മികച്ച പ്രതികരണത്തോടെയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി' ട്രെയിലർ പ്രേക്ഷകർ സ്വീകരിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ ചിത്രം ഓൺലൈൻ റിലീസിനെത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നെങ്കിലും ചുരുളി തിയേറ്ററിൽ കണ്ട് ആസ്വദിക്കേണ്ട സിനിമയാണെന്നാണ് സംവിധായകന്‍റെ അഭിപ്രായം. എന്നാൽ, കൊവിഡ് പശ്ചാത്തലത്തിൽ വലിയ സ്ക്രീനിൽ ചുരുളി പ്രദർശിപ്പിക്കാൻ സാധിക്കാത്തതിനാൽ വെര്‍ച്വല്‍ റിയാലിറ്റി (വിആര്‍) ഹെഡ്‌സെറ്റ് വഴി ചിത്രം റിലീസ് ചെയ്യുന്നതിനായി ആലോചിക്കുന്നുണ്ടെന്ന് ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്‌ബുക്കിലൂടെ അറിയിച്ചു. ടെനെറ്റ് പോലുള്ള ചിത്രങ്ങൾ ഓണ്‍ലൈനിൽ റിലീസ് ചെയ്യുന്നുവെന്ന വാർത്തകൾ വേദനിപ്പിക്കുന്നതായും എൽജെപി സൂചിപ്പിച്ചു.
വിആർ പ്ലാറ്റ്‌ഫോം വഴി 'ചുരുളി'യുടെ റിലീസിനായി ആലോചിക്കുന്നുവെന്ന് എൽജെപി
ചുരുളി തിയേറ്ററിൽ കണ്ട് ആസ്വദിക്കേണ്ട സിനിമയാണെന്നും കൊവിഡിൽ അത് സാധ്യമല്ലാത്തതിനാൽ വെര്‍ച്വല്‍ റിയാലിറ്റി (വിആര്‍) ഹെഡ്‌സെറ്റ് വഴി ചിത്രം റിലീസ് ചെയ്യുന്നതിനായി ആലോചിക്കുന്നുണ്ടെന്നും ലിജോ ജോസ് പെല്ലിശ്ശേരി അറിയിച്ചു.
ഒരു കലാകാരൻ നേരിടുന്ന സര്‍ഗാത്മക പ്രതിസന്ധിയാണിതെന്ന് കുറിച്ചുകൊണ്ടാണ് സംവിധായകൻ ഫേസ്‌ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. പല ചലച്ചിത്രോത്സവങ്ങളും ഓണ്‍ലൈന്‍ പേജുകളിലേക്കും വീഡിയോകളിലേക്കും ചുരുങ്ങി. തിയേറ്ററുകളില്‍ ആഘോഷിക്കപ്പെടേണ്ട ഈ സംഭവങ്ങളെല്ലാം വെറും പേരിനു മാത്രമായി മാറി. തന്‍റെ പുതിയ ചിത്രം 'ചുരുളി'യും അത്തരത്തിൽ തിയേറ്ററുകളില്‍ കണ്ട് ആസ്വാദിക്കേണ്ടതായിരുന്നുവെന്നും ചിത്രം ചലച്ചിത്രോത്സവങ്ങളില്‍ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്നതായും അദ്ദേഹം വിശദീകരിച്ചു. എന്നാൽ, സാമൂഹിക അകലം കൊവിഡ് സാഹചര്യത്തിൽ അനിവാര്യമായി വന്നതോടെ ഓണ്‍ലൈന്‍ റിലീസ്, ചലിക്കുന്ന സിനിമാ കൊട്ടകകള്‍, 20 പേരെ ഉൾക്കൊള്ളിച്ച് പ്രദർശിപ്പിക്കുന്ന മോഡുലാര്‍ തിയേറ്ററുകൾ എന്നിങ്ങനെയുള്ള മാർഗങ്ങളെപ്പറ്റിയും ചിന്തിച്ചു. അവയ്‌ക്ക് പക്ഷേ നിയമപരമായി കുറേ തടസങ്ങൾ ഉണ്ട്. ഓണ്‍ലൈന്‍ റിലീസ് സിനിമയോട് പൂർണമായും നീതി പുലര്‍ത്തുന്നുവെന്നതിൽ താന്‍ വിശ്വസിക്കുന്നില്ലെന്നും എൽജെപി പറയുന്നു. അപ്പോഴാണ് തിയേറ്റര്‍ അനുഭവം സാധ്യമാക്കുന്ന രീതിയിൽ ലളിതമായ ഉപകരണം ഉപയോഗിച്ച് കൊണ്ടുള്ള ഒരു ആശയം തന്‍റെ മുമ്പിൽ വന്നതെന്നും എന്നിട്ടും എല്ലാ സൗകര്യങ്ങളും തയ്യാറായിട്ടും അതിനെ ഒന്നിച്ച് ചേർക്കാൻ സാധിച്ചില്ലെന്നും പെല്ലിശ്ശേരി അറിയിച്ചു.
മാച്ച്‌ബോക്‌സ് സിനിമ ഹെഡ്‌സെറ്റ് ഇക്വഷനിലൂടെ സൃഷ്ടാവും കാഴ്ചക്കാരനും തമ്മിലുള്ള അകലം കുറയ്ക്കുക എന്നതായിരുന്നു കണ്ടെത്തിയ ആശയം. തിയേറ്റര്‍ അനുഭവം നൽകുന്ന ഒരു വിആര്‍ ഹെഡ്‌സെറ്റ് വഴി സിനിമ ആസ്വദിക്കുക എന്നാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംവിധായകൻ വിശദീകരിച്ചിട്ടുണ്ട്. പക്ഷേ, വില കുറഞ്ഞ ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോൾ സിനിമ കാണുന്നതിലെ ഗുണനിലവാരത്തിലും പ്രശ്‌നങ്ങൾ ഉണ്ടാകാമെന്ന പരിമിതിയും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. എച്ച്‌ടിസി, സോണി, ഒക്കുലസ് തുടങ്ങിയ പ്രമുഖ കമ്പനികളിൽ ഏതെങ്കിലും വഴി വിആര്‍ പ്ലാറ്റ്‌ഫോമിലൂടെ ചിത്രം പ്രദർശിപ്പിക്കാനായി ആലോചിച്ചിരുന്നു. പഴയ സിനിമാ ലൈബ്രറികള്‍ പോലെ വിആര്‍ ഉപകരണങ്ങളുടെ ഒരു വിതരണശൃംഖലയാണ് ഇത് വഴി സാധ്യമാക്കുന്നതെന്ന് പറഞ്ഞ സംവിധായകൻ വിആർ ഉപകരണങ്ങൾ ഒരു ബ്രാൻഡഡ് ഹെഡ്‌സെറ്റ് പോലെ ഉപയോഗിക്കാമെന്ന് വിശദീകരിച്ചു. എന്നാൽ, ഗുണനിലവാരത്തോടെ സിനിമ ആസ്വദിക്കണമെങ്കിൽ വില കൂടിയ വിആര്‍ ഹെഡ്‌സെറ്റുകൾ വേണമെന്നതാണ് മറ്റൊരു ആശങ്ക.