കേരളം

kerala

കഥകൾ പറഞ്ഞ് മറഞ്ഞ ഗന്ധർവൻ, മനസിലെ പപ്പേട്ടൻ ചിത്രങ്ങൾ

By

Published : May 23, 2021, 2:33 AM IST

Updated : May 23, 2021, 11:56 AM IST

മലയാളം ഇന്നും ഓർക്കുന്ന പത്മരാജൻ തിരക്കഥ എഴുതിയതും സംവിധാനം ചെയ്തതുമായ ചിത്രങ്ങൾ ഓർമയിലേക്ക് വരികയാണ് അദ്ദേഹത്തിന്‍റെ 75-ാം ജന്മദിനവാർഷിക ദിനത്തില്‍.

padmarajan films news  padmarajan films birthday news latest  padmarajan birthday latest  പപ്പേട്ടൻ ചിത്രങ്ങൾ സിനിമ വാർത്ത  പത്മരാജൻ സിനിമ വാർത്ത  പത്മരാജൻ ജന്മദിനം വാർത്ത
പപ്പേട്ടൻ ചിത്രങ്ങൾ

പപ്പേട്ടൻ എന്ന് മലയാളികൾ സ്നേഹപൂർവം വിളിക്കുന്ന പത്മരാജന്‍റെ അഭ്രാനുഭവവും അക്ഷരാനുഭവവും കാലാനുവർത്തിയായ സൃഷ്ടികളുടെ അടയാളമാണ്. ലോ ബജറ്റ് ചിത്രങ്ങൾ കൊണ്ട് സൂപ്പർ ഹിറ്റുകളും, സൂപ്പർ താരങ്ങളെയും സൃഷ്ടിച്ച മഹാരഥന്‍റെ 36 സിനിമകളിൽ 18 എണ്ണവും സംവിധാനം ചെയ്‌തത് അദ്ദേഹം തന്നെ. എന്നാൽ, കലാമൂല്യമുള്ള കുറേ ചിത്രങ്ങൾക്ക് തിയേറ്റുകളെ കയ്യിലെടുക്കാനാവാത്തത് കാലത്തിന് മുന്നേ നടന്ന് അദ്ദേഹം കഥപറഞ്ഞതുകൊണ്ടാവാം. അന്ന് പലർക്കും അരോചകവും പറയാൻ പാടില്ലാത്തതുമായി അനുഭവപ്പെട്ട കഥകൾ ഇന്ന് ക്ലാസിക്കായി തോന്നുന്നതും ആ കലാസൃഷ്ടികളുടെ പരപ്പളവ് വ്യക്തമാക്കുന്നുണ്ട്. വിടവാങ്ങി മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ട് കഴിഞ്ഞു. ഇന്ന് അദ്ദേഹത്തിന്‍റെ 75-ാം ജന്മദിനവാർഷികം.

1.പ്രയാണം 1975
ഭരതന്‍റെ ആദ്യ സംവിധാനസംരഭം പത്മരാജന്‍റെയും ആദ്യചലച്ചിത്രം. ബ്രാഹ്മണസമുദായത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും തുറന്നുകാട്ടിയാണ് പത്മരാജൻ പയറ്റിത്തുടങ്ങിയത്. മലയാള സിനിമ ചരിത്രത്തിലെ ഈ തുടക്കമാവട്ടെ പിന്നീട് വരാനിരിക്കുന്ന അസംഖ്യം ചലച്ചിത്രങ്ങൾക്ക് പ്രചോദനം കൂടിയായിരുന്നു. കൊട്ടാരക്കര ശ്രീധരൻ നായർ, കവിയൂർ പൊന്നമ്മ, മോഹൻ ശർമ, മാസ്റ്റർ രഘു എന്നിവർ ചിത്രത്തിലെ പ്രധാന താരങ്ങളായി. മൂന്ന് സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ പ്രയാണം പത്മരാജന് മികച്ച കലാസംവിധായകനുള്ള അവാർഡും നേടിക്കൊടുത്തു. ഇത് പിന്നീട് സാവിത്രി എന്ന പേരിൽ തമിഴിലേക്ക് അവതരിപ്പിച്ചെങ്കിലും പരാജയപ്പെട്ടു.

2. ഇതാ ഇവിടെ വരെ
മധു, ജയഭാരതി, ശാരദ, സോമൻ, ജയൻ എന്നിവരായിരുന്നു പ്രധാന താരങ്ങൾ. ജയന് സൂപ്പർസ്റ്റാർ പദവി നേടിക്കൊടുത്ത ചിത്രം പത്മരാജന്‍റെ ആദ്യ കൊമേഴ്ഷ്യല്‍ ഹിറ്റായ തിരക്കഥയെന്ന പേരെടുക്കുകയും ചെയ്തു. കൊമേഴ്ഷ്യല്‍ സിനിമകളുടെ സംവിധായകൻ ഐവി ശശിയായിരുന്നു ഇതാ ഇവിടെ വരെ ഒരുക്കിയത്. മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രതികാരകഥകളിൽ ചിത്രത്തിന് മുഖ്യസ്ഥാനമാണുള്ളത്.

3. നക്ഷത്രങ്ങളേ കാവൽ
പത്മരാജൻ എഴുതിയ നക്ഷത്രങ്ങളേ കാവൽ എന്ന നോവലിൽ നിന്നും ഉരുത്തിരിഞ്ഞ സിനിമ. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതിക്ക് സിനിമാഭാഷ്യമൊരുക്കിയത് കെ.എസ് സേതുമാധവനായിരുന്നു. ജയഭാരതി, സോമൻ, സുകുമാരി, അടൂർ ഭാസി, കോട്ടയം ശാന്ത എന്നിവർ അഭിനയിച്ച ചിത്രത്തിന്‍റെ കഥയും തിരക്കഥയും പത്മരാജന്‍റേത് തന്നെയായിരുന്നു.

4. രാപ്പാടികളുടെ ഗാഥ
വിഖ്യാത സംവിധായകൻ കെ.ജി ജോർജ്ജിനൊപ്പം പത്‌മരാജൻ കൂടിചേർന്നപ്പോൾ മലയാളത്തിന് ലഭിച്ച കലാസൃഷ്ടി. തിയേറ്ററിൽ വലിയ ചലനമുണ്ടാക്കാനായില്ലെങ്കിലും പുരസ്കാരങ്ങൾ വാരിക്കൂട്ടിയ സിനിമ നിരൂപകപ്രശംസയും നേടി. വിധുബാല, സോമൻ, സുകുമാരി എന്നിവരായിരുന്നു പ്രധാന താരങ്ങൾ.

5. രതിനിർവേദം
പതിറ്റാണ്ടുകൾക്ക് ശേഷവും ഒരുപാട് സിനിമകൾക്ക് പ്രചോദനമാണ് പത്മരാജന്‍റെ രതിനിർവേദം. അഭ്രപാളിയിൽ നിറങ്ങളുടെ ചായം ചാലിച്ച ഭരതൻ സംവിധായകനായും അക്ഷരങ്ങളിൽ എഴുത്തിന്‍റെ ഈണം ചേർത്ത പത്മരാജൻ തിരക്കഥാകൃത്തായും ഒരുമിച്ച മറ്റൊരു ഇതിഹാസചിത്രം. ജയഭാരതി, കൃഷ്ണകുമാർ എന്നിവർ മുഖ്യവേഷത്തിലെത്തിയ രതിനിർവേദത്തിന്‍റെ രംഗങ്ങളും പ്രമേയങ്ങളും പല കോണുകളിൽ നിന്നായി വിമർശനങ്ങൾക്കും വഴിവച്ചു.

6.സത്രത്തിൽ ഒരു രാത്രി
ശങ്കരൻ നായർ സംവിധാനം ചെയ്‌ത സത്രത്തിൽ ഒരു രാത്രി എന്ന ചിത്രത്തിന് തിയേറ്റർ വിജയം നേടാനായില്ല. എന്നാൽ, കലാമൂല്യമുള്ള സിനിമയെന്ന് നിസംശയം പറയാം. ഉഷ എന്ന ഗ്രാമീണപെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. കവിയൂർ പൊന്നമ്മ, പ്രതാപചന്ദ്രൻ, സുകുമാരൻ, എം ജി സോമൻ എന്നിവരായിരുന്നു പ്രധാന താരങ്ങൾ.

7.വാടകയ്‌ക്കൊരു ഹൃദയം
ഐ.വി.ശശി- പത്മരാജൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രം. മധു, ജയഭാരതി, സോമൻ, ശങ്കരാടി എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ.

8. പെരുവഴിയമ്പലം
പത്മരാജന്‍റെ ആദ്യ സംവിധാനമാണ് പെരുവഴിയമ്പലം. അദ്ദേഹത്തിന്‍റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് പെരുവഴിയമ്പലം ഒരുക്കിയത്. അശോകനായിരുന്നു മുഖ്യകഥാപാത്രമായ രാമനെ അവതരിപ്പിച്ചത്. ഭരത് ഗോപി, കെപിഎസി ലളിത തുടങ്ങിയ പ്രഗൽഭ താരങ്ങളും ചിത്രത്തിൽ അണിനിരന്നു. മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ ക്ലാസിക് ചിത്രം ഐബിഎൻ ലൈവിന്‍റെ ഏറ്റവും മഹത്തരമായ ഇന്ത്യൻ സിനിമാപട്ടികയിലും ഇടംപിടിച്ചു.

9. കൊച്ചു കൊച്ചു തെറ്റുകൾ
പത്മരാജൻ കഥയും തിരക്കഥയും എഴുതി മോഹൻ സംവിധാനം ചെയ്ത ചിത്രമാണ് കൊച്ചു കൊച്ചു തെറ്റുകൾ. സുകുമാരൻ, ഇന്നസെന്‍റ്, ബീന, ശുഭ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ.

10. തകര
മാനസികവൈകല്യമുള്ള തകര മലയാളിക്ക് അപരിചിതനല്ല. പ്രതാപ് പോത്തന്‍റെ സിനിമാജീവിതത്തിലെ നിർണായക ഏടാണ് ചിത്രം. ഭരതന്‍റെ സംവിധാനവും പത്മരാജന്‍റെ രചനയും സമന്വയിച്ച് മലയാളത്തിൽ പിറന്ന ക്ലാസിക് ചിത്രം.

11. ശാലിനി എന്‍റെ കൂട്ടുകാരി

പാർവ്വതിക്കുട്ടി എന്ന പത്മരാജന്‍റെ കഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ചലച്ചിത്രാവിഷ്കാരം. മോഹൻ സംവിധാനം ചെയ്ത സിനിമയുടെ രചയിതാവും പത്മരാജൻ തന്നെ. ജലജ, സുകുമാരൻ, ശോഭ, വേണു നാഗവള്ളി എന്നിവരായിരുന്നു പ്രധാന താരങ്ങൾ.

12. ഒരിടത്തൊരു ഫയൽവാൻ

നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ അടക്കം പ്രദർശിപ്പിച്ച മലയാളചിത്രത്തിന്‍റെ കഥയും സംവിധാനവും ഒപ്പം എഡിറ്റിങ്ങും നിർവഹിച്ചത് പത്മരാജൻ തന്നെയായിരുന്നു. റഷീദ്, നെടുമുടി വേണു, ജയന്തി എന്നിവരായിരുന്നു മുഖ്യഅഭിനേതാക്കൾ.

13. കള്ളൻ പവിത്രൻ

പത്മരാജന്‍റെ സംവിധാനത്തിൽ പിറന്ന ചലച്ചിത്രം. സാമ്പത്തിക വിജയം നേടിയ ആദ്യ പത്മരാജൻ ചിത്രവും കള്ളൻ പവിത്രനാണ്. നെടുമുടി വേണുവാണ് ടൈറ്റിൽ കഥാപാത്രമായെത്തിയത്. ഇതേ പേരിലുള്ള സാഹിത്യരൂപത്തിന്‍റെ ചലച്ചിത്രവിഷ്കാരമാണ് കള്ളൻ പവിത്രൻ.

14. ലോറി

സർക്കസ് ജീവിതത്തിന്‍റെ പശ്ചാത്തലത്തിൽ ഭരതൻ ഒരുക്കിയ ലോറി സിനിമയുടെ രചന നിർവഹിച്ചത് പത്മരാജനായിരുന്നു. പ്രതാപ് പോത്തൻ, അച്ചൻകുഞ്ഞ് എന്നിവരായിരുന്നു പ്രധാന താരങ്ങൾ.

15. നവംബറിന്‍റെ നഷ്ടം

പത്മരാജൻ തിരക്കഥയും സംവിധാനവും നിർവഹിച്ച സിനിമ. മാധവി, വി. രാമചന്ദ്രൻ, പ്രതാപ് പോത്തൻ, സുരേഖ എന്നിവരായിരുന്നു പ്രധാന താരങ്ങൾ.

16. ഇടവേള

നിരവധി താരങ്ങളുടെയും സൂപ്പർതാരങ്ങളുടെയും പിറവിക്ക് കാരണമായ കരങ്ങൾ പത്മരാജനാണെന്നതിൽ സംശയമില്ല. 1982ൽ പുറത്തിറങ്ങിയ ഇടവേള എന്ന ചിത്രത്തിലൂടെയാണ് ഇടവേള ബാബുവിന് ആ പേര് ലഭിച്ചതും. അശോകൻ, നളിനി എന്നിവരായിരുന്നു മറ്റ് മുഖ്യവേഷങ്ങൾ ചെയ്‌തത്. നാല് കോളജ് വിദ്യാർഥികളുടെ കഥയായിരുന്നു പ്രമേയം.

17. കൂടെവിടെ?

അധ്യാപികയായ തന്‍റെ കാമുകിക്ക് ശിഷ്യനോടുള്ള അടുപ്പത്തിൽ സംശയം തോന്നുന്ന ഭർത്താവ്. മമ്മൂട്ടി, റഹ്മാൻ, സുഹാസിനി എന്നിവർ അണിനിരന്ന കൂടെവിടെ? സംവിധാനം ചെയ്തതും പത്മരാജൻ തന്നെ. ബോക്സ് ഓഫിസിലും വലിയ വിജയമൊരുക്കുകയായിരുന്നു ചിത്രം. തമിഴ് സാഹിത്യകാരി വാസന്തിയുടെ മൂൺഗിൽ പൂക്കൾ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയത്.

18.കൈകേയി

ഐവി ശശി സംവിധാനം ചെയ്ത കൈകേയി. പത്മരാജനായിരുന്നു തിരക്കഥാകൃത്ത്. പ്രതാപ് പോത്തനും തമിഴ് താരം രാധികയും പൂര്‍ണിമ ജയറാമും തമ്മിലുള്ള ത്രികോണ പ്രണയകഥയാണ് ഇതിവൃത്തം. തിയേറ്ററുകൾക്ക് വലിയ പരിചിതമാകാതെ പോയ സിനിമ ഐ.വി ശശി എന്ന സംവിധായകന്‍റെയും പത്മരാജന്‍റ എഴുത്തിന്‍റെയും മാഹാത്മ്യം വെളിവാക്കുന്നുണ്ട്.

More Read:കഥ, തിരക്കഥ പത്മരാജൻ -സംവിധാനം ഭരതൻ

19. ഈണം

വേണു നാഗവള്ളി, ശാന്തി കൃഷ്ണ, അടൂർ ഭാസി, ഭാരത് ഗോപി താരനിരയിൽ ഭരതൻ സംവിധാനം ചെയ്ത ക്ലാസിക് ചിത്രമാണ് ഈണം. സിനിമയുടെ പേരിനുള്ളിലെ ഈണം സംവിധായകനുള്ളിലും ഉണ്ടായിരുന്നു. ഭരതൻ തന്നെ ഈണം പകർന്ന ചിത്രത്തിന്‍റെ ഗാനങ്ങളാലും പപ്പേട്ടന്‍റെ തിരക്കഥയാലും സിനിമ മലയാളത്തിന് സുപരിചിതമാണ്.

20. പറന്നു പറന്നു പറന്ന്

മികച്ച എന്‍റർടെയ്‌നിങ് ചിത്രമായാണ് പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം പ്രശസ്‌തമായത്. റഹ്‌മാൻ, രോഹിണി, നെടുമുടി വേണു എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

21. കാണാമറയത്ത്

മികച്ച കഥക്ക് പത്മരാജന് സംസ്ഥാന അവാർഡ് നേടിയ കാണാമറയത്ത് സംവിധാനം ചെയ്‌തത് ഐ.വി ശശിയാണ്. മമ്മൂട്ടി, ശോഭന, റഹ്‌മാൻ, സീമ തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. അമേരിക്കൻ എഴുത്തുകാരി ജീൻ വെബ്സ്റ്ററുടെ ഡാഡി ലോങ് ലെഗ്‌സ് എന്ന നോവലിൽ നിന്നും പ്രചോദനമുൾക്കൊണ്ട ചിത്രം. അനാഥാലയത്തിൽ വളർന്ന പെൺകുട്ടിയും അവളെ സ്പോൺസർ ചെയ്യുന്നയാളെയുമാണ് കാണാമറയത്ത് വിവരിക്കുന്നത്.

22. തിങ്കളാഴ്‌ച നല്ല ദിവസം

എ കംപ്ലീറ്റ് പപ്പേട്ടൻ ചിത്രമെന്ന് വിശേഷിപ്പിക്കാം, രചനയും സംവിധാനവും പത്‌മരാജൻ തന്നെ. ഗൃഹാതുരത്വത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന സിനിമ അമ്മയുടെ പിറന്നാളും വേനലവധിക്കാലവും ആഘോഷിക്കാൻ ഒരുമിച്ച് കൂടുന്ന ഒരു കുടുംബത്തിന്‍റെ അന്തരീക്ഷത്തിൽ നിന്നാണ് കഥ പറയുന്നത്. മമ്മൂട്ടി, കവിയൂർ പൊന്നമ്മ, കരമന ജനാർദ്ദനൻ നായർ, ശ്രീവിദ്യ എന്നിവരായിരുന്നു മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

23. ഒഴിവുകാലം

വേനലവധിക്കാലമാഘോഷിക്കാൻ വീട്ടിലെത്തുന്ന മകളും പിന്നീട് നടക്കുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

പ്രേം നസീർ, ശ്രീവിദ്യ, രോഹിണി എന്നിവരാണ് അച്ഛനും അമ്മയും മകളുമായി വേഷമിട്ടത്. ഭരതനായിരുന്നു സംവിധായകൻ.

24. കരിമ്പിൻ പൂവിനക്കരെ

ഐ.വി ശശി സംവിധാനം ചെയ്‌ത ത്രില്ലറും ഡ്രാമയും കലർത്തിയ ചിത്രം. കരിമൂര്‍ഖനെ ഉപയോഗിച്ച് തന്‍റെ ജ്യേഷ്ഠന്‍റെ മരണത്തിന് പ്രതികാരം വീട്ടുന്ന കഥാനായകൻ. മോഹൻലാലും മമ്മൂട്ടിയും ഉർവശിയുമായിരുന്നു താരങ്ങൾ.


25. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ

തിരക്കഥയിലും പ്രമേയത്തിലും ഈണത്തിലും മികവുറ്റ അഭിനയത്തിലും മലയാളസിനിമയിലേക്ക് പടർന്നുകേറിയ മുന്തിരിവള്ളികൾ. ഇന്നും ജനപ്രിയ സിനിമയായി കണക്കാക്കുന്ന ചിത്രത്തിന്‍റ രചയിതാവും സംവിധായകനുമെല്ലാം പത്മരാജൻ തന്നെയായിരുന്നു. മോഹൻലാൽ, ശാരി, തിലകൻ, കവിയൂർ പൊന്നമ്മ എന്നിവരായിരുന്നു അഭിനയനിരയിലെ പ്രമുഖർ.


26. കരിയലക്കാറ്റ് പോലെ

ഒരു സംവിധായകന്‍റെ മരണം അന്വേഷിക്കാനെത്തുന്ന അച്യുതൻകുട്ടി എന്ന ഉദ്യോഗസ്ഥനിലൂടെ കഥ മുന്നേറുന്നു. മോഹൻലാൽ, മമ്മൂട്ടി എന്നിവരായിരുന്നു താരങ്ങൾ.


27. അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ

ഒരു വേശ്യാലയത്തിലേക്ക് ചെന്നുകേറുന്ന നായകനും കൂട്ടുകാരും. അവിടെ പിന്നീട് അരങ്ങേറുന്ന സംഭവബഹുലമായ കഥ. മമ്മൂട്ടിക്കൊപ്പം സുകുമാരി, അശോകൻ, ജഗതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പത്മരാജനായിരുന്നു സിനിമയുടെ അമരക്കാരൻ.


28.ദേശാടനക്കിളി കരയാറില്ല

സ്വവർഗാനുരാഗം പ്രമേയമാക്കി നിർമിച്ച ആദ്യ ഇന്ത്യൻ ചലച്ചിത്രത്തിലൊന്നാണ് ദേശാടനക്കിളി കരയാറില്ല. പത്മരാജന്‍റെ സംവിധാനത്തിൽ പിറന്ന സിനിമ അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച കലാസൃഷ്ടികളിലൊന്നാണ്.

29. നൊമ്പരത്തിപ്പൂവ്

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ടൈറ്റിലുകളെല്ലാം പത്മരാജന് സ്വന്തം. മമ്മൂട്ടി, മാധവി, ഉണ്ണി മേരി എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ.


30. തൂവാനത്തുമ്പികൾ

പത്മരാജന്‍റെ എക്കാലത്തെയും ക്ലാസിക് ചിത്രമാണ് തൂവാനത്തുമ്പികൾ. മോഹൻലാൽ, സുമലത, പാർവതി എന്നിവർ പ്രധാന താരങ്ങളായ സിനിമ പി.സ്റ്റാൻലിയുടെ നിർമാണത്തിൽ പത്മരാജൻ സംവിധാനം ചെയ്തു. ക്ലാരയും ജയകൃഷ്ണനും രാധയും മലയാളസിനിമ മറക്കാത്ത നിത്യഹരിതകഥാപാത്രങ്ങളാണ്. ഐബിഎൻ എട്ടാം സ്ഥാനം നൽകിയ ചിത്രം കൂടിയാണ് തൂവാനത്തുമ്പികൾ.

31. അപരൻ

ജയറാമിന്‍റെ അരങ്ങേറ്റ ചിത്രമാണ് അപരൻ. താനുമായി രൂപസാദ്യശ്യമുള്ള ഒരു ഗുണ്ടയുടെ പേരിൽ കഥാനായകന് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ ശോഭന, പാർവതി, മുകേഷ് എന്നിവരും നിർണായകകഥാപാത്രങ്ങളെ അവതരിപ്പിച്ചു.

32. മൂന്നാംപക്കം

ഒരു മുത്തച്ഛനും ചെറുമകനും തമ്മിലുള്ള ഊഷ്മളമായ സ്നേഹം പറഞ്ഞ മറ്റൊരു കഥ മലയാളത്തിൽ ജന്മംകൊണ്ടിട്ടുണ്ടാവില്ല. തിരക്കഥയിലൂടെയും സംവിധാനത്തിലൂടെയും പത്മരാജൻ ജന്മം കൊടുത്ത തിലകന്‍റെ മുത്തച്ഛൻ അഭിനയപെരുന്തച്ചന്‍റെ ജീവിതത്തിലും നാഴികക്കല്ലായിരുന്നു. ജയറാം,അശോകൻ, ജഗതി എന്നിവരായിരുന്നു മറ്റ് പ്രധാന താരങ്ങൾ.

33. സീസൺ

സ്റ്റീഫൻ കിംഗിന്‍റെ റീത്ത ഹേവർ‌ത്ത് ഏൻഡ് ഷഷാങ്ക് റിഡംപ്ഷൻ എന്ന നോവലിനെ നേരിയ രീതിയിൽ അവലംബിച്ചാണ് പത്മരാജൻ സീസണിന്‍റെ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കാവുന്ന ആഖ്യാന ശൈലി ചിത്രത്തിനുണ്ടെന്നും പ്രേക്ഷകർ പറയുന്നു. കഥാനായകനായി മോഹൻലാലും അശോകൻ, മണിയൻപിള്ള രാജു, ഇംഗ്ലണ്ടുകാരനായ ഗാവിൻ പക്കാർഡ് എന്നിവരും തകർത്തഭിനയിച്ചു.

34. ഇന്നലെ

ഇന്നെല മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്. ജയറാം, ശോഭന, സുരേഷ് ഗോപി എന്നിവരാണ് മുഖ്യതാരങ്ങൾ. പത്മരാജനാണ് പടം പിടിച്ചതും. ഒരു അപകടത്തിൽ ഓർമ നഷ്‌ടപ്പെടുന്ന മായ എന്ന ശോഭനയുടെ കഥാപാത്രവും ഇവരെ ആസ്പദമാക്കി സഞ്ചരിക്കുന്ന രണ്ട് കഥാനായകന്മാരുമാണ് ഇന്നലെയുടെ കേന്ദ്രഭാഗങ്ങൾ.

35. ഈ തണുത്ത വെളുപ്പാൻ കാലത്ത്

ജോഷിക്കൊപ്പം പിറന്ന പത്മരാജൻ ചിത്രം. മമ്മൂട്ടി, നെടുമുടി വേണു, ലാലു അലക്സ് എന്നിവർ അഭിനയിച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ. രണ്ട് കൊലപാതകങ്ങളുടെ ചുരുളഴിക്കാനെത്തുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍റെ വേഷമാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

36. ഞാൻ ഗന്ധർവ്വൻ

സുന്ദരിയായ യുവതിയും ഗന്ധർവ്വനും തമ്മിലുള്ള പ്രണയം ഒരു കാവ്യസൃഷ്ടി പോലെ സിനിമയിലേക്ക് പകർത്തിവക്കുകയായിരുന്നു സംവിധായകൻ പത്മരാജൻ. 1991ലാണ് സിനിമ റിലീസ് ചെയ്‌തത്. ഗന്ധർവ്വന്‍റെ കഥ സിനിമയാക്കരുതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ചിത്രീകരണത്തിനിടയിലും പല തവണ നിർമാണം മാറ്റിവക്കേണ്ടിവന്നിട്ടുണ്ട്. ജോൺസൺ മാഷിന്‍റെ പാലപ്പൂ മണമുള്ള ഗന്ധർവ്വ സംഗീതവും സിനിമക്കൊരു മുതൽക്കൂട്ടായിരുന്നു. തിയേറ്ററിൽ വലിയ വിജയം നേടിയില്ലെങ്കിലും പത്മരാജന്‍റെ അവസാനചിത്രത്തിന് പുതുതലമുറയിലും ആരാധകർ ഏറെയാണ്.

Last Updated : May 23, 2021, 11:56 AM IST

ABOUT THE AUTHOR

...view details