മലയാളത്തിൽ റെക്കോഡുകൾ ഭേദിച്ച മോഹൻലാൽ ചിത്രം ലൂസിഫറിന്‍റെ തെലുങ്ക് പതിപ്പ് അണിയറയിൽ ഒരുങ്ങുന്നു. 2019ൽ പൃഥിരാജിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങി തിയേറ്ററുകൾ ആഘോഷമാക്കിയ ചിത്രം. മലയാളത്തിൽ മോഹൻലാൽ അവതരിപ്പിച്ച എബ്രഹാം ഖുറേഷിയെ തെലുങ്കിൽ അവതരിപ്പിക്കുന്നതും മറ്റൊരു സൂപ്പർസ്റ്റാർ തന്നെ. എന്നാൽ, ചിരഞ്‌ജീവി നായകനാകുന്ന തെലുങ്ക് റീമേക്കിന്‍റെ സംവിധായകനെ കുറിച്ചുളള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ചിരഞ്‌ജീവി നിർമാതാവ് കൂടിയാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് മോഹൻ രാജയാണ്. തുടക്കത്തിൽ സഹോയുടെ സംവിധായകൻ സുജിത്തായിരിക്കും സംവിധായകൻ എന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ തിരക്കഥയിൽ ചിരഞ്ജീവി തൃപ്തനല്ലാതിരുന്നു. അതിനാലാണ് മറ്റൊരു സംവിധായകനിലേക്ക് അണിയറപ്രവർത്തകർ തിരിഞ്ഞത്.
തമിഴിൽ ജയം രവി അഭിനയിച്ച തനി ഒരുവൻ, ശിവ കാർത്തികേയൻ- ഫഹദ് ഫാസിൽ കേന്ദ്ര വേഷങ്ങളിലെത്തിയ വേലൈക്കാരൻ എന്നീ സിനിമകളുടെ സംവിധായകനാണ് മോഹൻ രാജ. തെലുങ്കിൽ ഹനുമാന്‍ ജംഗ്ഷന്‍ എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്. ചിരഞ്‌ജീവിയുമായി പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ മോഹൻ രാജ ട്വിറ്ററിൽ പറഞ്ഞു.
അതേ സമയം, മലയാളത്തിൽ നിന്നും മാറ്റങ്ങൾ വരുത്തി, തന്‍റെ ശൈലിക്ക് ഇണങ്ങുന്ന രീതിയിലായിരിക്കും ചിത്രം ഒരുക്കുന്നതെന്ന് ചിരഞ്‌ജീവി പറഞ്ഞിരുന്നു. സിനിമയുടെ ടൈറ്റിലോ മറ്റ് താരങ്ങളെയോ കുറിച്ച് വ്യക്തമാക്കിയിട്ടില്ല. മഞ്‌ജു വാര്യരുടെ റോളിൽ സുഹാസിനിയും വിവേക് ഒബ്‌റോയിയുടെ റോളിൽ റഹ്മാനും പൃഥ്വിരാജിന്‍റെ റോളിൽ വിജയ് ദേവരകൊണ്ടയുമെത്തും എന്നായിരുന്നു റിപ്പോർട്ടുകൾ. എന്തായാലും, കാജൽ അഗർവാളിനൊപ്പം ചിരഞ്‌ജീവി അഭിനയിക്കുന്ന ആചാര്യ പൂർത്തിയാക്കിയ ശേഷമാണ് ലൂസിഫർ റീമേക്കിന്‍റെ നിർമാണം ആരംഭിക്കുന്നത്. അടുത്ത വർഷമാദ്യം തന്നെ ചിത്രീകരണം ആരംഭിക്കും.