പ്രേക്ഷകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം. മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളാണ് ഏറെ നാളായി സോഷ്യല്‍ മീഡിയകളിലടക്കം സിനിമയ്ക്കകത്തും പുറത്തും നടന്നുകൊണ്ടിരിക്കുന്നത്. ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസിനെത്തുമെന്ന് കഴിഞ്ഞ ദിവസവും വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാലിപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്‍റും, നിര്‍മ്മതാവുമായ ലിബര്‍ട്ടി ബഷീര്‍. മരക്കാര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്. മരക്കാറിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ആന്‍റണി പെരുമ്പാവൂരാണ് ഇക്കാര്യം തന്നെ അറിയിച്ചിതെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി.
തിയേറ്റര്‍ റിലീസിനൊപ്പം ചിലപ്പോള്‍ ഒടിടി റിലീസും ഉണ്ടാകുമെന്നും എന്നാല്‍ തിയേറ്ററില്‍ തരാതെ ഒടിടിയില്‍ മാത്രമായി ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മരക്കാര്‍ തിയേറ്ററുകളിലെത്തുമെന്ന വാര്‍ത്ത ഉടമകളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണെന്നും ക്രിസ്‌തുമസിനോടനുബന്ധിച്ച് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.
മരക്കാര്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനായി 40 കോടിയോളമാണ് അഡ്വാന്‍സ് നല്‍കിയിരിക്കുന്നതെന്നും, മൂന്ന് വര്‍ഷമായി മരക്കാറിനായി കാത്തിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ഒടിടി റിലീസ് ഒരിക്കലും സംഭവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.