സമൂഹം; അതിന്‍റെ അന്ധമായ വിശ്വാസങ്ങളും ആചാരങ്ങളും ചിന്തകളും... ഇവയോടെല്ലാം ലോഹിതദാസിന് കടുത്ത രോക്ഷവും എതിർപ്പും വേദനയും തോന്നി. അത് അയാൾ വൈകാരികമായി തൂലികയോട് വിവരിച്ചു. കടലാസിലേക്ക് വാക്കുകളായി തൂലിക ആഴത്തിൽ അവയെ അടയാളപ്പെടുത്തി. ലോഹി പിറവി നൽകിയ ബാലൻ മാഷിനെയും ഗോപിനാഥിനെയും അമ്മാവനെയും മുത്തശ്ശിയെയും ശ്രീധരൻമാമയെയും സമൂഹത്തെയും സിബി മലയിൽ തിരശ്ശീലക്ക് പരിചയപ്പെടുത്തി. അങ്ങനെ 1987 ഓഗസ്റ്റിൽ മലയാളം കണ്ട എക്കാലത്തെയും മികച്ച ചിത്രം ജന്മം കൊണ്ടു.
സംവിധാനം: സിബി മലയിൽ, തിരക്കഥ: എ.കെ ലോഹിതദാസ് തനിയാവർത്തനം, വെറും സിനിമാക്കഥയല്ല... ഒറ്റപ്പെട്ട സംഭവവുമല്ല. നമുക്കിടയിൽ കടന്നുവന്നിട്ടുള്ള ജീവിതാനുഭവം തന്നെയാണ്. മറ്റേതൊരു രോഗവും പോലെ തലച്ചോറിനെ ബാധിക്കുന്ന ഭ്രാന്ത്. എന്നാൽ, അതിനെപ്പോഴും ഒരു രൂപം വേണം എന്നാണ് പൊതുജനം നിശ്ചയിച്ചിരിക്കുന്നത്. അതിന് പാരമ്പര്യമായി സമൂഹവും വിശ്വാസങ്ങളും പതിച്ചുനൽകിയ ഇരകളാണ് ബാലൻമാഷിന്‍റെ കുടുംബം. പണ്ട് ദേവിയുടെ വിഗ്രഹം പൊട്ടക്കിണറ്റിലെറിഞ്ഞതോടെ കാളികോപം തലമുറകൾ കഴിഞ്ഞും പിന്തുടരുകയാണെന്നാണ് വിശ്വാസം. ആ അന്ധവിശ്വാസത്തിന് ഇരയാകുന്നത് കുടുംബത്തിലെ ഓരോ തലമുറയിലെയും ആൺസന്തതികളും. ബാബു നമ്പൂതിരി അവതരിപ്പിച്ച ശ്രീധരൻമാമയോടെ അതവസാനിക്കുമെന്ന് കരുതി. അതിനായി പെടാപ്പാടുകൾ പെട്ടും അവർ പൂജ നടത്തി. പക്ഷേ, അപരിഷ്‌കൃത ചിന്തകൾ അരങ്ങു വാഴുമ്പോൾ, സമൂഹം ബാലൻമാഷിനെ ഭ്രാന്താനായി ആ വലിയ തറവാട്ട് വീട്ടിൽ പ്രതിഷ്‌ഠയിരുത്തി.
മമ്മൂട്ടി, തിലകൻ, ബാബു നമ്പൂതിരി, ഫിലോമിന തുടങ്ങി പ്രഗൽഭരായ അഭിനയനിര തിലകൻ അവതരിപ്പിച്ച അമ്മാവൻ, ഫിലോമിനയുടെ മുത്തശ്ശി എല്ലാം അനാചാരങ്ങളെ മുറുകെ പിടിക്കുന്നവരാണ്. ഭ്രാന്ത് ദേവികോപമല്ല, മറിച്ച് അന്ധവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പ്രതിഫലനമാണെന്ന് തിരിച്ചറിവുള്ള കഥാനായകന്‍റെ ഇളയസഹോദരൻ ഗോപിനാഥ്. പഴമയുടെ നെറികേടുകൾ വേട്ടയാടുന്ന ആ കുടുംബത്തിൽ നിന്ന് എങ്ങനെയും രക്ഷപ്പെടണമെന്നാണ് അയാൾ അതിയായി ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും. ഇതിനിടയിൽ പിരിമുറുക്കത്തിലാവുന്നതാകട്ടെ, മമ്മൂട്ടി അനശ്വരമാക്കിയ ബാലഗോപാലൻ മാഷാണ്. അയാൾ, ഒരു ഡ്രോയിങ്ങ് അധ്യാപകനാണ്. വിവരവും സ്‌നേഹവും ഒത്തിണങ്ങിയ കുടുംബനാഥൻ. അമ്മയും വിവാഹപ്രായമെത്തിയ പെങ്ങളും ഭാര്യയും മക്കളും മുത്തശ്ശിയും സഹോദരനുമടങ്ങിയ കുടുംബത്തിന്‍റെ ഉത്തരവാദിത്വങ്ങൾ പേറുന്നതിനാലാകാം, വിശ്വാസങ്ങൾ വെറും പൊള്ളയാണെന്ന് തിരിച്ചറിവുണ്ടായിട്ടും വല്യമ്മാമയെ അനുസരിക്കേണ്ടി വരുന്നത്. അതിനാൽ തന്നെയാണ്, ഒടുവിൽ അയാളും ദുശിച്ച ആചാരങ്ങളുടെ ചങ്ങലയിൽ ഭ്രാന്തനായി ബന്ധിക്കപ്പെടുന്നത്.
മമ്മൂട്ടിയുടെ ബാലൻ മാഷ് ഇന്നും മലയാളിയുടെ മനസ്സിൽ വേദനയോടെ ജീവിക്കുന്നു ശ്രീധരൻമാമയുടെ മരണശേഷം ഒരു സ്വപ്‌നം കണ്ട് ഞെട്ടിയുണരുന്ന ബാലൻ മാഷ്, പിന്നെയെല്ലാവർക്കും മാനസികവൈകല്യമുള്ള പുതിയ രൂപമാകുന്നു. അയാളൊരു സ്‌കെയിൽ എടുത്ത് പരിശോധിക്കുന്നതും തനിക്ക് ഭ്രാന്തില്ല, ഭ്രാന്തില്ലയെന്ന് എടുത്ത് പറയുന്നതും പരിഹസിക്കുന്നവർക്ക് നേരെ തട്ടിക്കേറുന്നതും നിസ്സഹായവസ്ഥയുടെ അങ്ങേയറ്റത്ത് എത്തുമ്പോൾ കുടുംബത്തിലെ കാരണവരായ അമ്മാവന് നേർക്ക് ശബ്‌ദമുയർത്തുന്നതും എല്ലാം ഭ്രാന്തിന്‍റെ ലക്ഷണങ്ങളാണ് മറ്റുള്ളവർക്ക്. കാരണം, ഒരാളുടെ നേർക്ക് ഭ്രാന്തന്‍റെ ലേബൽ മുദ്ര കുത്താനായി പൊതുസമൂഹവും അത്രയേറെ താൽപര്യപ്പെടുന്നു.
നന്മയുടെ പ്രതിരൂപമാണ് നാട്ടിൻ പുറങ്ങളെന്ന വാദം ലോഹിതദാസ് തനിയാവർത്തനത്തിൽ പൊളിച്ചെഴുതുന്നു. ചായക്കടയും മുറുക്കാൻ പീടികയും സ്‌കൂൾ മാഷും മുത്തശ്ശിക്കഥകളും സാധാരണക്കാരന്‍റെ അധഃപതനത്തിന്‍റെ ഹേതുവാകുന്നത് ചിത്രത്തിൽ വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട്.
ലോഹിതദാസിന്‍റെ ആദ്യതിരക്കഥ സിനിമയിലെ ഓരോ മുഹൂർത്തങ്ങളിലും സംവിധായകനും കഥാകാരനും ചേർന്ന് സമൂഹത്തോടുള്ള ചോദ്യശരങ്ങൾ തൊടുത്തുവിടുകയാണ്. മുത്തശ്ശി പറയുന്ന കഥ വിശ്വസിക്കേണ്ടെന്ന് മക്കൾക്ക് പറഞ്ഞുകൊടുക്കുന്ന ബാലൻമാഷ്, ഭൂതകാലത്തിൽ തന്‍റെ പ്രിയപ്പെട്ടവളെ നഷ്‌ടപ്പെട്ട വേദനയിൽ തകർന്ന മനസ്സ്, അയാളെ ചങ്ങലയിൽ പൂട്ടി ഒരു മുറിക്കുള്ളിലേക്ക് ഒതുക്കുന്ന കുടുംബം, അവസാനം ദുഃഖം കൊട്ടിപ്പാടി മരണത്തിലൂടെ സ്വാതന്ത്ര്യം നേടുന്ന ശ്രീധരൻമാമ, ഇനിയാര് അടുത്തതെന്ന നാട്ടുകാരുടെ കൗതുകവും അത് വേട്ടയാടുന്ന കഥാനായകനും, ഭ്രാന്തനെന്ന് മുദ്ര കുത്തി ഒറ്റപ്പെടുത്തിയ ഗോപി ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾ, സഹോദരിയുടെ വിവാഹാലോചന ചടങ്ങിലേക്ക് അപരിചിതനായി കയറിവരുന്ന ബാലൻമാഷും അവിടെ നിസ്സഹായരായ കാഴ്‌ചക്കാരെപ്പോലെ നോക്കി നിൽക്കുന്ന അമ്മയും പെങ്ങളും, മുറിക്കുള്ളിൽ ഭ്രാന്തനായി കുടിയിരുത്തുമ്പോൾ ചങ്ങലക്ക് കാൽ നീട്ടുന്ന പരാജിതനായ ലോഹിയുടെ നായകൻ..... തീരുന്നില്ല, ഉരുപ്പടികൾ വിറ്റും ഭ്രാന്തിനെതിരെയുള്ള പൂജാകർമങ്ങൾ നടത്തുന്ന അമ്മാവനും മരുന്ന് വാങ്ങാതെ ആ പൈസക്ക് തിരി വാങ്ങി കാവിൽ കൊളുത്താൻ നിർദേശിക്കുന്ന മുത്തശ്ശിയും; കഥാവസാനം വരെയും അവർ തങ്ങളുടെ വിശ്വാസങ്ങൾ മുറുകെപ്പിടിക്കുകയാണ്.
ആചാരങ്ങൾക്കും അമിത വിശ്വാസങ്ങൾക്കും സാധാരണക്കാരൻ ഇരയാകുന്നതെങ്ങനെയെന്ന് തനിയാവർത്തനം വിവരിച്ചു "അന്ധവിശ്വാസമാവാം, പഴയ ആളല്ലേ, മനസിലുറച്ചുപോയി, തെറ്റാണെങ്കിൽ ക്ഷമിക്കുക," കുടുംബത്തിൽ നിന്നും രക്ഷപ്പെടാൻ ജോലിക്ക് പുറംനാട്ടിലേക്ക് പുറപ്പെടാനൊരുങ്ങവേ വല്യമ്മാമ ഗോപിനാഥിനോട് പറഞ്ഞു. തകർച്ചയുടെ അങ്ങേക്കോണിലേക്ക് ഒരു മനുഷ്യജീവനും അയാളുടെ കുടുംബവും എത്തിപ്പെട്ടിട്ടും തിലകനിലൂടെ പഴമ ക്ഷമാപണം നടത്തുന്നത് സിനിമയിൽ കാണാം. ഉപയോഗശൂന്യമായ ഒരു മാപ്പപേക്ഷയാണതെന്ന് നിസ്സഹായനായി മറുപടിയൊന്നും നൽകാതെ നിൽക്കുന്ന മുകേഷിലൂടെ ലോഹിതദാസും സിബി മലയിലും വിമർശിക്കുന്ന സന്ദർഭമാണിത്.
ബാലൻ മാഷ് അത്രയേറെ വേദനയോടെയാണ് പ്രേക്ഷകനിലേക്ക് നിറഞ്ഞത്. സാധാരണക്കാരന്‍റെ കഥയാണ്. മാജിക്കോ ട്വിസ്റ്റോ കൊണ്ടുവന്ന് തന്‍റെ കഥാനായകനെ രക്ഷിച്ചെടുക്കാൻ ലോഹിതദാസ് ക്ലൈമാക്‌സിൽ ശ്രമിക്കുന്നില്ല. പകരം, നിസ്സഹായതയോടെ പിടയുന്ന അമ്മയുടെ കയ്യിൽ ഒരു പാത്രം ചോറു നൽകി തിരക്കഥാകൃത്ത് വിട്ടു. അങ്ങനെ ആദ്യത്തെ ചോറുരുള നൽകിയ കൈയിൽ നിന്നും അവസാനത്തെ അന്നവും ബാലൻ മാഷ് സ്വീകരിച്ചു. പിന്നെ നിലവിളികൾ... ശുഭം.
33 വർഷങ്ങൾക്ക് മുമ്പുള്ള ചിന്തകൾ മാറി. അതിന് തനിയാവർത്തവും നിർണാക പങ്ക് വഹിച്ചിട്ടുണ്ടെന്ന് പറയാം. തന്‍റെ ആദ്യ തിരക്കഥയിലൂടെ സമൂഹത്തിൽ അന്ന് വേരുറച്ചിരുന്ന ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും നേരെ ലോഹിതദാസിന്‍റെ തൂലിക ചലിച്ചു. ഒപ്പം സിബി മലയിലിന്‍റെ സംവിധാന മികവും ജോൺസൺ മാസ്റ്ററിന്‍റെ പശ്ചാത്തലസംഗീതവും എം.ജി രാധാകൃഷ്‌ണന്‍റെ സംഗീതസംവിധാനവും എല്ലാം ഒത്തിണങ്ങിയതോടെ തനിയാവർത്തനം എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ മുന്നിരയിൽ ഇടം പിടിച്ചു.