2020 ജൂൺ 18... പറയാനൊരുപാട് കഥകൾ ബാക്കിവച്ച് സച്ചി വിടവാങ്ങി. തിരക്കഥാകൃത്തും സംവിധായകനുമായി മലയാളസിനിമയിൽ പ്രാഗത്ഭ്യം തെളിയിച്ച സച്ചി സ്വന്തമായി ഒരു സിനിമ നിർമിക്കണമെന്ന് തീരുമാനിച്ചിരുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്.
മലയാളത്തിൽ മഴയായി പ്രണയം പെയ്‌തിറങ്ങിയ തൂവാനത്തുമ്പികൾ എന്ന പത്‌മരാജൻ ചിത്രവും പുനസൃഷ്‌ടിക്കാൻ സച്ചിക്ക് ആഗ്രഹമുണ്ടായിരുന്നു. മോഹൻലാലിനെയും സുമലതയെയും പാർവതിയെയും മുഖ്യകഥാപാത്രങ്ങളാക്കി പത്മരാജൻ ഒരുക്കിയ ക്ലാസിക് ചിത്രത്തിന്‍റെ വലിയൊരു ആരാധകനായിരുന്നു സച്ചിയെന്ന് ഭാര്യ സിജി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എന്നാൽ, ജയകൃഷ്ണനായും ക്ലാരയായും രാധയായും ആരെയൊക്കെയാണ് സച്ചി മനസിൽ കണ്ടിരുന്നതെന്ന് വ്യക്തമല്ല. തൂവാനത്തുമ്പികൾ റീമേക്ക് ചെയ്യണമെന്ന ആഗ്രഹം പൃഥ്വിരാജുമായി സംവിധായകൻ പങ്കുവച്ചിരുന്നു. സിനിമ ചെയ്യാമെന്ന് പൃഥ്വിരാജ് മറുപടി നൽകിയിരുന്നുവെന്നും സിജി പറഞ്ഞു.