നടൻ അനൂപ് മേനോന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തന്‍റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതായി ആരാധകർക്ക് താരം ഇൻസ്റ്റഗ്രാമിലൂടെ മുന്നറിയിപ്പ് നൽകി. ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത ശേഷം സൈബർക്രിമിനലുകൾ ഇതിലേക്ക് വീഡിയോകളും ഫോട്ടോകളും അപ്‌ലോഡ് ചെയ്‌തുതുടങ്ങി. ഇതോടെ താരം ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സൈബർ സെല്ലിനെ അറിയിക്കുകയായിരുന്നു.
തന്‍റെ ഫേസ്ബുക്ക് പേജിലെ നാല് അഡ്‌മിനുകളെ ഹാക്ക് ചെയ്‌തവർ നീക്കം ചെയ്‌തതായും ഇതിലേക്ക് കോമഡി വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിൽ താരം പറഞ്ഞു. ഏകദേശം 15 ലക്ഷത്തോളം ആളുകളാണ് താരത്തിന്‍റെ പേജ് പിന്തുടരുന്നത്. രണ്ട് ദിവസങ്ങൾക്കുള്ളിൽ പേജ് വീണ്ടെടുക്കാനാകുമെന്ന് അധികൃതർ അറിയിച്ചുവെന്നും അനൂപ് മേനോൻ പറഞ്ഞു.