മലയാളത്തിന്‍റെ ചിരി, എന്നാൽ ഹാസ്യ താരമെന്നതിലുപരി മികച്ചൊരു നടനായ മാളാ അരവിന്ദന്‍റെ 80-ാം ജന്മദിനമാണിന്ന്. ശുദ്ധഹാസ്യത്തിന്‍റെ നേർമുഖമായ മാള എന്ന് മലയാളികൾ സ്‌നേഹപൂർവ്വം വിളിക്കുന്ന കലാകാരൻ 1940 ജനുവരി 15ന് എറണാകുളം ജില്ലയിലെ വടവുകോട് ജനിച്ചു. താനാട്ട് അയ്യപ്പന്‍റെയും പൊന്നമ്മയുടെയും മകനായ അരവിന്ദൻ നാടകങ്ങളില്‍ തബലിസ്റ്റായാണ് കലയിൽ തുടക്കം കുറിച്ചത്. പിന്നീട് അദ്ദേഹം നാടകങ്ങളിലൂടെ അഭിനയത്തിലേക്കും തിരിഞ്ഞു.
15വര്‍ഷം നീണ്ട നാടക അഭിനയത്തിന് ശേഷം 'തളിരുകൾ' എന്ന ചിത്രത്തിലൂടെ മാള സിനിമയിലേക്ക് കടന്നുവന്നു. എന്നാൽ 1968ൽ ഡോ. ബാലകൃഷ്ണന്‍ സംവിധാനം ചെയ്‌ത സിന്ദൂരമാണ് ആദ്യം തിയേറ്ററിലെത്തിയത്. തരികിട കഥാപാത്രങ്ങളിലും ഗുണ്ടായിസത്തിലും നർമം കലർത്തി തന്‍റേതായ ശൈലി പരീക്ഷിച്ച ഈ അതുല്യ പ്രതിഭ മലയാളത്തിൽ 40 വർഷം കൊണ്ട് 650ലേറെ സിനിമകളിൽ അഭിനയിച്ചു. എസ്.പി.പിള്ള, അടൂര്‍ഭാസി, ബഹദൂര്‍ ത്രയത്തിന് ശേഷം മലയാള സിനിമയുടെ അടുത്ത കാലഘട്ടത്തിലെ ഹാസ്യസാമ്രാട്ടുകളിലൊരാളായി ജഗതിക്കും പപ്പുവിനുമൊപ്പം മാളാ അരവിന്ദന്‍റെ പേരും ചേർക്കപ്പെട്ടു.