"ഓർമതൻ ഹാർമോണിയം മൃദുവായ് മൂളീടുന്നു;
ഓരോരോ ദിനരാത്രക്കട്ടകൾ ചലിക്കുന്നു!
നിലാവിൽ വീണ്ടും ബാബു മൂളുന്നു,
വിരഹത്തിൻ 'ബിലാവൽ' രാഗം..." താൻ ജന്മം കൊടുത്ത ഭൂരിഭാഗം വരികൾക്കും സംഗീതം കൊണ്ട് ജീവസുറ്റ വ്യാഖ്യാനം ആസ്വാദകനിലേക്ക് ചാലിച്ചുനൽകിയ ബാബുക്കയെക്കുറിച്ച് ഭാസ്കരൻ മാഷിന് പറയാനുള്ളതിങ്ങനെ...
ട്രെയിനുകളിൽ ചില്ലറപ്പൈസക്കായി പാടിനിടന്ന ബാബുക്ക പിന്നീട് മലയാളസിനിമയുടെയും വിഖ്യാതമായ നാടകങ്ങളുടെയും താളം പിടിച്ചതെങ്ങനെയെന്നത് ചരിത്രം. സംഗീതത്തിലെ യുഗപുരുഷന്‍റെ കാലഘട്ടത്തിൽ പിറന്നില്ലെങ്കിലും അയാളുടെ വിരൽത്തുമ്പിൽ സ്വരങ്ങളായി മാറിയ ഗാനങ്ങൾ കാലാതിവർത്തിയായി ജീവൻ തുടിക്കുകയാണ്. മുഹമ്മദ് സബീർ ബാബുരാജ് എന്ന എം.എസ് ബാബുരാജ്.... മലയാളം സ്നേഹത്തോടെ വിളിച്ച ബാബുക്ക... ഇന്നാണ് ആ ദിവസം... ഹൃദയത്തില്‍ സംഗീതം നിറച്ച, മലയാളിയുടെ മനസിലേക്ക് സംഗീതം പകർന്നുനൽകിയ ബാബുക്കയുടെ 100-ാം ജന്മദിനവാർഷികം.
മലയാളം ബാബുക്ക എന്ന് സ്നേഹത്തോടെ വിളിച്ച സംഗീതജ്ഞൻ ഒരു പുഷ്പം മാത്രമെൻ...സുറുമ എഴുതിയ മിഴികളേ..., പ്രാണസഖീ ഞാൻ വെറുമൊരു..., ഇന്നലെ മയങ്ങുമ്പോൾ..., തേടുന്നതാരേ..., അകലെ അകലെ നീലാകാശം... സന്തോഷത്തിന് സംതൃപ്‌തിയുടെ ഈണം, ദുഃഖത്തിന് നഷ്‌ടത്തിന്‍റെ രാഗം, കണ്ണീരിന് പ്രതീക്ഷയുടെ സ്വരം, വിരഹത്തിന് വിങ്ങലിന്‍റെ താളം... ബാബുക്കയുടെ സംഗീതത്തിനും അദ്ദേഹത്തിന്‍റെ ഓർമകൾക്കും പ്രായമില്ല, ബാബുരാജിനെ കേൾക്കാത്ത തലമുറകളില്ല. അദ്ദേഹത്തിന്‍റെ ശബ്ദത്തിൽ, അദ്ദേഹം ഈണമിട്ട സ്വരങ്ങളിലൂടെ, ബാബുക്കയുടെ സംഗീതത്തിന്‍റെ അനുകരണങ്ങളിലൂടെ...
കുടുംബത്തിന്‍റെ ഉപജീവനവും സംഗീതത്തിന്‍റെ ആദ്യക്ഷരങ്ങളും കൗമാരക്കാരനായ മകനിലേക്ക് കൈമാറി ബംഗാളി ഗായകൻ ജാൻ മുഹമ്മദ് കോഴിക്കോട് നഗരം വിട്ടപ്പോൾ, ബാബുരാജിന് മുമ്പിൽ മറ്റൊരു മാർഗമായുണ്ടായിരുന്നില്ല, പൈതൃകമായി കിട്ടിയ സംഗീതമല്ലാതെ. കോഴിക്കോടങ്ങാടിക്കും മാനാഞ്ചിറക്കും ട്രെയിനുകളിലെ സഞ്ചാരികൾക്കും പരിചയക്കാരനായ, വയറ്റത്തടിച്ച് പാട്ടുപാടുന്ന കൗമാരക്കാരനും സമാനമായ രീതിയിൽ വഴിയോരങ്ങളിൽ പാട്ടുപാടി ജീവിതോപാധി കണ്ടെത്തുന്ന ലെസ്‌ലി ആൻഡ്രോസെന്ന അബ്ദുൾ ഖാദറിനും കോൺസ്റ്റബിൾ കുഞ്ഞുമുഹമ്മദ് അഭയം നൽകി. കേരളസാംസ്കാരിക ചരിത്രത്തിലേക്ക് പേരുചേർക്കപ്പട്ട രണ്ട് കലാകാരന്മാരുടെ സംഗീത ജീവിത യാത്രയുടെ പ്രാരംഭം.
മുഹമ്മദ് സബീർ ബാബുരാജ് എന്നാണ് മുഴുവൻ പേര് കല്യാണസദസ്സുകളിൽ ബാബുക്കയുടെ താളത്തിൽ സംഗീത വിരുന്നുകളൊരുങ്ങി. അവിടെ നിന്ന് കെ.പി ഉമ്മർ, തിക്കൊടിയൻ, കെ.ടി മുഹമ്മദ് എന്നീ നാടകപ്രമുഖർ വഴി അരങ്ങിന്‍റെ സംഗീതലോകത്തേക്ക്. ആദ്യ നാടകം ഇൻക്വിലാബിന്‍റെ മക്കൾ.... മുഹമ്മദ് സബീർ ബാബുരാജ് എന്ന പേര് വളർന്നു. കണ്ടം ബെച്ച കോട്ട്, നമ്മളൊന്ന് നാടകങ്ങളിലെ ഗാനങ്ങൾ പാടിയും ചിട്ടപ്പെടുത്തിയും പ്രശസ്തിയുടെ പടവുകൾ കയറുകയായിരുന്നു. പിന്നീട്, കോഴിക്കോട് അബ്ദുൾ ഖാദറിന്‍റെ പരിചയത്തിൽ പി. ഭാസ്കരൻ വഴി സിനിമയിലും അദ്ദേഹത്തിന്‍റെ മാസ്മരികസംഗീതം സാന്നിധ്യമറിയിച്ചു.
1953ൽ തിരമാല ചിത്രത്തിൽ സഹസംഗീത സംവിധായകനായി തുടങ്ങി നാല് വർഷങ്ങൾക്ക് ശേഷം മിന്നാമിനുങ്ങിലൂടെ സ്വതന്ത്രമായി സംഗീത സംവിധാനം ചെയ്‌തു.
ഓരോ അക്ഷരങ്ങൾക്കും സംഗീതമുണ്ടെന്നും വാക്കുകൾക്ക് ഭാവങ്ങളുണ്ടെന്നും ബാബുരാജിന്‍റെ സംഗീതം ആസ്വദിച്ച കേരളീയർ മനസിലാക്കി. മലയാള ലളിതഗാനത്തിന്‍റെ തനിമയും ഹിന്ദുസ്ഥാനി സംഗീതത്തിലെ ലളിതവിഭാഗമായ ഗസല്‍ ഖവാലികളിലെ അംശങ്ങളും തന്‍റെ സൃഷ്‌ടികളിലേക്ക് കൊണ്ടുവന്ന് സംഗീതജ്ഞൻ സിനിമാഗാനങ്ങൾക്ക് പുതിയ നിർവചനമെഴുതി.
താമസമെന്തേ വരുവാൻ... തളിരിട്ട കിനാക്കൾ തന്‍ താമരമാല വാങ്ങാന്‍ വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍... വാസന്ത പഞ്ചമി നാളിൽ വരുമെന്നൊരു കിനാവുകണ്ടു കിളിവാതിലിൽ കണ്ണും നട്ടിരുന്നു ഞാൻ... കാത്തിരിപ്പിന്‍റെ മന്ദഗതി ഈണങ്ങളുടെ ചക്രവർത്തി സംഗീതത്തിന്‍റെ ഭാഷയിൽ അടയാളപ്പെടുത്തി.
പ്രശസ്ത ഹിന്ദുസ്ഥാനി ഗായകന്‍ ജാന്‍ മുഹമ്മദ് സാഹിബിന്‍റെ മകനായി ജനിച്ചു അറബിക്കടലൊരു മണവാളൻ, സൂര്യകാന്തീ, ഇക്കരെയാണെന്‍റെ താമസം, അഞ്ജനക്കണ്ണെഴുതി, ഏകാന്തതയുടെ അപാരതീരം, കദളിവാഴക്കയ്യിലിരുന്ന്, കണ്ടം ബെച്ചൊരു കോട്ടാണ്, പ്രാണസഖീ ഞാൻ വെറുമൊരു... സംഗീതത്തിന് ഭൂതമോ ഭാവിയോ വർത്തമാനമോയില്ലെന്ന് കാലം തെളിയിക്കുകയാണ് ബാബുരാജിന്‍റെ വിരലുകൾ ഹാർമോണിയത്തിലൂടെ ഒഴുകിയപ്പോൾ പിറന്ന ഗാനങ്ങളിലൂടെ. സംഗീത സംവിധാനത്തിനും ആലാപനത്തിനും പുറമെ തങ്കക്കുടം, ചുഴി സിനിമകളുടെ പശ്ചാത്തലസംഗീതമൊരുക്കിയതും ഇതേ മഹാരഥൻ തന്നെയാണ്.
വയലാർ, ഒഎൻവി, പൂവച്ചൽ ഖാദർ, ബിച്ചു തിരുമല, യൂസഫലി കേച്ചേരി, ശ്രീകുമാരൻ തമ്പി ഒപ്പം ബാബുക്കയുടെ ഹാർമോണിയം ഏറ്റവും കൂടുതൽ രാഗം മീട്ടിയ ഭാസ്കരൻ മാഷിന്‍റെ വരികളും... നൊമ്പരത്തിന്‍റെ രുചിയും അനാഥത്വത്തിന്‍റെ ആഴവും സങ്കടത്തിന്‍റെ പെരുങ്കടലും പ്രണയത്തിന്‍റെ ആർദ്രഭാവവും എല്ലാം പ്രതിഭാധനരായ രചയിതാക്കളിൽ നിന്നും ബാബുക്കക്ക് കൈമാറിയപ്പോൾ, തളിരിട്ട കിനാക്കൾ തൻ അനുരാഗ ഗാനം പോലെ അവ സംഗീതാസ്വാദകരിൽ നിറയുകയായിരുന്നു. മുന്നൂറിലധികം ചലച്ചിത്ര ഗാനങ്ങളും നൂറോളം നാടകഗാനങ്ങളും ബാബുക്ക എന്നൊരു സംഗീതശിൽപി ഇവിടെ ഓർമകളിൽ മരണമില്ലാതെ ജീവിച്ചിരിക്കുന്നുവെന്നു കാണിച്ചുതരുന്നുണ്ട്.
നാടകങ്ങളിലും സിനിമയിലും കോഴിക്കോടിന്‍റെ പാമരനാം പാട്ടുകാരൻ പ്രതിഭ തെളിയിച്ചു ദേവരാജൻ, രവീന്ദ്രൻ എല്ലാവരും ‘മാസ്റ്ററാ’യപ്പോൾ ബാബുരാജിനെ മലയാളികൾ സ്വീകരിച്ചത് ‘ബാബുക്ക’യായാണ്. അവസാനകാലത്ത് അമിതമായി മദ്യപിച്ചിരുന്നതിനാൽ അത് തന്നെ അദ്ദേഹത്തിന്‍റെ ജീവിതയാത്രക്കും വിരാമമിട്ടു. 1978 ഒക്ടോബർ ഏഴിന് ബാബുക്ക കാലയവനികയിലേക്ക് മറഞ്ഞു.
"മലയാള ചലച്ചിത്രത്തിന്‍റെ നവോത്ഥാന കാലഘട്ടത്തിൽ ബാബുരാജിന്‍റെ സംഗീതം സിനിമാഗാനങ്ങൾക്ക് പ്രകാശപ്പൊലിമ നൽകിയിരുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിലെ ഗസൽഗാനങ്ങൾ മലയാള ലളിതഗാനങ്ങളിലെ വർണപ്പൂക്കളായിരുന്നു. അത് വസന്തകാലമായിരുന്നു," ദേവരാജൻ മാസ്റ്റർ ബാബുക്കയുടെ ഗാനങ്ങളെ ഓർക്കുന്നതിങ്ങനെ.
കാലം ഓർത്തുവെക്കുന്ന ഗാനങ്ങളുടെ സൃഷ്‌ടാവ്... ബാബുരാജിന്‍റെ ഓർമക്കായി ഒരിക്കൽ കോഴിക്കോട് നടത്തിയ ചടങ്ങ്, ഇന്ത്യൻ സിനിമയെമ്പാടുമറിയപ്പെടുന്ന ഷാരൂഖ് ഖാനും ജൂഹി ചൗളയും ചടങ്ങിന്‍റെ മുഖ്യാതിഥികളാണ്. യേശുദാസും ജാനകിയും മൂന്ന് ദിവസം മുമ്പേ കോഴിക്കോടെത്തി പരിശീലനം ചെയ്‌താണ് ബാബുക്കയുടെ അനുസ്‌മരണ ചടങ്ങിനെ സ്വർഗീയമാക്കുന്നത്.
അന്ന് ഷാരൂഖ് ഖാൻ ആകാശത്തേക്ക് നോക്കിപ്പറഞ്ഞു. "വിടപറഞ്ഞ് കാൽ നൂറ്റാണ്ടുകൾക്ക് ശേഷം അങ്ങയുടെ ഈണങ്ങൾ കേൾക്കാൻ ഇത്രയുമധികം ആളുകൾ കാത്തുനിൽക്കുന്നു. ആർക്കാണ് ഇനി ഇതുപോലെ വലിയൊരു അംഗീകാരം ലഭിക്കുക...."