സകലകലാവല്ലഭൻ, അസാധ്യമായതൊന്നുമില്ലെന്നത് എസ്.പി.ബിയുടെ വിജയം വിളിച്ചുപറയുന്നു. ഗായകനായും സംഗീത സംവിധായകനായും രജനികാന്ത്, കമൽ ഹാസൻ, സൽമാൻ ഖാൻ, അനിൽ കപൂർ, ജമിനി ഗണേശൻ, അർജുൻ, ഗിരീഷ് കർണാട് തുടങ്ങി പ്രമുഖ താരങ്ങളുടെ ശബ്‌ദമായും എസ്.പി. ബാലസുബ്രഹ്മണ്യം പല ഭാഷകളിലും പ്രതിഭ തെളിയിച്ചു. ഇതിഹാസകലാകാരന്‍റെ വിജയചരിത്രങ്ങൾ ഇതിൽ മാത്രമൊതുങ്ങുന്നില്ല. അഭ്രപാളിക്ക് മുൻപിലും എത്രയോ വെട്ടം പ്രേക്ഷകൻ എസ്.പി.ബിയെ കണ്ടിരിക്കുന്നു. അച്ഛനായും മാജിക് മുത്തശ്ശനായും ഡോക്‌ടറായും പൊലീസുകാരനായും അതിഥി വേഷങ്ങളിലും തമിഴിലും തെലുങ്കിലും കന്നഡയിലും അദ്ദേഹം തകർത്തഭിനയിച്ചു. അങ്ങനെ ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ഇന്ത്യൻ ഗായകനെന്ന ബഹുമതിയും എസ്‌പിബിക്ക് സ്വന്തം. കൂടാതെ, സിനിമയിലെ ഗാനരംഗങ്ങളിൽ എസ്.പി ബാലസുബ്രഹ്മണ്യമായി പ്രത്യക്ഷപ്പെട്ട് അഭിനയകലയോടുള്ള അഭിനിവേശത്തെ അയാൾ പരിപോഷിപ്പിച്ചുകൊണ്ടുമിരുന്നു. 72 സിനിമകളിലാണ് എസ്.പി.ബി അഭിനയിച്ചിട്ടുള്ളത്.
സിനിമയുടെ മിക്ക മേഖലകളിലും തന്‍റെ സാന്നിധ്യമറിയിക്കാൻ അതുല്യനായ ആ കലാകാരനുള്ളിലെ സാഹസികത പരിശ്രമിച്ചിട്ടുണ്ട്. സിനിമ കൂടാതെ, തമിഴിലും തെലുങ്കിലുമായി ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചു.