ബ്ലാക്ക് പാന്തർ എന്ന മാർവെൽ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്‌ടിച്ച നടൻ ചാഡ്‌വിക് ബോസ്‌മാന്‍റെ നഷ്‌ടം സിനിമാലോകം ഞെട്ടലോടെയാണ് ഉൾക്കൊള്ളുന്നത്. 42, ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ, ബ്ലാക്ക് പാന്തർ ചിത്രങ്ങളിലൂടെ സൂപ്പർഹീറോയായും ബോസ്‌മാൻ വളർന്നു. താരത്തിന്‍റെ വിയോഗത്തിൽ നിരവധി ഹോളിവുഡ് പ്രമുഖരും രാഷ്‌ട്രീയനേതാക്കളും ബോളിവുഡ് താരങ്ങളും മലയാളസിനിമാ താരങ്ങളും അനുശോചനം അറിയിച്ചു.
എഴുത്തുകാരനും നടനുമായ ആന്‍റണി മോണ്ട്ഗോമറി ബോസ്‌മാന്‍റെ മരണവാർത്തയിലെ ഞെട്ടലും വേദനയും പങ്കുവെച്ചു.
താൻ പരിചയപ്പെട്ടതിൽ ഏറ്റവും മാന്യനും സത്വവുമുള്ള വ്യക്തിയുടെ നഷ്‌ടമെന്ന് ഡിസ്‌നി ചീഫ് എക്‌സിക്യുട്ടീവ് റോബര്‍ട്ട് ഇഗെര്‍ അനുശോചനം രേഖപ്പെടുത്തി.
"മനുഷ്യൻ. രാജാവ്. ലോകത്തിൽ ഏറ്റവും ദയയും ആഴത്തിലുള്ള ചിന്തയുമുള്ള യഥാർത്ഥ സഹോദരന്മാരിൽ ഒരാൾ. അത്രക്കും കഴിവും വിനീതനുമായ വ്യക്തി. ഇത് ശരിക്കും വലിയ നഷ്‌ടം," എന്നാണ് അമേരിക്കൻ സിനിമാതാരം ഹിൽ ഹാർപ്പർ അനുശോചനക്കുറിപ്പിൽ വ്യക്തമാക്കിയത്.
ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോ ബിഡൻ തലമുറകളെ സ്വാധീനിച്ച കലാകാരനെന്നാണ് ബോസ്‌മാനെ വിശേഷിപ്പിച്ചത്. താരത്തിന്‍റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം കുറിച്ചു.
അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായ കമല ഹാരിസും ചാഡ്‌വിക് ബോസ്‌മാനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അനുശോചനമറിയിച്ചു.
ബ്ലാക്ക് പാന്തർ സിനിമ സമ്മാനിച്ച അനുഭവം പങ്കുവെക്കുന്ന ആരാധകർക്ക് മുന്നിൽ സർപ്രൈസായെത്തി സ്‌നേഹപ്രകടനം കാഴ്‌ചവെക്കുന്ന ബോസ്‌മാന്‍റെ വീഡിയോയാണ് നടൻ ആൻഡി ഒസ്‌ട്രോയ് ട്വിറ്ററിലൂടെ പുറത്തിവിട്ടത്.