ലോസ് ഏഞ്ചൽസ്: 2014ലെ നെറ്റ്ഫ്ലിക്‌സ് റിലീസ് ഡോക്യുമെന്‍ററി 'വിരുങ്ക' സിനിമയാകുന്നു. ഓസ്‌കർ ജേതാവും ചലച്ചിത്ര സംവിധായകനുമായ ബാരി ജെൻകിൻസും ഹോളിവുഡ് താരം ലിയോനാർഡോ ഡികാപ്രിയോയും ഒര്‍ലാന്‍റോ വോണ്‍ ഐന്‍സീഡലും ചേർന്നാണ് 2015ലെ ഓസ്‌കർ നാമനിർദേശത്തിൽ സ്ഥാനം പിടിച്ച ഡോക്യുമെന്‍ററിയെ ഹോളിവുഡ് സിനിമയാക്കുന്നത്. ഡോക്യുമെന്‍ററിയെ മുഴുനീള ചിത്രമാക്കുന്നതിൽ നെറ്റ്ഫ്ലിക്‌സും കൈകോർക്കുന്നുണ്ട്. വിരുങ്കയുടെ തിരക്കഥ ഒരുക്കുന്നത് മൂൺലൈറ്റ് സംവിധായകൻ ബാരി ജെൻകിൻസാണ്. ടൈറ്റാനിക് നടൻ ഡികാപ്രിയോ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഒര്‍ലാന്‍റോ വോണ്‍ ഐന്‍സീഡൽ ആണ്.
ബാരി ജെൻകിൻസും ഡികാപ്രിയോയും നെറ്റ്ഫ്ലിക്‌സും ഒന്നിക്കുന്നു; വിരുങ്ക സിനിമയാകും
ബാരി ജെൻകിൻസിന്‍റെ തിരക്കഥയിൽ ഒര്‍ലാന്‍റോ വോണ്‍ ഐന്‍സീഡൽ ആണ് വിരുങ്ക സംവിധാനം ചെയ്യുന്നത്.
ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ വിരുങ്ക നാഷണൽ പാർക്കിലുള്ള, ലോകത്തിൽ അവശേഷിക്കുന്ന അവസാന പർവത ഗോറില്ലകളെ സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ് ചിത്രം പ്രമേയമാക്കുക. കോൾസൺ വൈറ്റ്ഹെഡിന്‍റെ 'ദി അണ്ടർഗ്രൗണ്ട് റെയിൽറോഡ്' എന്ന നോവലിനെ ആസ്‌പദമാക്കി ആമസോണിൽ പുറത്തിറക്കുന്ന സീരീസാണ് ജെൻകിൻസിന്‍റേതായി ഒരുങ്ങുന്ന പുതിയ ചിത്രം. ഡേവിഡ് ഗ്രാന്‍റെ പുസ്‌തകത്തെ ആസ്‌പദമാക്കി തയ്യാറാക്കുന്ന "കില്ലേഴ്‌സ് ഓഫ് ദി ഫ്ലവർ മൂൺ" എന്ന സിനിമയിലാണ് ഡികാപ്രിയോ ഇപ്പോൾ അഭിനയിക്കുന്നത്.