എല്ലാ വിഭാഗീയതകള്‍ക്കുമപ്പുറം മലയാളികളെ ഒന്നിച്ച് നിര്‍ത്തുന്ന സ്വര്‍ണ്ണനൂലിഴയാണ് പദ്മവിഭൂഷണ്‍ ജേതാവ് ഡോ.കെ.ജെ യേശുദാസ്. ആ ശബ്ദത്തെയും അതിന്‍റെ ഉടമയെയും സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യാത്തവര്‍ വിരളമാണ്. മാധുര്യവും ഗാംഭീര്യവും ഇഴചേര്‍ന്ന സ്വരം. കാലത്തെ അതിജീവിച്ച് നില്‍ക്കുന്ന ആലാപന സൗകുമാര്യം. എണ്‍പതിന്‍റെ പടിവാതിലിലും സ്വരഭംഗിക്ക് തെല്ലും ഉടവ് വന്നിട്ടില്ല. ആറ് പതിറ്റാണ്ട് പിന്നിട്ട സംഗീത സപര്യയിലൂടെ മലയാളത്തിന്‍റെ മഹാപ്രതിഭാസത്തിന് ലഭിച്ചത് എട്ട് ദേശീയ പുരസ്കാരങ്ങളാണ്. ഏറ്റവുമധികം തവണ ദേശീയ പുരസ്‌കാരം നേടിയ ഗായകനും യേശുദാസാണ്. മലയാളത്തില്‍ ആറ് തവണയും ഹിന്ദിയിലും തെലുങ്കിലും ഓരോ തവണയും.
1972ല്‍ പുറത്തിറങ്ങിയ കെ.എസ് സേതുമാധവന്‍റെ 'അച്ഛനും ബാപ്പയും' എന്ന ചിത്രത്തിലെ 'മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു' കേരളത്തില്‍ ഏറ്റവും ജനപ്രീതി നേടിയ പാട്ടുകളിലൊന്നാണ്. വയലാര്‍ രാമവര്‍മ രചിച്ച് ജി.ദേവരാജന്‍ സംഗീതം നല്‍കിയ ഈ ഗാനത്തിനാണ് യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്.
1973ല്‍ പി.എന്‍ മേനോന്‍ സംവിധാനം ചെയ്ത ഗായത്രി എന്ന ചിത്രത്തിലെ വയലാര്‍-ദേവരാജന്‍ ടീമിന്‍റെ 'പത്മതീര്‍ത്ഥമേ ഉണരൂ' എന്ന പാട്ടിനായിരുന്നു രണ്ടാമത്തെ ദേശീയ പുരസ്‌കാരം.
1976ല്‍ ബസു ചാറ്റര്‍ജി സംവിധാനം ചെയ്ത ചിറ്റ്‌ചോര്‍ എന്ന ഹിന്ദി സിനിമയില്‍ രവീന്ദ്ര ജയിന്‍ സംഗീതവും ഗാനരചനയും നിര്‍വഹിച്ച 'ജബ് ദീപ് ജലേ ആനാ', 'ഗോരി തേരാ ഗാവ് ബഡാ പ്യാരാ' എന്നീ ഗാനങ്ങളിലൂടെ ദേശീയ പുരസ്കാരം യേശുദാസിനെ തേടിയെത്തി. കാഴ്ച കിട്ടിയാല്‍ ആദ്യം കാണാന്‍ ആഗ്രഹിക്കുന്നത് യേശുദാസിനെയാണെന്ന് രവീന്ദ്ര ജയിന്‍ പറഞ്ഞത് ശ്രദ്ധേയമായിരുന്നു.