സംഗീതജ്ഞർക്ക് അവരുടെ പ്രിയപ്പെട്ട ഗായകനെ വേർപിരിഞ്ഞ വേദന, ആസ്വാദകർക്ക് മാന്ത്രികതയുടെ അനുഭവം നഷ്‌ടപ്പെട്ട ദുഃഖം, സഹപ്രവർത്തകർക്ക് ഇനിയും നികത്താനാവാത്ത വിടവ്... 2020 സെപ്റ്റംബര്‍ 25, വെള്ളിയാഴ്‌ച... പ്രകൃതിയുടെ ശബ്‌ദം പോലും നിശ്ചലമായി എസ്‌പിബി എന്ന അതികായന്‍റെ വിടവാങ്ങലിൽ മൗനം പൂണ്ടു.
ഭാഷാന്തരമില്ലാതെ ആസ്വാദനലോകം അനുഭവിച്ചറിഞ്ഞ അൻപത് വർഷങ്ങൾ... ഇനിയും ആർക്കും നേടിയെടുക്കാനാവാത്ത പെരുമയും പ്രാഗത്ഭ്യവും എസ്‌പിബി കീഴടക്കിയപ്പോൾ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയെന്ന ഗിന്നസ് റെക്കോഡും അദ്ദേഹത്തിന് സ്വന്തം.
സകലകലാവല്ലഭനായിരുന്നു എസ്.പി ബാലസുബ്രഹ്മണ്യം... സിനിമ പിന്നണി ഗായകനായി മാത്രമല്ല, തിരശ്ശീലയ്‌ക്ക് മുന്നിലും കൂടാതെ പിന്നിൽ കഥാപാത്രങ്ങളുടെ ശബ്‌ദമായും അദ്ദേഹം ആസ്വദിപ്പിച്ചുകൊണ്ടേയിരുന്നു. സംഗീത സംവിധായകൻ, സിനിമാ നിർമാതാവ് തുടങ്ങി എസ്.പി ബാലസുബ്രഹ്മണ്യം കൈവക്കാത്ത ഭാഗങ്ങളില്ല സിനിമകളിൽ.
16 ഭാഷകളിലായി നാല്‍പ്പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകൾക്ക് അഭിഭാജ്യമായിരുന്ന ഗായകൻ പ്രതിവർഷം ശരാശരി 930 പാട്ടുകളാണ് പാടിയിട്ടുള്ളത്. ശരിക്കും പറഞ്ഞാൽ ദിവസേന മൂന്ന് ഗാനങ്ങൾ എസ്‌പിബിയിലൂടെ പിറന്നു. കന്നഡ സംഗീത സംവിധായകൻ ഉപേന്ദ്ര കുമാറിനായി 12 മണിക്കൂറിനുള്ളിൽ അദ്ദേഹം പാടിയ പാട്ടുകൾ അക്ഷരാർഥത്തിൽ അസാധ്യമെന്ന് തോന്നും. 21 ഗാനങ്ങളാണ് അന്ന് 720 മിനിറ്റുകളിൽ സംഗീതമാന്ത്രികൻ ആലപിച്ചത്.
തമിഴിൽ ഒരു ദിവസത്തിൽ 19 ഗാനങ്ങളും ഹിന്ദിയിൽ 16 ഗാനങ്ങളും പാടി റെക്കോഡുകളിൽ റെക്കോഡ് സൃഷ്‌ടിക്കുകയായിരുന്നു എസ്.പി ബാലസുബ്രഹ്മണ്യം. സംഗീതമാണ് ഭാഷ എന്ന് ജീവിതം കൊണ്ട് തെളിയിച്ച ദൈവീകസ്വരം കിലുക്കം, അനശ്വരം, ഗാന്ധർവ്വം, സുഖം സുഖകരം, മുന്നേറ്റം, തുഷാരം, രാംജി റാവു സ്‌പീക്കിങ്, സിഐഡി മൂസ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളത്തിലും എത്തിയിരുന്നു.
1946 ജൂൺ നാലിന് ആന്ധ്രാപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ടയിലാണ് എസ്.പി ബാലസുബ്രഹ്മണ്യം ജനിച്ചത്. ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്നാണ് മുഴുവൻ പേര്. അച്ഛന്‍റെ ആഗ്രഹ പ്രകാരം അനന്തപൂരിലെ ഒരു എൻജിനീയറിങ് കോളജിൽ പഠനമാരംഭിച്ചു. എന്നാൽ ടൈഫോയിഡ് പിടിപെട്ടതിനെ തുടർന്ന് അവിടെത്തെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പിന്നീട്, ചെന്നൈയിലെ ഇൻസ്റ്റിട്ട്യൂഷൻ ഓഫ് എൻജിനിയേഴ്‌സിൽ ചേർന്നു. അവിടെ നിന്നും സംഗീതത്തിന്‍റെ വഴി തെരഞ്ഞെടുത്തതോടെ എസ്‌പിബി പഠനം ഉപേക്ഷിച്ചു.
ചലച്ചിത്ര പിന്നണി ഗായകനാകുന്നതിന് മുമ്പ് എസ്‌പിബി ഒരു ഗാനമേള ട്രൂപ്പിൽ അംഗമായിരുന്നു. ശേഷം സിനിമയിലേക്ക്... 1966ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തിൽ ആദ്യമായി ഗാനാലാപനം. പിന്നീട് ഭാഷകളുടെ അതിർവരമ്പുകൾ ഭേദിച്ച് പാടിവച്ച പാട്ടുകളെല്ലാം ഹിറ്റ്. മെലഡിയും തട്ടുപൊളിപ്പൻ പാട്ടുകളും അനായാസം വഴങ്ങുന്ന ഹൃദ്യമായ ശബ്‌ദത്തെ കൈവിടാൻ ഒരു ഭാഷയും തയ്യാറായിരുന്നില്ല എന്ന് വേണം പറയാൻ.