ഈശോ എന്ന സിനിമയുടെ ടൈറ്റിൽ മാറ്റില്ലെന്ന ചിത്രത്തിന്‍റെ അണിയറപ്രവർത്തകരുടെ നിലപാടിനെതിരെ ശക്തമായ വിമർശനമാണ് ക്രിസ്‌ത്യൻ സഭകളിൽ നിന്ന് ഉയരുന്നത്.
ഇതിനിടെ ഒരു ടിവി ചാനലിലെ ചർച്ചയിൽ മുൻ എംഎൽഎയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങളും വിവാദമായിരുന്നു.
ഈശോയുടെ പേരിലെ വിമർശനത്തിനിടെ ദുൽഖർ സൽമാൻ നിർമിച്ച മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലെ പാട്ട് ചൂണ്ടിക്കാട്ടിയാണ് പി.സി ജോർജിന്‍റെ ആരോപണം.
ചിത്രത്തിലെ 'മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ തഞ്ചത്തില്‍ ഒപ്പന പാടിവായോ' എന്ന പാട്ടിനെക്കുറിച്ചായിരുന്നു പി.സി ജോർജ് വിമർശനം ഉന്നയിച്ചത്.
More Read:'നാദിർഷയെ പിന്തുണച്ച ടിനി ടോം സഭയിലെ പിതാക്കന്‍മാരെ ചോദ്യം ചെയ്യുമോ' ; യെസ് ഡിയര്‍ എന്ന് മറുപടി
ചിത്രത്തിലെ നായകന്‍ അശോകന്‍ ഹിന്ദുവാണ്. ഉണ്ണിമായയും ഹിന്ദു സ്‌ത്രീയാണ്. എന്നാൽ ഉണ്ണിമായയോട് എന്തിനാണ് തഞ്ചത്തില്‍ ഒപ്പന പാടിവരാന്‍ പറയുന്നത് എന്നാണ് പി.സി ജോർജ് പറഞ്ഞത്.
പാട്ടിനെതിരെയുള്ള വിമർശനത്തിന് ഗാനരചയിതാവിന്‍റെ പ്രതികരണം
പി.സി ജോർജിന്‍റെ പരാമർശത്തിന് എതിരെ ചിത്രത്തിന്‍റെ ഗാനരചയിതാവ് ഷിഹാസ് അമ്മദ്‌കോയ രംഗത്തെത്തി.
'മതസൗഹാർദം ഊട്ടിയുറപ്പിക്കുന്നതിനായി മതേതരബോധത്തോടെ നാല് വരി പാട്ട് എഴുതാൻ പറ്റില്ലാന്നും വച്ചാ...' എന്ന് കുറിച്ചുകൊണ്ട് മുൻ എംഎൽഎയെ ട്രോളിയാണ് ഗാനരചയിതാവിന്‍റെ പ്രതികരണം.
ക്രിസ്‌ത്യൻ സമൂഹത്തെ തകർക്കാൻ ഹിഡൻ അജണ്ഡകളുണ്ട്: പി.സി ജോർജ്
മൊഞ്ചത്തിപ്പെണ്ണേ അയിഷാ ബീവി തഞ്ചത്തില്‍ ഒപ്പന പാടി വായോ എന്ന് എഴുതാമായിരുന്നല്ലോയെന്നും പാട്ടിന്‍റെ ഭംഗിക്ക് വേണ്ടി എഴുതിയതാണ് എന്നുമൊക്കെ ഗാനരചയിതാവ് പറയുമായിരിക്കുമെന്നും പി.സി ജോർജ് ചർച്ചയിൽ വിമർശിച്ചു.
താൻ മുസ്ലിം വിരുദ്ധനോ ക്രിസ്ത്യാനി വിരുദ്ധനോ അല്ല. എന്നാൽ കേരളത്തിൽ ക്രിസ്‌ത്യൻ സമൂഹത്തെ തകർക്കാൻ ഹിഡൻ അജണ്ഡകളുള്ള സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും പി.സി ജോർജ് ആരോപിച്ചു.
ഈമയൗ എന്ന സിനിമ വന്നപ്പോൾ താൻ മിണ്ടാതിരുന്നതാണ്. എന്നാൽ ഒരു മര്യാദയൊക്കെ വേണ്ടേ, സിനിമ പിടിച്ചോട്ടേ, അതിനകത്ത് ക്രിസ്ത്യന്‍, ഹിന്ദു, ഇസ്ലാം തുടങ്ങിയ വിശ്വാസപരമായ കാര്യങ്ങളില്‍ കൈകടത്തരുതെന്നുമാണ് പിസി ജോര്‍ജിന്‍റെ വാദം.