എറണാകുളം: ലോകേഷ് കനകരാജിന്‍റെ 'മാനഗരം' ഹിന്ദി റീമേക്കിനൊരുങ്ങുന്നു. കാർത്തി നായകനായ തമിഴ് ചിത്രം കൈതിയിലൂടെ മലയാളിക്കും സുപരിചിതനായ സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹത്തിന്‍റെ ആദ്യ ചിത്രമായ മാനഗരം പ്രേക്ഷക പ്രശംസയും നിരൂപകപ്രശംസയും നേടിയിരുന്നു. സുദീപ് കിഷൻ, റെജിന എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ത്രില്ലർ ചിത്രം ഹിന്ദി ഭാഷയിൽ പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവൻ സംവിധാനം ചെയ്യുമെന്നാണ് വാർത്തകൾ. പുലി, ഇരുമുഖൻ, സാമി 2 ചിത്രങ്ങളുടെ നിർമാതാവായ ഷിബു തമീൻസായിരിക്കും റീമേക്ക് നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂർണമായും മുംബൈയിൽ ആയിരിക്കുമെന്നും അടുത്ത വർഷം ജനുവരിയിൽ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ലോകേഷ് കനകരാജിന്‍റെ 'മാനഗരം' ഹിന്ദിയിലേക്ക്? - santhosh sivan
കൈതി ചിത്രത്തിന്‍റെ സംവിധായകൻ ലോകേഷ് കനകരാജിന്‍റെ ആദ്യ സിനിമ മാനഗരം സന്തോഷ് ശിവന്‍റെ സംവിധാനത്തിൽ ഹിന്ദിയിലെത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.
മാനഗരം ഹിന്ദി റീമേക്കിനൊരുങ്ങുന്നു
50 ദിവസമാണ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് തീരുമാനിച്ചിരിക്കുന്നത്. ഛപാക്ക്, ലിപ്സ്റ്റിക് അണ്ടർ മൈ ബുർക്ക സിനിമകളിലൂടെ ശ്രദ്ധേയനായ നടൻ വിക്രാന്ത് മാസി ആയിരിക്കും ഹിന്ദി പതിപ്പിലെ നായകൻ. എന്നിരുന്നാലും, സംവിധായകന്‍റെയോ നിർമാതാവിന്‍റെയോ ഭാഗത്ത് നിന്ന് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. നേരത്തെ അജയ് ഗേവ്‌ഗണിനെ നായകനാക്കി കൈതിയുടെ ഹിന്ദി റീമേക്ക് ഒരുക്കുമെന്നും വാർത്തകളുണ്ടായിരുന്നു.