ഈശോ എന്ന സിനിമ ടൈറ്റിലിന് എതിരെയുള്ള വിമർശനങ്ങൾക്കും വിവാദങ്ങൾക്കും പിന്നാലെ സിനിമ മേഖലയിലെ നിരവധി പേർ സംവിധായകൻ നാദിർഷായെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
ക്രിസ്‌ത്യൻ സമൂഹത്തെയും വിശ്വാസത്തെയും വ്രണപ്പെടുത്തുന്നു എന്നതാണ് സിനിമക്ക് എതിരെയുള്ള ആരോപണം. എന്നാൽ, ക്രിസ്‌ത്യൻ സഭകളിലെ ഏതാനും പ്രതിനിധികൾ ഈശോ കണ്ടതായും സിനിമയിൽ മതത്തെ അവഹേളിക്കുന്ന തരത്തിൽ പരാമർശങ്ങളൊന്നും ഇല്ലെന്ന് വിലയിരുത്തിയതായും നാദിർഷ അറിയിച്ചിരുന്നു. കൂടാതെ, ചിത്രത്തിന്‍റെ ടൈറ്റിൽ സംബന്ധിച്ച് ഫെഫ്‌ക തീരുമാനിക്കുമെന്നും സംവിധായകൻ വ്യക്തമാക്കിയിട്ടുണ്ട്.
സിനിമ മതേതര മനോഭാവമുള്ള ഈ നൂറ്റാണ്ടിലെ കലാരൂപമാണെന്ന് ഓർമിപ്പിച്ചുകൊണ്ട് സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്‌ടയും നാദിർഷയെ പിന്തുണച്ചെത്തിയിരിക്കുകയാണ്. ഈശോ എന്ന ചിത്രത്തിന്‍റെ പേരിനെ ചൊല്ലിയുള്ള അനാവശ്യ വിവാദം സാംസ്‌കാരിക കേരളത്തിന് ഒട്ടും ഭൂഷണമല്ലെന്നും മാക്‌ട പറഞ്ഞു.
നാദിർഷയ്ക്ക് മാക്‌ടയുടെ പിന്തുണ
'മലയാള ചലച്ചിത്ര പ്രവർത്തകരും പ്രേക്ഷകരും തമ്മിലുള്ള ബന്ധം ഏതെങ്കിലും മതത്തിന്‍റെയോ ജാതിയുടെയോ സമുദായത്തിന്‍റെയോ ചേർത്തുപിടിക്കലല്ല. സിനിമ പൊതുവേ മതേതര മനോഭാവമുള്ള ഈ നൂറ്റാണ്ടിലെ കലാരൂപമാണ്. എല്ലാവരും ഒരുമിച്ച് നിന്നുകൊണ്ട് ഏറെ സജീവമായി പ്രവർത്തിക്കുന്ന ഒരിടം.
More Read: ഈശോ എന്ന് സിനിമയ്‌ക്ക് പേരിട്ടാല്‍ എന്താണ് കുഴപ്പം? നാദിർഷയെ തുണച്ച് മെത്രാപ്പൊലീത്ത
സമൂഹത്തിന്‍റെ മാനസികമായ സന്തോഷത്തിന് വേണ്ടിയാണ് സിനിമ നിലനില്ക്കുന്നത് തന്നെ. ആ മേഖലയിലേക്കാണ് സോഷ്യൽ മീഡിയയിലൂടെ ഒരു പറ്റം ആളുകൾ വിവാദം സൃഷ്‍ടിക്കുന്നത് എന്നും' മാക്‌ട പ്രതികരിച്ചു.
നാദിർഷാ സംവിധാനം ചെയ്‌ത സിനിമയുടെ പേരിനെ ചൊല്ലിയുള്ള അനാവശ്യ വിവാദം സാംസ്‌കാരിക കേരളത്തിന് ഒട്ടും ഭൂഷണമല്ലെന്നും ആവിഷ്‍കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടത് മാക്‌ട പോലുള്ള സാംസ്‌കാരിക സംഘടനയുടെ ഉത്തരവാദിത്തമാണെന്നും സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി. നാദിർഷായ്ക്ക് എല്ലാ പിന്തുണയും അറിയിക്കുന്നതായും മാക്‌ട എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂട്ടിച്ചേർത്തു.