന സംരംഭം വൈറലാകുന്നു. 'ഒന്ന് ചിരിക്കൂ' എന്ന മലയാള ഹ്രസ്വചിത്രത്തിലൂടെ പ്രമുഖ സംവിധായകരുടെ അടക്കം പ്രശംസക്ക് അര്‍ഹനായിരിക്കുകയാണ് ഗണപതി. മണ്ണിന്‍റെ മണമുള്ള ഷോര്‍ട്ട് ഫിലിം എന്നായിരിക്കും 'ഒന്ന് ചിരിക്കൂ' കണ്ട ഏതൊരു പ്രേക്ഷകനും ആദ്യം പറയുക. ചുരുങ്ങിയ സമയത്തിനുള്ളില്‍ കാലിക പ്രസക്തിയുള്ള വിഷയം പറഞ്ഞൂവെന്നതാണ് 'ഒന്ന് ചിരിക്കൂ'വെന്ന ഹ്രസ്വചിത്രത്തിന്‍റെ പ്രത്യേകത. തമ്പായിയും നാരായണൻ നമ്പ്യാരുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്. ഗൗതം ബാബു ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നു. ശ്രീ വത്സൻ ആര്‍.എസ് ആണ് എഡിറ്റര്‍. ജയകൃഷ്‍ണൻ ഉണ്ണിത്താനാണ് സംഗീതം ഒരുക്കിയത്. സുഭിഷ് സുധി ഉള്‍പ്പെടെയുള്ള താരങ്ങളും ചിത്രത്തിലുണ്ട്. ഒട്ടേറെ ആരാധകരും ഹ്രസ്വ ചിത്രത്തെയും സംവിധായകനെയും അഭിനേതാക്കളെയും അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
വാക്കുകള്‍ക്ക് അപ്പുറം ഗണപതിയുടെ 'ഒന്ന് ചിരിക്കൂ' - ഗണപതിയുടെ 'ഒന്ന് ചിരിക്കൂ'
ചുരുങ്ങിയ സമയത്തിനുള്ളില്‍ കാലിക പ്രസക്തിയുള്ള വിഷയം പറഞ്ഞുവെന്നതാണ് 'ഒന്ന് ചിരിക്കൂ'വെന്ന ഹ്രസ്വചിത്രത്തിന്‍റെ പ്രത്യേകത. തമ്പായിയും നാരായണൻ നമ്പ്യാരുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്
'പറയാന്‍ വാക്കുകളില്ല, നീ എന്നെ ഞെട്ടിച്ചു'വെന്നാണ് ഷോര്‍ട്ട് ഫിലിം കണ്ടശേഷം സംവിധായകന്‍ ജീത്തു ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചത്. മമ്മൂട്ടി, പാര്‍വതി, ആസിഫ് അലി, നസ്രിയ നസീം എന്നിവരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് കഴിഞ്ഞ ദിവസം ഒന്ന് ചിരിക്കൂ റിലീസ് ചെയ്തത്. കന്നി സംവിധാന സംരംഭം എന്ന് തോന്നിപ്പിക്കാത്ത വിധം മനോഹരമായാണ് ഗണപതി ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ഷോര്‍ട്ട് ഫിലിം കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. സന്തോഷ് ശിവന്‍റെ ബിഫോര്‍ ദി റെയിന്‍സ് എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെയാണ് ഗണപതി.എസ്.പൊതുവാള്‍ എന്ന ഗണപതി അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് വിനോദയാത്രയടക്കം നിരവധി ചിത്രങ്ങളില്‍ ബാലതാരമായി വേഷമിട്ടു. ശേഷം വള്ളിക്കുടിലിലെ വെള്ളക്കാരന്‍ എന്ന ചിത്രത്തിലൂടെ നായകനായും ഗണപതി അരങ്ങേറ്റം കുറിച്ചു. കാളിദാസ് ചിത്രം മിസ്റ്റര്‍ ആന്‍റ് മിസിസ് റൗഡിയാണ് ഗണപതിയുടെതായി തിയേറ്ററുകളിലെത്തിയ അവസാന ചിത്രം.