എറണാകുളം: സൗബിൻ ഷാഹിര്‍ ചിത്രം ജിന്നിന്‍റെ റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു. സിനിമയുടെ നിർമാണ കമ്പനിയായ സ്ട്രെയ്‌റ്റ് ലൈൻ സിനിമാസിനെതിരെ ഉയര്‍ന്ന സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച കേസിന്‍റെ ഭാഗമായാണ് ഹൈക്കോടതിയുടെ നടപടി. സിദ്ധാര്‍ഥ് ഭരതനാണ് ജിന്ന് സംവിധാനം ചെയ്‌തിരിക്കുന്നത്. കാർത്തി നായകനായ തമിഴ് ചിത്രം കൈതിയുടെ നിർമാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്‌സ് നൽകിയ ഹർജിയിലാണ് നടപടി. ജസ്റ്റിസ് രാധാകൃഷ്ണന്‍റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
സൗബിൻ ഷാഹിർ ചിത്രം ജിന്നിന്‍റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
സിനിമയുടെ നിർമാണ കമ്പനിയായ സ്ട്രെയ്‌റ്റ് ലൈൻ സിനിമാസിനെതിരെ ഉയര്‍ന്ന സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച കേസിന്‍റെ ഭാഗമായാണ് ഹൈക്കോടതിയുടെ നടപടി
കൈതിയുടെ കേരളത്തിലെ വിതരണക്കാർ സ്ട്രെയ്‌റ്റ് ലൈൻ സിനിമാസായിരുന്നു. കരാർ അനുസരിച്ചുള്ള ലാഭ വിഹിതം വിതരണക്കാരായ സ്ട്രെയ്‌റ്റ് ലൈൻ സിനിമാസ് ഡ്രീം വാരിയർ പിക്ചേഴ്‌സിന് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. പലതവണ ആവശ്യപ്പെട്ടിട്ടും ലാഭ വിഹിതം നൽകാൻ സ്ട്രെയ്‌റ്റ് ലൈൻ തയ്യാറായില്ലെന്നും തുടർന്നാണ് നിയമ നടപടി സ്വീകരിച്ചതെന്നും ഡ്രീം വാരിയർ അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സിനിമകളിൽ വലിയ സാമ്പത്തിക നേട്ടം കൈവരിച്ച സിനിമകളിൽ ഒന്നായിരുന്നു ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത കാർത്തി ചിത്രം കൈതി.
'വർണ്യത്തിൽ ആശങ്ക' എന്ന സിനിമയ്ക്ക് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്‌ത സിനിമ കൂടിയാണ് ജിന്ന്. സമീർ താഹിറിന്‍റെ 'കലി' സിനിമയുടെ രചയിതാവ് രാജേഷ് ഗോപിനാഥാണ് ജിന്നിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ള സംഗീതവും ഭവൻ ശ്രീകുമാർ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. സ്ട്രെയ്‌റ്റ് ലൈൻ സിനിമാസിന്‍റെ ബാനറിൽ സുധീർ വി.കെ, അബ്ദുൽ ലത്തീഫ് വടുക്കൂട്ട് എന്നിവർ ചേർന്നാണ് ജിന്ന് നിർമിച്ചിരിക്കുന്നത്. സൗബിൻ ഷാഹിറും നിമിഷ സജയനുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ഇവർക്കൊപ്പം ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ, സാബുമോൻ, ജാഫർ ഇടുക്കി, നിഷാന്ത് സാഗർ, സുധീഷ്, ശാന്തി ബാലചന്ദ്രൻ, ലിയോണ ലിഷോയ്, കെപിഎസി ലളിത, ബിന്നി റിങ്കി ബെഞ്ചമിൻ, ബേബി ഫിയോണ എന്നിവരും അഭിനയിച്ചിരിക്കുന്നു.